തിരുവനന്തപുരം ഗവണ്മെന്റ് ഡെന്റൽ കോളജ് വിദ്യാർത്ഥികൾക്ക് ആവശ്യമായ ഹോസ്റ്റൽ സൗകര്യം എത്രയും വേഗം ഒരുക്കണമെന്ന് സിറ്റിസൺസ് ഓപ്പൺ ലീഗൽ ഫോറം (കോൾഫ്) അഭ്യർത്ഥിച്ചു. ക്ലാസുകൾ ആരംഭിച്ചിട്ട് മാസങ്ങളായി.

നിലവിൽ ഗവണ്മെന്റ് മെഡിക്കൽ കോളജിന്റെ ഹോസ്റ്റലിലാണ് താത്കാലികമായി ഡെന്റൽ വിദ്യാർത്ഥികൾക്ക് താമസം ഒരുക്കുന്നത്. അവിടെ വിദ്യാർത്ഥികളോടൊപ്പം ഹൗസ് സർജന്മാരെയും താമസിപ്പിക്കേണ്ടതുണ്ട്. മെഡിക്കൽ കോളജ് കോഴ്സിൽ സീറ്റുകൾ വർധിപ്പിച്ചതിനാൽ അവിടെ ഇടമില്ലാതായി. 2019 മുതലാണ് സീറ്റുകൾ വർധിപ്പിച്ചത്. 100 സീറ്റുകൾ 250 ആക്കി. ഡെന്റൽ സീറ്റുകൾ 50-ഉം. മെഡിക്കൽ വിദ്യാർത്ഥികൾക്കും ഹൗസ് സർജന്മാർക്കുമായി തന്നെ ഒരേ സമയം വൻ സംവിധാനമാണ് വേണ്ടത്. അതിനാൽ ഡെന്റൽ വിദ്യാർത്ഥികൾക്കായി പ്രത്യേക സൗകര്യം ഒരുക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾ താമസിക്കാനിടമില്ലാതെ കഷ്ടപ്പെടുകയാണ്. മിക്കവരും ചെലവേറിയ സ്വകാര്യ ഹോംസ്റ്റേകളെ ആശ്രയിക്കാൻ നിർബന്ധിതരായിത്തീരുന്നു. പ്രത്യേകിച്ച് വിദ്യർഥിനികൾ വൻ ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടിവരുന്നത്.

മെഡിക്കൽ ഉന്നതവിദ്യാഭ്യാസ രംഗം കൂടുതൽ മെച്ചപ്പെടണമെങ്കിൽ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ താമസസൗകര്യവും ആരോഗ്യകരമായ മെച്ചപ്പെട്ട ഭക്ഷണവും മുടക്കമില്ലാതെ ലഭ്യമാക്കേണ്ടതുണ്ട്. വർഷങ്ങളായി അതുപോലും അധികൃതർ ന്യായമായി ചെയ്യുന്നില്ലെന്നു കോൾഫ് ആരോപിച്ചു.

കോൾഫ് കൺവീനർ അഡ്വ.വി.മഹേന്ദ്രനാഥ് ഇതുസംബന്ധിച്ച നിവേദനം ആരോഗ്യ മന്ത്രി വീണ ജോർജിനും ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിക്കും സമർപ്പിച്ചു.