തിരുവനന്തപുരം: ജി20യുടെ ഭാഗമായി കേന്ദ്ര സർക്കാരിന് കീഴിലുള്ള കുടുംബാരോഗ്യ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കോ-ബ്രാൻഡ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾക്ക് ക്ഷണം. പ്രൊഫഷണൽ ജാലവിദ്യക്കാർക്ക് പോലും അവതരിപ്പിക്കാൻ ഏറെ പ്രയാസമുള്ള അതിസങ്കീർണമായ ഹൂഡിനി എസ്‌കേപ്പ് ജാലവിദ്യ അതീവ സൂക്ഷ്മതയോടെയും കൃത്യതയോടെയും കൈയടക്കത്തോടെയും അവതരിപ്പിക്കുന്ന സെറിബ്രൽ പാഴ്സി ബാധിതനായ വിഷ്ണു.ആർ, വയലിൻ തന്ത്രികളിൽ നാദ വിസ്മയം തീർക്കുന്ന ബൗദ്ധിക വെല്ലുവിളി നേരിടുന്ന റുക്സാന അൻവർ എന്നിവരെയാണ് ലോകാരോഗ്യ സംഘടന നോമിനേറ്റ് ചെയ്തത്.

കൗമാരക്കാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുന്നതിനായി ഇന്ത്യയിൽ നടപ്പിലാക്കിയിട്ടുള്ള മികച്ചതും മാതൃകാപരവുമായി പ്രവർത്തങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന മാർക്കറ്റ് പ്ലയിസ് പരിപാടിയിലാണ് ഇവർ പങ്കെടുക്കുന്നത്. 20ന് ഡൽഹിയിൽ ജെ.ഡബ്ലിയു.എ മാരിയേറ്റ് ഹോട്ടലിൽ നടക്കുന്ന ഈവന്റിൽ ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് കുട്ടികളെ സമ്മേളനത്തിൽ അവതരിപ്പിക്കും.

കൗമാരക്കാരായ ഭിന്നശേഷിക്കുട്ടികളുടെ സമഗ്രപുരോഗതിക്കായി ഡിഫറന്റ് ആർട് സെന്റർ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ അധികൃതർ നേരിട്ട് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സമ്മേളനത്തിൽ അവതരിപ്പിക്കാനായി ശുപാർശ ചെയ്തത്. വിവിധ രാജ്യങ്ങളിൽ നിന്നായി 350ഓളം പ്രതിധിനികളാണ് ഈവെന്റിൽ പങ്കെടുക്കുന്നത്.

ഡിഫറന്റ് ആർട് സെന്ററിൽ ഇന്ദ്രജാലം പ്രധാന ബോധനമാധ്യമമായി ഉപയോഗിച്ചുകൊണ്ട് വിജയകരമായി നടപ്പിലാക്കിയ പ്രത്യേക പഠനരീതിയെക്കുറിച്ചും ഇതുമൂലം ഭിന്നശേഷിക്കുട്ടികളിൽ വന്ന മാനസിക-ബൗദ്ധിക തലങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും ഗോപിനാഥ് മുതുകാട് സമ്മേളനത്തിൽ വിശദീകരിക്കും. ഇതിനോടനുബന്ധിച്ച് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കലാപ്രകടങ്ങളുടെ അവതരണവും നടക്കും. ലോകത്താദ്യമായി ഈയൊരു പഠനരീതിയിലൂടെ ഭിന്നശേഷിക്കുട്ടികളിൽ വന്ന മാറ്റത്തെക്കുറിച്ച് ഗവൺമെന്റ് ഏജൻസികളായ ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, ഐക്കൺസ് എന്നിവർ സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിക്കും.