- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എമർജൻസ് 2023: ആസ്റ്റർ അത്യാഹിത ചികിത്സ അന്താരാഷ്ട്ര സമ്മേളനം ജൂൺ 16 മുതൽ കൊച്ചിയിൽ
തിരുവനന്തപുരം ജൂൺ 10, 2023: ആസ്റ്റർ മെഡ്സിറ്റി സംഘടിപ്പിക്കുന്ന അത്യാഹിത ചികിത്സ അന്താരാഷ്ട്ര സമ്മേളനത്തിന്റെ രണ്ടാം പതിപ്പ് ജൂൺ 16 മുതൽ 18 വരെ കൊച്ചിയിൽ നടക്കും. കൊച്ചിയിലെ നിഹാര റിസോർട്ടാണ് സമ്മേളനത്തിന് വേദിയാകുന്നത്. സമ്മേളനം മഹാരാഷ്ട്രയിൽ നിന്നുള്ള മാഗ്സസെയ് അവാർഡ് ജേതാവ്, പത്മശ്രീ ഡോ. പ്രകാശ് ബാബ ആംതെ ഉദ്ഘാടനം ചെയ്യും. ദൗത്യനിർവഹണത്തിനിടയിൽ രോഗിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിനെ യോഗം അനുസ്മരിക്കും. ഇന്ത്യയിലെ മുഴുവൻ ആരോഗ്യപ്രവർത്തകരോടുമുള്ള ഐക്യദാർഢ്യത്തിന്റെ വേദി കൂടിയായിരിക്കും സമ്മേളനം.
അത്യാഹിത ചികിത്സയെ കുറിച്ചുള്ള അറിവുകൾ ബലപ്പെടുത്തുന്നതിലായിരിക്കും ഇത്തവണത്തെ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിനായി ഓരോ രോഗിയിലും കാണുന്ന വ്യത്യസ്ത ലക്ഷണങ്ങളെ അടിസ്ഥാനമാക്കി (രോഗനിദാനശാസ്ത്രം), യഥാർത്ഥ കേസുകൾ ആസ്പദമാക്കിയുള്ള ചർച്ചകൾ നടക്കും. ഇന്ത്യക്കകത്തു നിന്നും പുറത്തുനിന്നുമുള്ള പ്രഗത്ഭ ഡോക്ടർമാർ അവരുടെ അത്യാഹിത വിഭാഗത്തിലെ അവരുടെ അനുഭവങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കും. അത്യാഹിത ചികിത്സാവിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ (ഇഡി, ഐസിയു തുടങ്ങിയവ) നടത്തുന്നവർക്കും ഈ ത്രിദിന സമ്മേളനം ഏറെ പ്രയോജനപ്പെടും. ഒപ്പം വിവിധതരം മത്സരങ്ങൾക്കും സംവാദങ്ങൾക്കും പ്രഗത്ഭരുടെ വിഷയാവതരണങ്ങൾക്കും സമ്മേളനം സാക്ഷിയാകും.
ലോകമെമ്പാടുമുള്ള അത്യാഹിത ചികിത്സാസംവിധാനങ്ങളെ കൂടുതൽ വികസിപ്പിക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമാണ് എമർജെൻസ്-2023 എന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലെ അത്യാഹിത വിഭാഗം ലീഡ് കൺസൽട്ടന്റ് ഡോ. ജോൺസൻ കെ വർഗീസ് പറഞ്ഞു. ആരോഗ്യരംഗത്തെ പ്രഗത്ഭരായ പ്രൊഫഷണലുകൾക്ക് ഒരുമിച്ച് കൂടാനും പുതിയ കാര്യങ്ങൾ പഠിക്കാനും മേഖലയിൽ പുതിയ സംഭാവനകൾ അവതരിപ്പിക്കാനുമുള്ള വേദിയായിരിക്കും ഈ സമ്മേളനം. അടിയന്തിര ചികിത്സാ രംഗത്തെ പുതിയ മാറ്റങ്ങൾക്ക് കൂടുതൽ ഊർജം നൽകണം. എങ്കിൽ ഒരുപാടാളുകളുടെ ജീവൻ രക്ഷിക്കാൻ കഴിയും.
ചെറുപ്പക്കാരായ ഡോക്ടർമാർക്കും നഴ്സുമാർക്കും ഈ സമ്മേളനവും അതിനോടനുബന്ധിച്ചുള്ള ശില്പശാലയും മികച്ച ഒരവസരമായിരിക്കുമെന്നും നൂതന ചികിത്സാശാഖകളായ മറൈൻ മെഡിസിൻ, വിൽഡർനസ് മെഡിസിൻ, എയ്‌റോമെഡിക്കൽ ട്രാൻസ്ഫർ, ടെലിമെഡിസിൻ, എന്നിവയ്ക്കും സ്റ്റാർട്ടപ്പുകൾക്കും നിരവധി അവസരങ്ങൾ സമ്മേളനം തുറന്നുകൊടുക്കുമെന്നും കോഴിക്കോട് ആസ്റ്റർ മിംസിലെ എമർജൻസി ചികിത്സാവിഭാഗം ഡയറക്ടർ ഡോ. വേണുഗോപാലൻ പിപി പറഞ്ഞു.
എംബിബിഎസ്, നേഴ്‌സിങ് കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് ജോലിസാധ്യതകൾ കണ്ടെത്താനുള്ള അവസരമായും കോൺക്ലേവ് പ്രയോജനപ്പെടുത്താം, അദ്ദേഹം കൂട്ടിച്ചേർത്തു.
പത്മശ്രീ ഡോ. പ്രകാശ് ആംതെക്ക് പുറമെ, ഇ.എം. സൊനോളജി ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ഡോക്ടർ കീയ്ത് ബോണഫീസ് (യുഎസ്എ), വിൽഡർനസ് മെഡിസിൻ വിദഗ്ധൻ കെറി ക്രൈഡൽ (യുഎസ്എ), ടെലിമെഡിസിൻ സിഇഒ ഡോ. സുനിൽ ബുധ്രാണി (യുഎസ്എ), ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (SRIHER) സർവകലാശാലയിൽ നിന്നുള്ള ഡോ. ടിവി രാമകൃഷൻ, അപ്പോളോ ഹോസ്പിറ്റൽസിലെ ഡോ. ധവപളനി, ക്ലൗഡ് ഫിസിഷ്യൻ സ്ഥാപകൻ ഡോ. ദിലീപ് രാമൻ, ആസ്റ്റർ ഹോസ്പിറ്റൽസ് പ്രതിനിധി ഡോ. വേണുഗോപാലൻ പിപി, യുകെ ഗവൺമെന്റിന്റെ ദുരന്തനിവാരണ ഉപദേശകൻ ഡോ. രാമചന്ദ്രൻ മാധവൻ, എന്നീ പ്രമുഖ വ്യക്തികളും പങ്കെടുക്കും. കാഹോ, പെഡിസ്റ്റാർസ്, ഐസിഎടിടി , ഹമദ് മെഡിക്കൽ കോർപ്പറേഷൻ, ജിഡബ്ലിയു യൂണിവേഴ്‌സിറ്റി,യുഎസ്എ എന്നിവയുടെ സാന്നിധ്യവും ഉണ്ടായിരിക്കും.
സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി ജൂൺ 13 മുതൽ 15 വരെ പന്ത്രണ്ടിലേറെ പ്രീ- കോൺഫറൻസ് ശില്പശാലകളും സംഘടിപ്പിക്കും. ആസ്റ്റർ മെഡ്സിറ്റി, നിഹാര റിസോർട്, മരടിലെ പിഎസ് മിഷൻ ഹോസ്പിറ്റൽ, കോതമംഗലത്തെ എംബിഎംഎം ആശുപത്രി, കൊടുങ്ങല്ലൂരിലെ മോഡേൺ ഹോസ്പിറ്റൽ എന്നിവിടങ്ങളിലായിരിക്കും ശില്പശാലകൾ നടക്കുക. അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കഴിവുകൾ വികസിപ്പിക്കാൻ ഉതകുന്നതായിരിക്കും ഈ ശില്പശാലകൾ.
എൻ.എ.ബി.എച്ച് അംഗീകാരം നേടിയ രാജ്യത്തെ ആദ്യത്തെ അത്യാഹിത ചികിത്സാവിഭാഗമാണ് കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയിലുള്ളത്. ഇസിപിആർ, ഇഡി തോറാകോട്ടമി, വിദൂര ഐഎബിപി കൈമാറ്റം, തുടങ്ങിയ ചികിത്സകൾ ആദ്യമായി വിജയകരമായി പൂർത്തിയാക്കിയതും ഇവിടെയാണ്. അടുത്തിടെ ഇന്ത്യയിലെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി (എആർ) സ്മാർട്ട് ആംബുലൻസും ആസ്റ്റർ മെഡ്സിറ്റി അവതരിപ്പിച്ചു. നിലവിൽ കേരളം, കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ 15 ആശുപത്രികളും ഇരുപതിലേറെ അനുബന്ധ ആശുപത്രികളും അടങ്ങുന്ന ഒരു വലിയ നെറ്റ്‌വർക്ക് ആണ് ആസ്റ്റർ. ഇവിടെയെല്ലാം അത്യാധുനിക അടിയന്തര ചികിത്സാ വിഭാഗങ്ങളും പ്രവർത്തിക്കുന്നു.