തിരുവനന്തപുരം, ജൂലായ് 1, 2023: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻ കമ്പനിയായ യു.എസ്.ടി., അരുവിക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ സജ്ജീകരിച്ച ഡിജിറ്റൽ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു. രണ്ട് അത്യാധുനിക കമ്പ്യൂട്ടർ ലാബുകളടങ്ങിയതാണ് ഈ ഡിജിറ്റൽ പഠന കേന്ദ്രം. കോർപറേറ്റ് സോഷ്യൽ സ്‌പോൻസിബിലിറ്റി (സി എസ് ആർ) ഫണ്ട് ഉപയോഗിച്ച് കമ്പനിയുടെ തിരുവനന്തപുരം കേന്ദ്രമാണ് ഇത് യാഥാർത്ഥ്യമാക്കിയത്. ഡിജിറ്റൽ പഠന കേന്ദ്രം ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ഐ എ എസ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. യു.എസ്.ടി തിരുവനന്തപുരം കേന്ദ്രത്തിലെ വർക്ക് പ്ലേസ് മാനേജ്മെന്റ് ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ ആശംസകൾ അർപ്പിച്ചു.

സ്‌കൂളിലെ ആയിരത്തിലധികം വരുന്ന വിദ്യാർത്ഥികൾക്ക് ഇത് പ്രയോജനമാകും. സ്‌കൂൾ പ്രിൻസിപ്പൽ റാണി ആർ. ചന്ദ്രൻ, പി.ടി.എ പ്രസിഡന്റ് വി എസ് സജീവ് കുമാർ എന്നിവരുടെ അഭ്യർത്ഥനയെ തുടർന്നാണ് യു.എസ്.ടി തിരുവനന്തപുരം കേന്ദ്രം ഇത്തരത്തിലുള്ള അത്യാധുനിക ഡിജിറ്റൽ പഠന കേന്ദ്രം സജ്ജീകരിച്ച് നൽകിയത്. അതിന് മുമ്പ് യു.എസ്.ടി പ്രതിനിധികൾ സ്‌കൂൾ സന്ദർശിക്കുകയും മെച്ചപ്പെട്ട കമ്പ്യൂട്ടർ ലാബ് സംവിധാനം ഇല്ലെന്ന് നേരിട്ട് കണ്ട് ബോധ്യപ്പെടുകയും ചെയ്തിരുന്നു. സ്‌കൂളിലെ കുട്ടികളുടെ ഡിജിറ്റൽ പഠനത്തിന് ഇത്തരത്തിലൊരു സംവിധാനം വലിയ പിന്തുണയാകുമെന്ന് വിലയിരുത്തിയ ശേഷമാണ് നിർമ്മാണച്ചുമതല കമ്പനി ഏറ്റെടുത്തത്. ഡിജിറ്റൽ പഠന കേന്ദ്രത്തിലെ രണ്ടു കമ്പ്യൂട്ടർ ലാബുകളിലുമായി 22 സീറ്റുകൾ വീതമുണ്ട്. ഇവയ്ക്കു പുറമെ, മേശകൾ, കസേരകൾ, ടെലിവിഷൻ, ക്ലാസ് മുറികളിൽ ഇന്റർനെറ്റ് കണക്ഷൻ എന്നിവയുമുണ്ട്.

ഉദ്ഘാടന ചടങ്ങിൽ, നവീകരിച്ച സ്‌കൂൾ ഓഡിറ്റോറിയം അരുവിക്കര എംഎ‍ൽഎ അഡ്വ. ജി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സി.സി.ടി.വി, സ്‌കൂൾ ക്ലബ് എന്നിവ കേരള അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.എസ് സുനിൽകുമാറും; ലൈബ്രറി ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിയും; വിശപ്പുരഹിത കേരളം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ആർ കലയും ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ റാണി ആർ. ചന്ദ്രൻ, പി.ടി.എ പ്രസിഡന്റ് വി എസ് സജീവ് കുമാർ എന്നിവരും പങ്കെടുത്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ആർ ഹരിലാൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.അലീഫിയ, ബ്ളോക്ക് മെമ്പർ വി. വിജയൻ നായർ, അരുവിക്കര വാർഡ് മെമ്പർ ഗീതാ ഹരികുമാർ, വൈസ് പ്രിൻസിപ്പൽ എൻ. മോളി, അദ്ധ്യാപകരായ ഓംപ്രകാശ്, സുബ്രഹ്മണ്യൻ വി.പി, പ്രോഗ്രാംകമ്മിറ്റി ചെയർമാൻ എൽ. റെജികുമാർ, സ്റ്റാഫ് സെക്രട്ടറി ബി. ഷജിബുദ്ദീൻ എന്നിവരും സന്നിഹിതരായി.