- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിഗവേഷകരുടെ അന്താരാഷ്ട്ര ഗവേഷണ സമ്മേളനത്തിന് ഡിഫറന്റ് ആർട് സെന്ററിൽ തുടക്കം
തിരുവനന്തപുരം: വിദ്യാർത്ഥികളിൽ ഗവേഷണ താത്പര്യം വളർത്തുന്നതിനും പ്രഗത്ഭരായ ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ഗവേഷണ സമ്മേളനത്തിന് ഡിഫറന്റ് ആർട് സെന്ററിൽ തുടക്കമായി. ഡിഫറന്റ് ആർട് സെന്ററിന് കീഴിലുള്ള സയൻഷ്യ ഗവേഷണ കേന്ദ്രം, ഗ്ലോബൽ യംഗ് റിസർച്ചേഴ്സ് അക്കാദമി, സ്റ്റെം ഫോർ ഗേൾസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്ലസ് ടുവരെയുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരുമടക്കം അഞ്ഞൂറോളം പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കുട്ടികൾ തയ്യാറാക്കിയ ഗവേഷണ ഫലങ്ങൾ അവതരിപ്പിക്കുവാനും അതാത് രംഗത്തെ വിദഗദ്ധരുമായി അനുഭവങ്ങൾ പങ്കുവയ്ക്കുവാനും സംവദിക്കുവാനും സമ്മേളനം അവസരം ഒരുക്കുന്നുണ്ട്.
സമ്മേളനം ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉദ്ഘാടനം ചെയ്തു. പുതുതലമുറയ്ക്ക് ഗവേഷണ രംഗത്തേയ്ക്ക് കടന്നുവരുവാൻ ഇന്ന് ഒട്ടനവധി സൗകര്യങ്ങളും അവസരങ്ങളുമുണ്ട്. അത്തരം അവസരങ്ങൾ കുട്ടികൾ പ്രയോജനപ്പെടുത്തിയാൽ ശാസ്ത്രരംഗത്തേയ്ക്ക് അഭിമാനകരമായ നേട്ടമുണ്ടാക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുവാൻ കഴിയും. മാതാപിതാക്കളും അദ്ധ്യാപകരും കുട്ടികളുടെ ശാസ്ത്രതാത്പര്യങ്ങളെ അവഗണിക്കാതെ അർഹിക്കുന്ന പരിഗണന നൽകണമെന്നും ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. ഒപ്പം ശാസ്ത്രരംഗത്തേയ്ക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവും സ്‌കൂൾ-കോളേജ് ജീവിതത്തിലെ ശാസ്ത്രാനുഭവങ്ങളും അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നമ്പി നാരാണൻ സമ്മേളനത്തിന്റെ ഹാൻഡ് ബുക്ക് പ്രകാശനം ബാംഗ്ലൂർ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ് പ്രതിനിധി ഡോ. പ്രവീൺ വെമുലയ്ക്ക് കൈമാറി നിർവഹിച്ചു. സ്റ്റെം ഫോർ ഗേൾസ് പ്രതിനിധി റെയ്ന റാഫി, ഡിഫറന്റ് ആർട് സെന്റർ അഡൈ്വസറി ബോർഡ് അംഗം ഷൈല തോമസ്, ഗ്ലോബൽ യംഗ് റിസർച്ചേഴ്സ് അക്കാദമി പ്രതിനിധി രഞ്ജിതാകൃഷ്ണ എന്നിവർ സംസാരിച്ചു. വിവിധ വേദികളിലായി വിവിധ വിദേശ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ മുഖ്യപ്രഭാഷണങ്ങൾ, പ്ലീനറി, പ്രഭാഷണങ്ങൾ എന്നിവയും നടക്കും. സമ്മേളനം ഇന്ന് (ഞായർ) അവസാനിക്കും. വൈകുന്നേരം 4ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ശാസ്ത്രജ്ഞനും മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേശകനുമായ എം.സി ദത്തൻ മുഖ്യാതിഥിയാകും. ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിക്കും. സെൽഫ് ഇംപ്രൂവ്മെന്റ് ഹബ് ഡയറക്ടർ ആന്റോ മൈക്കിൾ, ഡോ.രഞ്ജു ജോസഫ്, റെയ്ന റാഫി തുടങ്ങിയവർ പങ്കെടുക്കും.
കുട്ടികളുടെ അന്താരാഷ്ട്ര ഗവേഷണ സമ്മേളനത്തിൽ ശാസ്ത്രതാരങ്ങളായി ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ
തിരുവനന്തപുരം: ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ ഗവേഷണ ഫലങ്ങൾ കുട്ടികളുടെ അന്താരാഷ്ട്ര ഗവേഷണ സമ്മേളനത്തിൽ അവതരിപ്പിച്ച് ഡിഫറന്റ് ആർട് സെന്ററിലെ വിദഗ്ദ്ധരുടെ പ്രശംസനേടി. സെന്ററിലെ ഗവേഷണ കേന്ദ്രമായ സയൻഷ്യയുടെ നേതൃത്വത്തിലാണ് കുട്ടികൾ കണ്ടെത്തിയ ഫലങ്ങൾ അവതരിപ്പിച്ച് കൈയടി നേടിയത്. പഴങ്ങളിലും പച്ചക്കറികളിലുമുള്ള ജലാംശത്തിന്റെ അളവുകളെക്കുറിച്ച് ജ്യോതിലാലും ഹാൻഡ് വാഷിന്റെ ഉപയോഗം പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് സായാമറിയം തോമസും സൂര്യപ്രകാശം ചെടികളുടെ വളർച്ചയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് രൂപാകൃഷ്ണനും വിവിധ ജലസ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന ജലത്തിൽ അടങ്ങിയിരിക്കുന്ന മാലിന്യത്തിന്റെ അളവുകളെക്കുറിച്ച് ആദർശ് മഹേന്ദ്രനും മണ്ണിലെ ചെറിയ പ്രാണികൾക്ക് ആവാസവ്യവസ്ഥയിലുള്ള പങ്ക് എന്നതിനെക്കുറിച്ച് ശിൽപ്പശശിയും ആഹാരത്തിന്റെ വൈവിധ്യം ഗപ്പികളുടെ കളറിനെ ബാധിക്കുന്നുണ്ടോ എന്ന് മുഹമ്മദ് ഇർഫാനും ഉപ്പുവെള്ളത്തിൽ ചെടികളുടെ വളർച്ച നിരീക്ഷിച്ച് ടോണി സിറിലും പൂക്കളിലും ഇലകളിലുമുള്ള വർണവസ്തുവിനെ വേർതിരിച്ചെടുത്ത് ഫുഡ്കളറായി ഉപയോഗിക്കുവാൻ കഴിയുമോ എന്ന വിഷയത്തിൽ അച്ചുവും ടൂത്ത് പേസ്റ്റ് സൃഷ്ടിക്കുന്ന പാരിസ്ഥിത പ്രശ്‌നങ്ങളെക്കുറിച്ച് അപർണയും കണ്ടെത്തിയ വിവരങ്ങളാണ് സദസ്സിന് മുമ്പിൽഅവതരിപ്പിച്ചത്. ഇവരെല്ലാം തന്നെ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികളും ഡൗൺസിൻഡ്രോം വിഭാഗത്തിൽപ്പെടുന്നവരുമാണ്. ദേശീയ-സംസ്ഥാന സയൻസ് കോൺഗ്രസുകളിലടക്കം പങ്കെടുത്ത് ശാസ്ത്രഗവേഷകരുടെ പ്രശംസ നേടിയ കുട്ടിളാണിവർ. ഭിന്നശേഷിക്കുട്ടികളുടെ ശാസ്ത്രാഭിരുചികൾ മനസ്സിലാക്കി അവർക്ക് പരീക്ഷണങ്ങൾ ചെയ്യുന്നതിനുവേണ്ടിയാണ് സയൻഷ്യ എന്ന ഗവേഷണ കേന്ദ്രം ആരംഭിച്ചത്. നിരവധി കുട്ടികളാണ് സയൻഷ്യയിൽ ഗവേഷണം നടത്തിവരുന്നത്.