- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യവിഭവങ്ങളുടെ കയറ്റുമതി: ഉയർന്നഗുണനിലവാരം ഉറപ്പാക്കണമെന്ന് വ്യാപാരികളോട് ദേശീയ സീഫുഡ് എക്സ്പോർട്ടർസ് അസോസിയേഷൻ പ്രസിഡന്റ്
കൊച്ചി, ജൂൺ 7, 2023: മീനും മീനുൽപന്നങ്ങളും കയറ്റുമതി ചെയ്യുന്ന വ്യാപാരികൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഉന്നത ഗുണനിലവാരം ഉറപ്പാക്കണമെന്ന് ദേശീയ സീഫുഡ് എക്സ്പോർട്ടർസ് അസോസിയേഷൻ പ്രസിഡന്റ് ജഗദിഷ് ഫൊഫാൻഡി പറഞ്ഞു. ഭക്ഷ്യസുരക്ഷയെ കുറിച്ചുള്ള ഇന്ത്യൻ കാഴ്ചപ്പാട് എന്ന വിഷയത്തിൽ കൊച്ചിയിൽ ഐസിഎആർ- സിഫ്റ്റ് (ICAR-CIFT) നടത്തിയ ദേശീയ സാങ്കേതിക ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്തർദേശീയ വിപണിയിൽ മാത്രമല്ല, ആഭ്യന്തര വിപണിയിലും നിർദിഷ്ട ഗുണനിലവാരം കാത്തുസൂക്ഷിക്കണമെന്ന് ജഗദിഷ് ഫൊഫാൻഡി ആവശ്യപ്പെട്ടു. ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണം ജനങ്ങൾക്ക് എത്തിക്കുന്നതിൽ എല്ലാവർക്കും തുല്യ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ജൂൺ 7, ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്ന ഘട്ടത്തിൽ ഈ ശില്പശാല സംഘടിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഐസിഎആർ-സിഫ്റ്റിന്റെ ഡയറക്ടർ ഡോ. ജോർജ് നൈനാൻ പറഞ്ഞു. ''ഭക്ഷ്യ ഗുണനിലവാരം ജീവൻ രക്ഷിക്കും'' എന്നതാണ് ഈ വർഷത്തെ പ്രമേയം.ഇക്കാര്യത്തിൽ പൊതുജനങ്ങളെ കൂടുതൽ ബോധവത്കരിക്കാൻ കൂടിയാണ് ഈ ശിൽപശാല സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കയറ്റുമതി ഉന്നംവെച്ച് കൊണ്ടുള്ള മത്സ്യസംസ്‌കരണ സ്ഥാപനങ്ങളിൽ വൃത്തിയും ഗുണനിലവാരവും ഉറപ്പാക്കാനായി ബയോസെക്യൂരിറ്റി സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായി ഇന്ത്യൻ സീഫുഡ് എക്സ്പോർട്ടർസ് അസോസിയേഷൻ പ്രാദേശിക പ്രസിഡന്റ് അലക്സ് കെ നൈനാൻ വ്യക്തമാക്കി.
സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്നോളജിസ്റ്റ്സ് ഇൻ ഇന്ത്യ (SOFTI), ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (FSSAI), അസോസിയേഷൻ ഓഫ് ഒഫീഷ്യൽ അനലിറ്റികൾ കെമിസ്റ്റ്സിന്റെ (AOAC) ഇന്ത്യൻ വിഭാഗം എന്നിവയുടെയും ആഭിമുഖ്യത്തിലാണ് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ശില്പശാല സംഘടിപ്പിക്കുന്നത്. ഭക്ഷണപദാർത്ഥങ്ങൾ കേടുവരാതെ സൂക്ഷിക്കുന്ന പ്രിസർവേഷൻ, കൂടുതൽ പോഷകങ്ങൾ ഉൾപ്പെടുത്തുന്ന ഫോർട്ടിഫിക്കേഷൻ, ഗുണനിലവാരം മെച്ചപ്പെടുത്തുന്ന വാല്യൂ അഡീഷൻ എന്നീ വിഷയങ്ങൾ ചർച്ചയാകും. ഒപ്പം പുതുതായി രംഗത്ത് വരുന്ന ഭക്ഷണപദാർത്ഥങ്ങൾ, ന്യുട്രാസ്യൂട്ടിക്കൽസ് എന്നിവയും ചർച്ചയാകും. പ്രധാനമായും ഭക്ഷ്യസുരക്ഷയിൽ വരുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാം എന്നതിലായിരിക്കും കൂടുതൽ ഊന്നൽ നൽകുക. ഭക്ഷ്യസുരക്ഷാ രംഗത്തെ പ്രമുഖർ നയിക്കുന്ന പ്ലീനറി സെഷനും സ്‌പോൺസർമാർ നയിക്കുന്ന ടെക്നിക്കൽ സെഷനുമാണ് പ്രധാന ആകർഷണങ്ങൾ. ഇന്ത്യക്കകത്ത് നിന്നും പുറത്തുനിന്നുമുള്ള നാനൂറോളം ശാസ്ത്രജ്ഞർ, വിഷയവിദഗ്ദ്ധർ, നയനിർമ്മാതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കുന്നുണ്ട്.
ഐസിഎആർ-സിഫ്റ്റ് പ്രിൻസിപ്പൽ സയന്റിസ്റ്റും ക്വാളിറ്റി അഷ്വറൻസ് വിഭാഗം മേധാവിയുമായ (താത്കാലികം) ഡോ. ഫെമീന ഹസൻ, ഐസിഎആർ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഫിഷറീസ്) ഡോ. കെ, ഗോപകുമാർ, കൊച്ചിയിലെ എക്സ്പോർട്ട് ഇൻസ്‌പെക്ഷൻ ഏജൻസി ജോയിന്റ് ഡയറക്ടർ രവി ശങ്കർ,ഐസിഎആർ-സിഫ്റ്റ് പ്രിൻസിപ്പൽ സയന്റിസ്റ്റും സോഫ്റ്റി വൈസ് പ്രെസിഡന്റുമായ ഡോ. ടിവി ശങ്കർ, എന്നിവർ ഉദ്ഘാടന വേദിയിൽ സംസാരിച്ചു. ഒരേസമയം ഓൺലൈനായും ഓഫ്ലൈനായും നടക്കുന്ന ശില്പശാല നാളെ (വ്യാഴം) സമാപിക്കും.
ലോകത്ത് ഏറ്റവും കൂടുതൽ മത്സ്യ കയറ്റുമതി രംഗത്ത് ചെയ്യുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ കൂടാതെ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ചെമ്മീൻ കയറ്റുമതി ചെയ്യുന്നതും ഇന്ത്യയിൽ നിന്നാണ്.