- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കുട്ടികളുടെ രാജ്യാന്തര ഗവേഷണ സമ്മേളനം ഡിഫറന്റ് ആർട് സെന്ററിൽ നാളെയും മറ്റന്നാളും
തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളിൽ ഗവേഷണ താത്പര്യം വളർത്തുന്നതിനായി ഗ്ലോബൽ യംഗ് റിസർച്ചേഴ്സ് അക്കാദമി, സ്റ്റെം ഫോർ ഗേൾസ്, ഡിഫറന്റ് ആർട് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ഗവേഷണ സമ്മേളനം നാളെയും മറ്റന്നാളും (ശനി, ഞായർ) കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ ഡിഫറന്റ് ആർട് സെന്ററിൽ നടക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ സ്‌കൂൾ തല വിദ്യാർത്ഥി ഗവേഷകർ, അദ്ധ്യാപകർ, രക്ഷിതാക്കൾ, അഡ്‌മിനിസ്ട്രേറ്റർമാർ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ഞൂറിൽപ്പരം പേർ പങ്കെടുക്കും.
വിവിധ വിദേശ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ മുഖ്യപ്രഭാഷണങ്ങൾ, പ്ലീനറി, സ്‌കൂൾ വിദ്യാർത്ഥികൾ നടത്തിയ കണ്ടെത്തലുകളുടെ അവതരണം എന്നിവ നടക്കും. ഇതിനുപുറമെ പ്രശസ്തരായ ശാസ്ത്രജ്ഞരുമായി വിദ്യാർത്ഥികൾക്ക് നേരിട്ട് സംവദിക്കാനുള്ള അവസരമുണ്ടാകും.
സമ്മേളനം നാളെ (ശനി) രാവിലെ 10ന് ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉദ്ഘാടനം ചെയ്യും. ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബാംഗ്ലൂർ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ് പ്രതിനിധി ഡോ. പ്രവീൺ വെമുല, സ്റ്റെം ഫോർ ഗേൾസ് പ്രതിനിധി റെയ്ന റാഫി എന്നിവർ പങ്കെടുക്കും. ഡിഫറന്റ് ആർട് സെന്റർ അഡൈ്വസറി ബോർഡ് അംഗം ഷൈല തോമസ് സ്വാഗതവും ഗ്ലോബൽ യംഗ് റിസർച്ചേഴ്സ് അക്കാദമി പ്രതിനിധി രഞ്ജിതാകൃഷ്ണ നന്ദിയും പറയും. 23ന് വൈകുന്നേരം 4ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ശാസ്ത്രജ്ഞനും മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേശകനുമായ എം.സി ദത്തൻ മുഖ്യാതിഥിയാകും. ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിക്കും. സെൽഫ് ഇംപ്രൂവ്മെന്റ് ഹബ് ഡയറക്ടർ ആന്റോ മൈക്കിൾ, ഡോ.രഞ്ജു ജോസഫ്, റെയ്ന റാഫി തുടങ്ങിയവർ പങ്കെടുക്കും.