സംസ്ഥാന ഉന്നതവിദ്യാഭ്യാസ രംഗത്തെ പരീക്ഷാ നടത്തിപ്പ് കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.

തിരുവനന്തപുരം തമ്പാനൂർ കെ എസ് ആർ ടി സി ബസ് ടെർമിനൽ കോംപ്ലക്‌സിന്റെ എഴാം നിലയിൽ നിർമ്മാണം പൂർത്തീകരിച്ച പ്രവേശന പരീക്ഷാ കമ്മീഷണറുടെ ആധുനീകരിച്ച പുതിയ കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രവേശന പരീക്ഷ സംബന്ധിച്ച സംശയനിവാരണത്തിന് നവീന സജ്ജീകരണങ്ങളോടെ ഒരുക്കിയ ഇന്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസ്സൽ ആൻഡ് ഹെൽപ്ലൈൻ ഇൻഫർമേഷൻ സിസ്റ്റം കാൾ സെന്ററിനും മന്ത്രി ഡോ ബിന്ദു തുടക്കം കുറിച്ചു.

പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്റെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കാനും പൊതുജനങ്ങൾക്ക് അനായാസേന എത്തിച്ചേരാനുമാണ് കാര്യാലയം പുതിയ ഇടത്തേക്ക് മാറ്റിയത്.

വിദ്യാർത്ഥികൾക്ക് ഏതെല്ലാം ഘട്ടത്തിൽ സംശയങ്ങൾ ഉണ്ടാകുന്നുവോ അതെല്ലാം പരിഹരിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ കാര്യാലയത്തിന്റെ പ്രവർത്തനം സജ്ജീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥി സൗഹാർദ്ദപരമായിട്ടുള്ള ശൈലിയാണ് പുലർത്തിപോരുന്നത്.

വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച സേവനവും സൗകര്യവുമൊരുക്കാൻ പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിലെ മുഴുവൻ ജീവനക്കാരും പരിശ്രമിക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.