പാലക്കാട്: 'പ്രധാന മന്ത്രിയുടെ മുതലക്കണ്ണീര് വിലപ്പോവില്ല; മണിപ്പൂരിലെ ന്യൂനപക്ഷ വംശഹത്യ തടയുക' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല കമ്മിറ്റി ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജോബീസ് മാൾ പരിസരത്ത് നിന്നുമാരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷൻ കവാടത്തിൽ പൊലീസ് തടഞ്ഞു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി റിയാസ് ഖാലിദ് സ്റ്റേഷന് മുന്നിലെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.

മണിപ്പൂരിൽ ന്യൂനപക്ഷ ഉന്മൂലനം തുടങ്ങി മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദുഃഖം തോന്നിയെന്ന് പ്രധാന മന്ത്രി പറയുന്നത്. കുക്കി വിഭാഗത്തിൽപ്പെട്ട വനിതകളെ ബലാത്സംഗം ചെയ്ത് നഗ്‌നരാക്കി നടത്തിച്ച വീഡിയോ പുറത്തായതിലാണ് അദ്ദേഹത്തിന് അമർഷം. അല്ലാതെ ക്രിസ്ത്യൻ, കുക്കി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അമർച്ച ചെയ്യാൻ പ്രധാന മന്ത്രിക്കോ, മണിപ്പൂർ സർക്കാറിനോ ഒരു അജണ്ടയുമില്ലെന്നും അവരുടെ സ്‌പോൺസർഷിപ്പിൽ വംശഹത്യ അവിടെ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെ സംഘ്പരിവാർ അജണ്ടകളെ ചെറുത്തുതോൽപ്പിക്കാൻ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റംഗം റഫീഖ് പുതുപ്പള്ളി തെരുവ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിയേറ്റംഗം സമദ് പുതുപ്പള്ളി തെരുവ് സമാപനം നിർവഹിച്ചു. സൈദ് പറക്കുന്നം, ജാലിബ് ഹനാൻ, ഹാഷിം, സയ്യിദ് ഖുത്വുബ്, ജസ്‌ന, വസീം, അജ്മൽ എന്നിവർ നേതൃത്വം നൽകി.