പാലാ : പാലാ സെന്റ് തോമസ് കോളജ് അലുംമ്‌നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 1950 മുതലുള്ള യൂണിയൻ ഭാരവാഹികളുടെ ഒരു സംഗമം ജൂലൈ 8ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് ജോസഫ്‌സ് ഹാളിൽ വെച്ച് നടക്കുന്നതാണ്. അലുംനി അസോസിയേഷൻ പ്രസിഡന്റ് ഡിജോ കാപ്പന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കോളജ് മാനേജരും പ്രോട്ടോസിഞ്ചെല്ലൂസുമായ മോൺ. ഡോ.ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.ജയിംസ് ജോൺ മംഗലത്ത് അനുഗ്രഹ പ്രഭാഷണം നിർവ്വഹിക്കും.ബഹുമാനപ്പെട്ട ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി., വൈസ് പ്രിൻസിപ്പൽ ഡോ. ഡേവീസ് സേവ്യർ എന്നിവർ പ്രസംഗിക്കും. കേരളത്തിന്റെ രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക രംഗത്തെ പ്രമുഖസ്ഥാനങ്ങളിലെത്തിച്ചേർന്നിട്ടുള്ള കോളജ് യൂണിയൻ ഭാരവാഹികളുടെ സമ്മേളനം ഇപ്രകാരം സംഘടിപ്പിക്കുന്നത്. ആദ്യമായാണെന്ന് സംഘാടകരായ ഡോ.സാബു ഡി മാത്യു, ജിമ്മി ജോസഫ്, ഡോ.സോജൻ പുല്ലാട്ട്, ഡോ. അലക്‌സ് വി സി., ജയിംസ് ചെറുവള്ളിൽ എന്നിവർ പറഞ്ഞു.

കനത്തമഴ: ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പൻ

പാലാ: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കിഴക്കൻ മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ സാധ്യത നിലനിൽക്കുന്നതിനാൽ ആളുകൾ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഏത് അടിയന്തിര ഘട്ടവും നേരിടാൻ തയ്യാറായി ഇരിക്കാൻ റവന്യൂ, ഫയർ ആൻഡ് റെസ്‌ക്യൂ, പൊലീസ് വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ജില്ലാ കളക്ടർ, പാലാ ആർ ഡി ഒ, മീനച്ചിൽ തഹസീൽദാർ എന്നിവർക്കു മാണി സി കാപ്പൻ നിർദ്ദേശം നൽകി. മിനി സിവിൽ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ 04822 212325 എന്ന കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്നും എം എൽ എ അറിയിച്ചു.