കോഴിക്കോട്: യുകെയിലെ ലിവർപൂൾ ജോൺ മൂർസ് (എൽജെഎം) യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി സംഘം കാലിക്കറ്റ് സർവകലാശാല സന്ദർശിച്ചു. യുകെ ആസ്ഥാനമായ ഇന്റർനാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഐഎസ് ഡിസി) സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സമ്മർ സ്‌കൂളിന്റെ ഭാഗമായി എത്തിയ 12 അംഗ വിദ്യാർത്ഥി സംഘം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി. ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാലിക്കറ്റ് സർവകലാശാലയിൽ ചെലവഴിച്ച സംഘം സർവകലാശാല വൈസ് ചാൻസലർ, പിവിസി, രജിസ്ട്രാർ തുടങ്ങി ഭരണചുമതലയുള്ള ഉദ്യോഗസ്ഥരുമായും ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ, ഹിസ്റ്ററി, ഫോക് ലോർ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുമായും അദ്ധ്യാപകരുമായും സംവദിച്ചു. സർവകലാശാലയിലെ റേഡിയോ സ്റ്റേഷൻ, ബൊട്ടാനിക്കൽ ഗാർഡൻ, യൂണിവേഴ്‌സിറ്റി പാർക്ക് തുടങ്ങിയവയും വിദ്യാർത്ഥികൾ സന്ദർശിച്ചു. രണ്ടാഴ്ചത്തെ സമ്മർ സ്‌കൂളിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘം സന്ദർശിക്കും. അന്താരാഷ്ട്രതലത്തിൽ വിജ്ഞാന കൈമാറ്റവും വൈവിധ്യങ്ങളായ സംസ്‌കാരങ്ങളെക്കുറിച്ച് മനസിലാക്കാനുമാണ് ഐഎസ് ഡിസി ഇന്റർനാഷണൽ സമ്മർ സ്‌കൂൾ സംഘടിപ്പിക്കുന്നത്.