നാഗർകോവിൽ, 19-07-2023: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ചെന്നൈ റീജിയണിന്റെ ആഭിമുഖ്യത്തിൽ 'കേന്ദ്ര ഗവൺമെന്റിന്റെ ജനക്ഷേമ പദ്ധതികൾ, ലോക ജനസംഖ്യാ ദിനം, അന്താരാഷ്ട്ര ചെറുധാന്യ വർഷം, പാരിസ്ഥിതിക ബോധമുള്ള ജീവിതശൈലിക്കുവേണ്ടിയുള്ള മിഷൻ ലൈഫ് പ്രസ്ഥാനം' എന്നീ വിഷയങ്ങളിൽ നാഗർകോവിലിൽ ഒരുക്കിയ നാല് ദിവസത്തെ ഫോട്ടോ പ്രദർശനം എം ആർ ഗാന്ധി എംഎൽഎ ഉദ്ഘാടനം ചെയ്തു.

പ്രദർശന ഹാളായ കോട്ടാർ രാജകോകിലം തമിൾ അരംഗത്തിൽ നടന്ന ചടങ്ങിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ & പ്രസ് ഇൻഫർമേഷൻ ബ്യൂറോ, ദക്ഷിണ മേഖല ഡയറക്ടർ ജനറൽ ശ്രീ. വി. പളനിച്ചാമി ഐഐഎസ്, ജില്ലാ റവന്യൂ ഓഫീസർ ജെ ബാലസുബ്രഹ്മണ്യൻ, ജില്ലാ സാമൂഹിക ക്ഷേമ ഓഫീസർ ശ്രീമതി ആർ സരോജിനി, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീമതി. വി ജയന്തി, സീനിയർ സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസസ് ശ്രീ. എസ് മാരിയപ്പൻ, ലീഡ് ബാങ്ക് മാനേജർ ശ്രീ. കെ എൽ പ്രവീൺകുമാർ, ബി എസ് എൻ എൽ ഡപ്യൂട്ടി ജനറൽ മാനേജർ (നെറ്റ്‌വർക്കിങ്), ശ്രി. എസ് രാമചന്ദ്ര കുമാർ, നാഗർകോവിൽ കോർപ്പറേഷൻ സൗത്ത് സോൺ ചെയർമാൻ ശ്രീ പി മുത്തുരാമൻ, എസ് ടി ഹിന്ദു കോളേജ് പ്രിൻസിപ്പാൾ ഡോ. ടി എം പത്മനാഭൻ എന്നിവർ സംസാരിച്ചു.

വിവിധ വിഷയങ്ങളിൽ നേരത്തെ വിവിധ കോളേജുകളിൽ നടത്തിയ ചിത്രരചനാ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

തിരുനൽവേലി ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ഗോപകുമാർ പി സ്വാഗതവും, മധുര ഫീൽഡ് പബ്ലിസിറ്റി അസിറ്റന്റ് ജെ ബോസ്വെൽ നന്ദിയും പറഞ്ഞു.

തപാൽ വകുപ്പ്, ബിഎസ്എൻഎൽ, ഐസിഡിഎസ്, സാമൂഹ്യക്ഷേമ വകുപ്പ്, ഉൾപ്പെടെ വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകളുടെ സ്റ്റാളുകളും പ്രദർശന സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. തപാൽ വകുപ്പിന്റെ സ്റ്റാളിൽ ആധാർ രജിസ്ട്രേഷനും ആധാർ തിരുത്തലിനും അവസരമുണ്ട്. ദിവസവും രാവിലെയും വൈകുന്നേരവും നടക്കുന്ന ഓരോ സെഷനിലും വിവിധ വിഷയങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ പ്രഭാഷണങ്ങൾ, കലാപരിപാടികൾ, മത്സരങ്ങൾ, പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണം എന്നിവയുണ്ടാകും.

2023 ജൂലായ് 22 ശനിയാഴ്ച വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 6 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രദർശനം വീക്ഷിക്കാം.