- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യായവില ഉറപ്പാക്കാത്ത റബർബോർഡിൽ കർഷകന് വിശ്വാസം നഷ്ടപ്പെട്ടു: അഡ്വ.വി സി.സെബാസ്റ്റ്യൻ
കോട്ടയം: കർഷകന് ന്യായവില ഉറപ്പാക്കാത്ത റബർബോർഡിലും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലും കർഷകന് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് സ്വതന്ത്ര കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കൺവീനർ അഡ്വ.വി സി.സെബാസ്റ്റ്യൻ.
1947ലെ റബർ ആക്ട് റദ്ദ് ചെയ്ത് പുതിയ ആക്ട് നടപ്പിലാക്കുന്നതിന്റെ മുന്നൊരുക്കമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ കരടുബില്ലിൽ കർഷകർ നിർദ്ദേശങ്ങൾ സമയപരിധിക്കുള്ളിൽ സമർപ്പിച്ചിരുന്നു. ബില്ല് നിയമമായി മാറുന്നതിന്റെ ഭാഗമായിട്ടാണ് ജൂലൈ 14ന് വാണിജ്യ അഡീഷണൽ സെക്രട്ടറി കോട്ടയതത് ചർച്ചയ്ക്കെത്തുന്നത്. ബോർഡിന്റെ ഭരണക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ വിപണിയിൽ ന്യായവില ലഭിക്കാതെ വിലത്തകർച്ച നേരിടുന്ന കർഷകരുടെ വിഷയമല്ല. റബർ ബോർഡിലെ കേരള പ്രാതിനിധ്യം 8ൽ നിന്ന് 6 ആയി കുറയുമ്പോൾ നഷ്ടമുണ്ടാകുന്നത് കർഷകർക്കല്ല; രാഷ്ട്രീയ പ്രതിനിധികൾക്കാണ്. കേരളത്തിൽ നിന്ന് 8 അംഗങ്ങളുണ്ടായിട്ടും റബർ ബോർഡ് ആസ്ഥാനം കോട്ടയമായിരുന്നിട്ടും കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നേരിടുന്ന വിലത്തകർച്ചയിൽ റബർ കർഷകരെ സഹായിക്കുവാൻ ആരുമുണ്ടായില്ല. യുപിഎ ഭരണകാലത്ത് കേരളത്തിൽ നിന്ന് എട്ടോളം മന്ത്രിമാർ കേന്ദ്രമന്ത്രിസഭയിലുണ്ടായിരുന്നിട്ടും റബർ കർഷകരെ രക്ഷിക്കാനായില്ല. ഇപ്പോൾപോലും കേരളത്തിലെ എല്ലാ രാജ്യസഭാ ലോകസഭാ എംപിമാരും പ്രതിപക്ഷത്താണെന്നിരിക്കെ ഒറ്റക്കെട്ടായി റബർ കർഷകർക്കായി ശബ്ദിക്കാനും തയ്യാറായില്ലെന്നു മാത്രമല്ല കർഷകരെ നിരന്തരം വഞ്ചിക്കുകയുമാണ്.
റബർ ആക്ട് 1947 റദ്ദ് ചെയ്ത് റബർ പ്രമോഷൻ ആൻഡ് ഡെവലപ്പ്മെന്റ് ആക്ട് 2023 നിലവിൽ വന്നാലും റബർ കർഷകർ ഇന്നു നേരിടുന്ന ദുർവിധിക്കും ദുരവസ്ഥയ്ക്കുമപ്പുറം കൂടുതലൊന്നും നഷ്ടപ്പെടാനില്ല. റബറിന് ന്യായവില ഉറപ്പാക്കാൻ സാധിക്കാത്ത രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള രാഷ്ട്രീയ കുതന്ത്രങ്ങൾക്ക് ഇരയാകുവാൻ കർഷകരെ ഇനിയും കിട്ടില്ലെന്നും, കാലങ്ങളായി തുടരുന്ന വിലത്തകർച്ചയിൽ ജീവിത പ്രതിസന്ധിയിലായിരിക്കുന്നവരെ രക്ഷിക്കാനാവാത്ത ജനപ്രതിനിധികളുടെ വാക്കുകളിൽ റബർ കർഷകർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.