- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി ഭീകരതയെ പിടിച്ചു കെട്ടണം: പ്രസാദ് കുരുവിള
കേരള പൊതുസമൂഹത്തിൽ സംഹാരതാണ്ഡവമാടുന്ന ലഹരി ഭീകരതയെ സർവ്വസന്നാഹങ്ങളോടെ പിടിച്ചുകെട്ടണമെന്നും അല്ലാത്തപക്ഷം നമ്മുടെ നാട് മാനസിക രോഗികളുടെയും, ലഹരിമാഫിയകളുടെയും നാടായി മാറുമെന്നും ഇന്ത്യൻ ആന്റി നാർക്കോട്ടിക് മിഷൻ ദേശീയ പ്രസിഡന്റ് പ്രസാദ് കുരുവിള. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26-ന്റെ ഭാഗമായി ഇന്ത്യൻ ആന്റി നാർക്കോട്ടിക് മിഷന്റെയും, ആന്റി കറപ്ഷൻ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ പാലായിലെ കോടതി സമുച്ചയത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തിയും, ലഹരിവിരുദ്ധ പ്രതിജ്ഞയെടുപ്പിച്ചും ലഹരിവിരുദ്ധ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.
സമാനതകളില്ലാത്ത ലഹരിവ്യാപനവും ഉപയോഗവുമാണ് പൊതുസമൂഹം നേരിടുന്ന ഏറ്റവം വലിയ ഭീഷണി. നമ്മുടെ സ്‌കൂൾ കുട്ടികൾ പോലും വാഹകരായി മാറുന്നുവെന്ന റിപ്പോർട്ടുകൾ തമസ്‌കരിച്ചു കളയാൻ പാടില്ല. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പി.റ്റി.എ.കൾ എണ്ണയിട്ട് പ്രവർത്തിക്കുന്ന യന്ത്രംപോലെ ഈ വിപത്തിനെതിരെ ജാഗരൂകരാകണം. ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും ഉണ്ടായില്ലെങ്കിൽ കൊറോണ പകർച്ചവ്യാധിയേക്കാളും വ്യാപിക്കും ഈ മാരകരോഗം. ഇതിനായി സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുസമൂഹമൊന്നാകെ പിന്തുണ നല്കുകയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും വേണം.
പ്രസ്താവനകളിലും പ്രാർത്ഥനകളിലും പ്രഖ്യാപനങ്ങളിലും മാത്രമൊതുങ്ങുന്ന ലഹരിവിരുദ്ധ പ്രവർത്തനമാക്കി ഉൾവലിയുന്ന ശൈലിയാകരുത് ഈ വിപത്തിനെതിരെയുള്ള പ്രവർത്തനം. പരിധിയും പരിമിതികളുമില്ലാത്ത പരിശോധനകളും നടപടികളുമായിരിക്കണം സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകേണ്ടത്. ലഹരി നമ്മുടെ തലമുറയെ കീഴ്പ്പെടുത്തും മുമ്പ് ലഹരിയുടെയും മാഫിയാകളുടെയും വേരറുക്കാൻ കൂട്ടായ പ്രവർത്തനമാണ് അനിവാര്യം.
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ബാബു കെ.ജി., രാജു വലക്കമറ്റം, ബീവി ഫാത്തിമ, ജോയി മേനേച്ചേരിൽ, ആന്റണി മാത്യു, ജോസ് ഫ്രാൻസീസ്, ജോമോൻ ഓടയ്ക്കൽ, അബു മാത്യു കയ്യാലക്കകം, സാബു എബ്രാഹം, ജാൻസ് വയലിക്കുന്നേൽ, ബേബിച്ചൻ മുക്കൂട്ടുതറ, ലക്ഷ്മി രാമചന്ദ്രൻ, അലീന റോസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.