പാലാ: പാലാ നിയോജകമണ്ഡലത്തിൽ മാലിന്യമുക്ത പ്രവർത്തനങ്ങളിൽ മികവുകാട്ടുന്ന തദ്ദേശ സ്ഥാപനത്തിന് സമ്മാനം നൽകുമെന്ന് മാണി സി കാപ്പൻ എംഎ‍ൽഎ. പറഞ്ഞു. പാലാ നിയോജക മണ്ഡലത്തിലെ മാലിന്യമുക്ത നവകേരളം കാമ്പയിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന എംഎ‍ൽഎ അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 100%ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ മാലിന്യ മുക്തകേരളം സാക്ഷാത്കരിക്കാൻ സാധിക്കും.

ഹരിത കർമ്മ സേന പ്രവർത്തനം 100% എത്തിക്കാൻ സാധിക്കണം. നിയോജക മണ്ഡലത്തിലെ പാലാ നഗരസഭ അധ്യക്ഷ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഡെപ്യൂട്ടി ഡയറക്ടർ സിദ്ദിഖ്,ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ബെവിൻ ജോൺ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ്, മാലിന്യമുക്തം നവകേരളം കാമ്പയിൻ കോ-ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇൻ ചാർജ്ജ് പി. അജിത് കുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ശുചിത്വ മിഷൻ-ക്ലീൻ കേരള കമ്പനി ഉദ്യോഗസ്ഥർ, ഹരിതകർമ്മ സേന കൺസോർഷ്യം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


പ്ലസ്ടുവിന് സീറ്റ് വർദ്ധിപ്പിക്കണം: മാണി സി കാപ്പൻ

പാലാ: സംസ്ഥാനത്തെ ഉയർന്ന വിജയശതമാനം നേടിയ പാലാ വിദ്യാഭ്യാസ ജില്ലയിൽ പ്ലസ് ടുവിന് അധിക സീറ്റ് അനുവദിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കു നൽകിയ നിവേദനത്തിൽ മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ആവശ്യമുള്ളത് സെക്കന്റ് ഗ്രൂപ്പാണ്. തൊണ്ണൂറ് ശതമാനത്തിനു മുകളിൽ മാർക്കു വാങ്ങിയവർക്കു പോലും ഈ ഗ്രൂപ്പിൽ അഡ്‌മിഷൻ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കു പഠനത്തിനുള്ള അവസരം നിഷേധിക്കരുതെന്നും മാണി സി കാപ്പൻ അഭ്യർത്ഥിച്ചു. അടുത്ത അലോട്ടുമെന്റിന് ശേഷം സീറ്റ് വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി മാണി സി കാപ്പന് ഉറപ്പ് നൽകി.