- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനവത്കരണത്തിനായി ഭൂമിയൊരുക്കി പരിസ്ഥിതി സംഘടനകൾ; നാലേക്കർ സ്വകാര്യ ഭൂമി വനംവകുപ്പിന് കൈമാറും
കൊച്ചി, ജൂൺ 15 2023: വനം, പാരിസ്ഥിതിക, മൃഗക്ഷേമ സംഘടനകളായ വോയ്‌സ് ഫോർ ഏഷ്യൻ എലിഫന്റ്സ് സൊസൈറ്റിയും (വി.എഫ്.എ.ഇ.എസ്) നേച്ചർ മേറ്റ്സ് നേച്ചർ ക്ലബ്ബും (എൻ.എം.എൻ.സി) ചേർന്ന് നാലേക്കർ സ്വകാര്യഭൂമി ഏറ്റെടുത്ത് വനവത്കരണത്തിനായി സംസ്ഥാന വനംവകുപ്പിന് കൈമാറും. നിലമ്പൂർ സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ നെടുങ്കയം വനത്തോട് ചേർന്നുള്ള സ്ഥലമാണ് കൈമാറുന്നത്. ഇവിടെ കാട്ടാനകൾക്കുള്ള സുരക്ഷിത വാസസ്ഥലം ഉറപ്പാക്കുകയും മറ്റ് വന്യമൃഗങ്ങൾക്ക് മനുഷ്യരുടെ ശല്യമില്ലാതെ ജീവിക്കാനുള്ള ആവാസവ്യവസ്ഥയ്ക്കുള്ള അവസരവുമൊരുക്കും. ഈ സ്ഥലം നിലമ്പൂർ എലിഫന്റ് റിസർവിന്റെ ഭാഗമാകും.
ഈ മാസം പതിനാറിന് വി.എഫ്.എ.ഇ.എസും എൻ.എം.എൻ.സിയും ഇതിനുള്ള അപേക്ഷ നൽകും. കേരള വനനിയമം 1961 അനുസരിച്ചാണ് നീക്കം. വനനശീകരണം സംഭവിച്ചയിടങ്ങളിൽ സ്വാഭാവികമായ പ്രകൃതി പരിസ്ഥിതികൾ വീണ്ടെടുത്ത് വനം പുനഃസ്ഥാപിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുമായി ഒത്തുപോകുന്നതാണ് വി.എഫ്.എ.ഇ.എസും എൻ.എം.എൻ.സിയും മുന്നോട്ട് വെക്കുന്ന ആശയം. കാലാകാലങ്ങളായി കാട്ടാനകൾ സഞ്ചരിച്ചിരുന്ന കാട്ടുവഴികൾ ഇല്ലാതായ സാഹചര്യത്തിൽ ഭൂമി സ്വാഭാവിക വനത്തിന് വിട്ടുനൽകാനുള്ള ഈ നീക്കം വളരെ പ്രസക്തമാണ്. വന്യമൃഗങ്ങളുടെ സ്വാഭാവികമായ സഞ്ചാര ഇടനാഴികൾ ഇല്ലാതായതുകൊണ്ടുകൂടിയാണ് ജനവാസ മേഖലകളിൽ അവയുടെ സാന്നിധ്യവും ആക്രമണവും കൂടിവരുന്നത്.
ആഹാരവും വെള്ളവും തേടി കാട്ടാനകൾ ഏറെ ദൂരം സഞ്ചരിക്കാറുണ്ട്. പലപ്പോഴും കൃഷിയിടങ്ങളിലും മനുഷ്യർ താമസിക്കുന്ന വീടുകൾക്കരികിലുമൊക്കെയാണ് ഭക്ഷണം തേടിയുള്ള ഈ യാത്ര മൃഗങ്ങളെ കൊണ്ടുവന്നെത്തിക്കുന്നത്. ഇത് സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിനും സുരക്ഷയ്ക്കും ഭീഷണിയാകാറുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇതിനോടകം കേരളത്തിൽ നിരവധി സാധാരണക്കാരുടെ ജീവനും നഷ്ടമായി. ഇതിനെല്ലാം പരിഹാരമാകണമെങ്കിൽ കാടിനോട് ചേർന്ന് താമസിക്കുന്നവരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ഭൂമി ഏറ്റെടുത്ത് വനവത്കരണത്തിന് വിട്ടുകൊടുക്കുകയും വേണം.
വി.എഫ്.എ.ഇ.എസിന്റെ ഈ ശ്രമങ്ങൾക്ക് പിന്തുണയുമായി കൂടെ നിൽക്കുന്നതിൽ സംസ്ഥാന സർക്കാരിനോടുള്ള നന്ദി ബോർഡ് അംഗങ്ങൾ അറിയിച്ചു. തുടക്കം മുതൽ എല്ലാ പിന്തുണയുമായി വനംവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഐ.എ.എസും കൂടെയുണ്ടായിരുന്നു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രകൃതി ശ്രീവാസ്തവ ഐ.ഫ്.എസ്,പാലക്കാട് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്. കെ. വിജയാനന്തൻ ഐ.എഫ്.എസ്, നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ. പ്രവീൺ എന്നിവരും പിന്തുണ നൽകി.
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിന് ഈ ഭൂമികൈമാറ്റം സഹായിക്കുമെന്ന് കരുതുന്നതായി വോയ്‌സ് ഫോർ ഏഷ്യൻ എലിഫെന്റ്സ് സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സംഗീത അയ്യർ പറഞ്ഞു. കാട്ടാനകളുടെ സഞ്ചാരപാത വീണ്ടെടുക്കുന്നതിന് ആവശ്യകത ജനങ്ങളെ മനസ്സിലാക്കുന്നതിന് ഈ ശ്രമം സഹായിക്കുമെന്നും സംഗീത അയ്യർ പ്രത്യാശ പ്രകടിപ്പിച്ചു.
വി.എഫ്.എ.ഇ.എസും എൻ.എം.എൻ.സിയും ചേർന്ന് നടത്തുന്ന മാതൃകാപരമായ ഈ ദൗത്യത്തിൽ ശ്രീമതി പ്രകൃതി ശ്രീവാസ്തവ ഐഎഫ്എസ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്,കൃതജ്ഞത രേഖപ്പെടുത്തി. ഒപ്പം, വനവും വന്യജീവികളെയും സംരക്ഷിക്കുന്നതിൽ ഇത്തരത്തിലുള്ള പങ്കാളിത്തങ്ങളുടെ പ്രസക്തിയും അവർ ചൂണ്ടിക്കാട്ടി. വനഭൂമിയിൽ നിന്ന് ആളുകളെ സ്വമേധയാ ഒഴിഞ്ഞുപോകുന്നത് പ്രോൽസാഹിപ്പിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങൾ ഇനിയും തുടരുമെന്ന് പ്രകൃതി ശ്രീവാസ്തവ വ്യക്തമാക്കി. ഒപ്പം, റീബിൾഡ് കേരള ഡെവലപ്മെന്റ് പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ ജൈവവൈവിധ്യം കൂടുതൽ ശക്തമാക്കുകയും ചെയ്യും. ഭാവിയിൽ വി.എഫ്.എ.ഇ.എസും എൻ.എം.എൻ.സിയുമായി ചേർന്ന് സമാനമായ കൂടുതൽ പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
സംഗീത അയ്യർ, വോയ്‌സ് ഫോർ ഏഷ്യൻ എലിഫെന്റ്സ് സ്ഥാപക & എക്സിക്യൂട്ടീവ് ഡയറക്ടർ,കെ. വിജയാനന്ദൻ ഐഎഫ്എസ്, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പാലക്കാട്,അർജൻ ബസു റോയ്, സെക്രട്ടറി, നേച്ചർ മേറ്റ്സ് നേച്ചർ ക്ലബ്,തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു..