- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലേഷ്യൻ സർക്കാറിന്റെ പരമോന്നത ബഹുമതി:കാന്തപുരത്തിന്റെ പ്രവർത്തനമികവിനുള്ള അംഗീകാരമായി പൗരസ്വീകരണം
കോഴിക്കോട്: ലോക മുസ്ലിം പണ്ഡിതർക്കുള്ള മലേഷ്യൻ സർക്കാറിന്റെ പരമോന്നത ബഹുമതിയായ ടോക്കോമാൽ ഹിജ്‌റ പുരസ്‌കാരം നേടിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് സ്‌നേഹജനങ്ങൾ നൽകിയ പൗരസ്വീകരണം പ്രൗഢമായി. വിദ്യാഭ്യാസ, മത, സാമൂഹിക രംഗത്തെ ആറു പതിറ്റാണ്ട് നീണ്ട നിസ്തുല സേവനങ്ങൾക്ക് സമൂഹം നൽകുന്ന ആദരവ് വിളിച്ചറിയിക്കുന്നതായിരുന്നു സ്വീകരണച്ചടങ്ങുകൾ. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടി നൽകി പ്രവർത്തകർ കാന്തപുരത്തെ മർകസിലേക്ക് ആനയിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിലും പൗരാവലിയുടെ ആഭിമുഖ്യത്തിൽ മർകസിലും നൽകിയ വരവേൽപ്പിലും സ്വീകരണത്തിലും ആയിരങ്ങൾ സംബന്ധിച്ചു.
ലോകസമാധാനത്തിനും സൗഹാർദ്ദത്തിനുമായി പ്രവർത്തിക്കുന്ന ആഗോള പ്രശസ്തരായ മുസ്ലിം പണ്ഡിതർക്കായാണ് എല്ലാ ഹിജ്‌റ വർഷാരംഭത്തിലും മലേഷ്യൻ സർക്കാർ അന്താരാഷ്ട്ര ടോക്കോമാൽ ഹിജ്‌റ അവാർഡ് നൽകുന്നത്. ഇക്കഴിഞ്ഞ ദിവസം ക്വാലാലംപൂർ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷായാണ് കാന്തപുരത്തിന് അവാർഡ് സമ്മാനിച്ചത്. പ്രധാനമന്ത്രി അൻവർ ഇബ്രാഹീം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിൻ മുക്താർ, രാജകുടുംബാംഗങ്ങൾ, പൗരപ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര ദാനം.
സ്വദേശത്തും വിദേശത്തും ഇസ്ലാമിന്റെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതിലും വിവിധ മതസ്ഥർക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിലും അർപ്പിച്ച അമൂല്യമായ സംഭാവനകൾ പരിഗണിച്ചാണ് കാന്തപുരത്തെ അവാർഡിന് തിരഞ്ഞെടുത്തതെന്ന് മലേഷ്യൻ ഇസ്ലാമിക വികസന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക വിജ്ഞാനങ്ങളിലും മൂല്യങ്ങളിലും അഗാധ പാണ്ഡിത്വമുള്ള അദ്ദേഹം വിദ്യാഭ്യാസ, സാമൂഹിക, വികസന രംഗങ്ങളിൽ വലിയ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകി വരികയാണ്. ഇസ്ലാമിക അദ്ധ്യാപനങ്ങൾ തെറ്റുദ്ധരിപ്പിക്കപ്പെടുന്ന കാലത്ത് യഥാർത്ഥ വസ്തുതകളിലേക്ക് നയിക്കുന്ന ഗവേഷണങ്ങളിൽ ഏർപ്പെടുകയും പ്രചരിപ്പിക്കുകയും തന്റെ ശിഷ്യഗണങ്ങൾക്ക് അത് പകർന്ന് നൽകുകയും ചെയ്യുന്നു. കാന്തപുരം നേതൃത്വം നൽകുന്ന സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പുരസ്‌കാര സമിതി വിലയിരുത്തിയിട്ടുണ്ട്. സിറിയൻ പണ്ഡിതൻ ഡോ. വഹബാ മുസ്തഫ അൽ സുഹൈലി, അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് മുഹമ്മദ് അൽ ത്വയ്യിബ്, മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഇസ്സ തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ ഹിജ്‌റ പുരസ്‌കാരത്തിന് അർഹരായവരിൽ പ്രധാനികൾ.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച സ്വീകരണ സംഗമത്തിൽ എംകെ രാഘവൻ എംപി അധ്യക്ഷത വഹിച്ചു. സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതേതരത്വവും സൗഹൃദാന്തരീക്ഷവും കാത്തുസൂക്ഷിക്കുന്നതിൽ കാന്തപുരം ഉസ്താദ് വഹിച്ച പങ്ക് വളരെ വലുതാണെന്നും ഇന്ത്യയുടെ യശ്ശസ്സ് ലോകരാജ്യങ്ങൾക്കിടയിൽ ഉയർത്തിക്കാണിക്കാൻ ഉസ്താദിന് സാധിക്കുന്നത് മഹത്തരമാണെന്നും വി അബ്ദുറഹ്മാൻ പറഞ്ഞു. മന്ത്രി പി എ മുഹമ്മദ് റിയാസ് വിശിഷ്ടാതിഥിയായി. അഡ്വ. പി.ടി.എ റഹീം എംഎൽഎ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, കെകെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, പേരോട് അബ്ദുറഹ്മാൻ സഖാഫി, എൻ അലി അബ്ദുല്ല, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സ്വാമി ഗോപാല ആചാര്യ, മജീദ് കക്കാട്, ഡോ. അബ്ദുസ്സലാം സംസാരിച്ചു. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, വിപിഎം ഫൈസി വില്യാപ്പള്ളി, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, കെഎംകെ ഫൈസി, അബൂഹനീഫൽ ഫൈസി തെന്നല, മുഹ്യിദ്ദീൻ കുട്ടി ബാഖവി പൊന്മള, അബ്ദുന്നാസർ അഹ്സനി ഒളവട്ടൂർ, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, എ സൈഫുദ്ദീൻ ഹാജി, സയ്യിദ് സ്വാലിഹ് ജിഫ്രി, ഷിബു അബൂബക്കർ, സ്‌ട്രോങ്ങ് ലൈറ്റ് നാസർ ഹാജി സലീം മടവൂർ, പി മുഹമ്മദ് യൂസുഫ് സംബന്ധിച്ചു.
ഈ ബഹുമതി സമസ്തക്കുള്ളത്: കാന്തപുരം
കോഴിക്കോട്: മലേഷ്യൻ സർക്കാറിന്റെ പരമോന്നത ബഹുമതിയായ ഇന്റർനാഷണൽ ടോക്കോമാൽ ഹിജ്‌റാ പുരസ്‌കാരം സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് ലഭിച്ച അംഗീകാരമായാണ് കാണുന്നതെന്ന് ഇന്ത്യൻഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മലേഷ്യൻ സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും രാജാവിന്റെയും വിവിധ മന്ത്രിമാരുടെയും നേതൃത്വത്തിൽ വലിയ സ്വീകരണങ്ങളും ആദരങ്ങളും അവസരങ്ങളുമാണ് നമുക്ക് ലഭിച്ചത്. വ്യക്തിപരമല്ല, സമസ്തക്കുള്ളതാണ് ഈ ബഹുമതികളെല്ലാം. സമൂഹത്തിനും രാജ്യത്തിനും ഗുണപരമാവുമെന്നതിനാലാണ് പുരസ്‌കാരം സ്വീകരിച്ചത്. മതപരമായ വിഷയത്തിൽ ഏതെങ്കിലും തർക്കങ്ങളോ ഭിന്നാഭിപ്രായങ്ങളോ ഉടലെടുക്കുമ്പോൾ അവ പരിഹരിക്കാൻ നമ്മൾ ഉണ്ടാവണമെന്നാണ് മലേഷ്യയിലെ യയാസാൻ പഹാങ് യൂണിവേഴ്‌സിറ്റി മർകസുമായുള്ള ധാരണാപത്രത്തിൽ പറഞ്ഞത്. ഇത് സമസ്തക്കും മർകസിനും കേരളത്തിലെ സുന്നി പ്രസ്ഥാനത്തിനും ലഭിച്ച അംഗീകാരമാണെന്നും കാന്തപുരം പറഞ്ഞു. മലേഷ്യൻ സർക്കാരിനും രാജകുടുംബത്തിനും നന്ദിപറഞ്ഞ കാന്തപുരം ഭൗതികമായ അംഗീകാരങ്ങളോ നേട്ടങ്ങളോ അല്ല, പാരത്രിക നേട്ടങ്ങൾക്കാണ് വിശ്വാസികൾ പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം ഉണർത്തി.
മലേഷ്യൻ ബഹുമതി കാന്തപുരത്തിന്റെ മാനവിക വീക്ഷണത്തിനുള്ള അംഗീകാരം -മന്ത്രി റിയാസ്
കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ മാനവിക വീക്ഷണത്തിനും ഇടപെടലുകൾക്കുമുള്ള അംഗീകാരമാണ് മലേഷ്യൻ പരമോന്നത ബഹുമതിയെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. രാജ്യം നേരിടുന്ന അപകടകരമായ രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്തിന്റെ ഭരണഘടന മുന്നോട്ടുവെക്കുന്ന മതേതരമൂല്യങ്ങൾ സംരക്ഷിക്കാൻ കാന്തപുരം ഉസ്താദ് നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. പൗരത്വ നിയമ ഭേദഗതി കാലത്തും ഏക സിവിൽകോഡിന്റെ ഈ ഘട്ടത്തിലും പൊതുസമൂഹത്തോടൊപ്പം നിന്ന് അവയെ ചെറുക്കാൻ ഉസ്താദ് മുന്നിൽ നിന്നു. സമുദായങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമ്പോൾ അവർക്കിടയിൽ ഐക്യവും രഞ്ജിപ്പും ഉണ്ടാവാൻ കാന്തപുരം ഉസ്താദ് നേരിട്ട് രംഗത്തിറങ്ങിയത് നേരിട്ടുകണ്ട അനുഭവം എനിക്കുണ്ട്. ഉസ്താദിന്റെ സാമൂഹ്യ ഇടപെടലുകളിലും ഭാവി പ്രവർത്തനങ്ങളിലും കരുത്തും ഊർജവും പകരാൻ ഈ പുരസ്‌കാരം കാരണമാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.