പാലാ: സമൂഹത്തിന്റെ പുരോഗതി വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ ആശ്രയിച്ചായിരിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ. ചടങ്ങിൽ അദ്ധ്യാപകരുടെ മക്കളിൽ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ പഠിച്ച് മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ ജോസിൻ ബിനോ അധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി ചേന്നാട്ട്, ഡി ഇ ഒ കെ ബി ശ്രീകല, റെജി സെബാസ്റ്റ്യൻ, സജി തോമസ് എന്നിവർ പ്രസംഗിച്ചു.

പാലാ സെന്റ് തോമസിൽ കോളജ് യൂണിയൻ ഭാരവാഹികളുടെ സംഗമം സംഘടിപ്പിക്കുന്നു

പാലാ: പാലാ സെന്റ് തോമസ് കോളജ് യൂണിയൻ ഭാരവാഹികളായിരുന്നവരുടെ സംഗമം സംഘടിപ്പിക്കുന്നു. 1950-ൽ സ്ഥാപിതമായ പാലാ സെന്റ് തോമസ് കോളജ് സ്ഥാപിത നാൾ മുതലുള്ള തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ ഭാരവാഹികളുടെ സംഗമം ജൂലൈ 8 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കും. സെന്റ് തോമസ് കോളേജ് അലുംനി അസ്സോസിയേഷനാണ് നൂതനവും വ്യത്യസ്തവുമായ സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കുന്ന കോളജിന്റെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുവാൻ സമ്മേളനം സഹായിക്കുമെന്ന് പ്രിൻസിപ്പൽ പ്രൊഫ. ഡോ ജയിംസ് ജോൺ മംഗലത്ത്, അലുംനി അസ്സോസിയേഷൻ പ്രസിഡന്റ് ഡിജോ കാപ്പൻ, സെക്രട്ടറി ഡോ. സാബു ഡി മാത്യു, ട്രഷറർ ഡോ സോജൻ പുല്ലാട്ട് എന്നിവർ പറഞ്ഞു. മുൻവർഷങ്ങളിലെ ചെയർമാൻ, വൈസ് ചെയർമാൻ, ജന.സെക്രട്ടറി, ആർട്‌സ് ക്ലബ് സെക്രട്ടറി, യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാർ, മാഗസിൻ എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചവരോ ഈ പദവികൾ വഹിച്ചിരുന്നവരുടെ മേൽവിലാസമോ ഫോൺ നമ്പരോ അറിയാവുന്നവ പൂർവ്വ വിദ്യാർത്ഥികളോ താഴെപ്പറയുന്ന ഏതെങ്കിലും വാട്‌സാപ്പ് നമ്പറിൽ വിവരങ്ങൾ നൽകണമെന്ന് താല്പര്യപ്പെടുന്നു.ഫോൺ നമ്പർ: 9447043753, 9447288698.