തിരുവനന്തപുരം: അനന്തപുരി ചക്ക മഹോൽസവത്തിന് ഇന്ന് പുത്തരിക്കണ്ടം മൈതാനിയിൽ തുടക്കമാകും. സംസ്ഥാന ഫലമായ ചക്കയുടെ പ്രചരണാർത്ഥം സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ)യുടെ നേതൃത്വത്തിൽ ചക്ക കർഷകരുടെയും ചക്ക പ്രേമികളുടെയും കൂട്ടായ്മയും പ്രശസ്ത ചക്ക പ്രചാരകരായ ചക്കക്കൂട്ടവും ചേർന്നാണ് മഹോൽസവം സംഘടിപ്പിച്ചിരിന്നത്. ജൂലൈ ഒമ്പതുവരെ എല്ലാദിവസവും രാവിലെ 11 മുതൽ രാത്രി ഒമ്പതു വരെയാണ് പ്രദർശനം. മേളയിൽ കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെയും ചക്ക വിഭവങ്ങളുടെയും പ്രദർശനവും വിൽപ്പനയുമാണ് ഒരുക്കിയിരിക്കുന്നത്.

തേൻ വരിക്ക, ചെമ്പരത്തി വരിക്ക, നാടൻ വരിക്ക, മുള്ളൻ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വ്യത്യസ്ത വലിപ്പത്തിലും രുചിയിലുമുള്ള ചക്കകൾ ചക്കമഹോൽസവത്തിൽ അണിനിരക്കും. 100ൽപ്പരം രുചിയേറുന്ന ചക്ക വിഭവങ്ങൾ മാത്രമുള്ള ഫുഡ്കോർട്ട് മേളയുടെ മറ്റൊരു പ്രത്യേകതയാണ്. ചക്ക മസാലദോശ, ചക്ക പഴംപൊരി, ചക്ക ബജി, ചക്ക മിക്സ്ചർ, ചക്ക അട, ചക്ക കോട്ടപ്പം, ചക്ക ചിപ്സ്, ചക്ക ഉള്ളിവട, ചക്ക മഞ്ചൂരി, ചക്ക മോതകം, ചക്ക മധുരചില്ലി, ചക്ക കട്ലറ്റ് എന്നിവയുടെ വിൽപ്പനയും പ്രദർശനവുമുണ്ടാകും. ചക്ക കൊണ്ടുണ്ടാക്കിയ കറികളും മേളയിലുണ്ട്. ചക്ക സ്‌ക്വാഷുകൾ, ചക്ക ജാമുകൾ എന്നിവയുടെ വിൽപ്പനയും പാചക പരിശീലനവും പ്രദർശനത്തിലുണ്ട്. കാണാനെത്തുന്നവർക്ക് രുചിയുള്ള ചക്കപ്പഴം സൗജന്യമായി കഴിക്കാനും അവസരമുണ്ട്.

നഗരമാകെ പ്ലാവ് എന്ന ആശയം മുൻനിർത്തി ഓരോ വീട്ടിലും ഒരു പ്ലാവിൻ തൈ നടുക എന്ന ലക്ഷ്യത്തോടെ മുപ്പതിൽപരം വ്യത്യസ്തയിനം പ്ലാവിൻ തൈകൾ കുറഞ്ഞ വിലയ്ക്ക് മേളയിൽ ലഭിക്കും. ജൈവോൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ചക്കവിഭവങ്ങളും മേളയിൽ അണിനിരക്കും.ഇന്ന് രാവിലെ പത്തിന് ഡപ്യൂട്ടി മേയർ പി കെ രാജു ഉദ്ഘാടനം നിർവഹിക്കും. ''നല്ലഭക്ഷണം, നല്ല ആരോഗ്യം, നല്ലജീവിതം, നമുക്കും വരും തലമുറയ്ക്കും'' എന്ന സന്ദേശമുയർത്തിയാണ് ഇക്കുറി മേള സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ ദിവസങ്ങളിലായി മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ, സിനിമാതാരങ്ങൾ എന്നിവർ മേള സന്ദർശിക്കും.