- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഐടി മദ്രാസിലെ മലയാളി പ്രൊഫ. തലപ്പിൽ പ്രദീപിന് അന്താരാഷ്ട്ര എനി അവാർഡ്
കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് കെമിസ്ട്രി വകുപ്പിലെ പ്രൊഫ. ടി. പ്രദീപ് ഊർജത്തിലും പരിസ്ഥിതിയിലും ശാസ്ത്ര ഗവേഷണത്തിനുള്ള ആഗോള ബഹുമതികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന എനി അവാർഡിന് അർഹനായി. നൂതന സാമഗ്രികൾ ഉപയോഗിച്ച് ചെലവ് കുറഞ്ഞ ജല ശുദ്ധീകരണ പ്രവർത്തനങ്ങൾക്കാണ് പ്രൊഫ. ടി. പ്രദീപിനെ അഡ്വാൻസ്ഡ് എൻവയോൺമെന്റൽ സൊല്യൂഷനുകൾക്കുള്ള അംഗീകാരം തേടി എത്തിയത്. മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തുള്ള പന്താവൂർ സ്വദേശിയാണ് ടി. പ്രദീപ്. ഇറ്റാലിയൻ പ്രസിഡണ്ട് അവാർഡ് സമ്മാനിക്കും.
നോബൽ സമ്മാന ജേതാക്കളായ സർ ഹരോൾഡ് ഡബ്ല്യു. ക്രോട്ടോ, അലൻ ഹീഗർ, തിയോഡർ വുൾഫ്ഗാങ് ഹാൻഷ്, ഭാരതരത്ന അവാർഡ് ജേതാവ് പ്രഫ. സി.എൻ.ആർ. റാവു എന്നിവർക്കാണ് നേരത്തെ ഈ അവാർഡ് ലഭിച്ചിട്ടുള്ളത് . കർശനമായ മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ അവാർഡ് ജേതാക്കളെ നോബൽ സമ്മാന ജേതാക്കൾ ഉൾപ്പെടുന്ന ഒരു സെലക്ഷൻ കമ്മിറ്റിയാണ് തെരഞ്ഞെടുക്കുന്നത്.
പത്മശ്രീ, പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ പ്രൈസ് ഫോർ വാട്ടർ, നിക്കി ഏഷ്യ പ്രൈസ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ പ്രൊഫ. പ്രദീപ് നേരത്തെ നേടിയിട്ടുണ്ട്. സ്വർണ്ണ മെഡലും പ്രശസ്തി പത്രവും പണവും അടങ്ങുന്നതാണ് സമ്മാനം.
ശാന്തി സ്വരൂപ് ഭട്‌നാഗർ സമ്മാനം ഉൾപ്പെടെ നിരവധി ദേശീയ അംഗീകാരങ്ങൾ പ്രൊഫ. പ്രദീപ് നേടിയിട്ടുണ്ട്. തന്റെ പ്രവർത്തനങ്ങൾക്കായി അദ്ദേഹം വിപുലമായ ശാസ്ത്രീയ ഉപകരണങ്ങൾ നിർമ്മിച്ചു. അര ഡസൻ കമ്പനികളുടെ സഹസ്ഥാപകൻ എന്നതിലുപരി 550 പേപ്പറുകളും 100-ലധികം പേറ്റന്റുകളും അദ്ദേഹത്തിനുണ്ട്.
2007-ൽ സ്ഥാപിതമായ എനി അവാർഡിന്റെ 15-ാം പതിപ്പാണിത്. ഊർജ കാര്യക്ഷമത, പുനരുപയോഗം, ഡീകാർബണൈസേഷൻ, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ സമൂലമായ മുന്നേറ്റങ്ങൾ പ്രോത്സാഹിപ്പിക്കുക, പുതിയ തലമുറയിലെ ഗവേഷകരുടെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുക എന്നതാണ് അവാർഡിന്റെ ലക്ഷ്യം. റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന എനി എന്ന ആഗോള ബില്ല്യൺ ഡോളർ ഊർജ്ജ കമ്പനിയാണ് ഇത് സ്പോൺസർ ചെയ്യുന്നത്