- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഷ്ടമായത് വഴികാട്ടിയായ സഹപ്രവർത്തകനെ: സർസംഘചാലക്, സർകാര്യവാഹ്
നാഗ്പൂർ: മദൻദാസ് ദേവിയുടെ വേർപാടിലൂടെ നഷ്ടമായത് മുതിർന്ന സഹപ്രവർത്തകനെയാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുസ്മരിച്ചു. കുറേ വർഷങ്ങളായി, ശാരീരികഅസ്വസ്ഥതകളോടുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലേക്ക് സംഘ പദ്ധതി പ്രകാരം നിയോഗിച്ച ആദ്യ പ്രചാരകനാണ് അദ്ദേഹം. വർഷങ്ങളോളം അദ്ദേഹം പരിഷത്തിന്റെ സംഘടനാ സെക്രട്ടറിയായി. സ്വർഗീയ യശ്വന്ത് റാവു കേൽക്കറുടെ മാർഗനിർദേശത്തിൽ സംഘടനാ കുശലതയിൽ അദ്ദേഹം സമർത്ഥനായി. തൊണ്ണൂറുകളിൽ സംഘത്തിന്റെ ചുമതലയിലേക്ക് വന്ന അദ്ദേഹം വെല്ലുവിളി നിറഞ്ഞ ആ കാലഘട്ടത്തെ സമർത്ഥമായി നേരിടുന്നതിൽ പ്രവർത്തകർക്ക് നേതൃത്വം നല്കി. അക്കാലത്ത് ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിവിധ ചുമതലകളിൽ പ്രവർത്തിച്ചു.
സൂക്ഷ്മമായ നിരീക്ഷണ ശക്തി, പ്രചാരക സമ്പ്രദായത്തിന്റെ കർക്കശമായ അച്ചടക്കം, എല്ലാവരുമായും ഇടകലരുന്ന സ്വഭാവം, കരുതലോടെയുള്ള പെരുമാറ്റം എന്നിവയിലൂടെ അദ്ദേഹം കാര്യകർത്താക്കൾക്ക് മാതൃകയായി. ആരോഗ്യത്തോടെ തുടർന്നും ഞങ്ങളെ നയിക്കാൻ അദ്ദേഹം മുന്നിലുണ്ടാകണമെന്നായിരുന്നു ആഗ്രഹം, പക്ഷേ വിശ്രമമില്ലാത്ത യാത്രയും പ്രവർത്തനവും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. കർത്തവ്യത്തിന്റെ പാതയിൽ തുടർച്ചയായി മുന്നേറുന്നതിന്റെ നേർമാതൃകയായിരുന്നു മദൻദാസ്ജിയുടെ ജീവിതമെന്ന് അവർ ചൂണ്ടിക്കാട്ടി.
മദൻദാസ് ദേവി അന്തരിച്ചു
ബെംഗളൂരു: മുതിർന്ന ആർഎസ്എസ് പ്രചാരകനും മുൻ സഹസർകാര്യവാഹുമായ മദൻദാസ് ദേവി അന്തരിച്ചു. 81 വയസായിരുന്നു. ഇന്നലെ പുലർച്ചെ 5ന് ബെംഗളൂരു രാഷ്ട്രോത്ഥാന ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലം അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ പൂർണസമയ പ്രവർത്തകനായിരുന്ന അദ്ദേഹം എബിവിപി ദേശീയ സംഘടനാ സെക്രട്ടറി എന്ന ചുമതല വഹിച്ചിരുന്നു. എബിവിപിയിലേക്ക് നിയോഗിക്കപ്പെട്ട ആദ്യ സംഘപ്രചാരകനാണ് മദൻദാസ് ദേവി.
ഇന്നലെ ഉച്ചയ്ക്ക് 1.30ന് ബെംഗളൂരുവിലെ ആർഎസ്എസ് കാര്യാലയമായ കേശവകൃപയിൽ പൊതുദർശനത്തിന് വച്ച ഭൗതിക ദേഹത്തിൽ സമൂഹത്തിന്റെ വ്യത്യസ്തമേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. വൈകിട്ട് നാലിന് ശേഷം ഭൗതികദേഹം മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി. പൂണെയിൽ ഇന്ന് രാവിലെ 11 നാണ് സംസ്‌കാരം.
1942 ജൂലൈ 9 ന് മഹാരാഷ്ട്രയിലെ സോലാപൂരിലാണ് മദൻ ദാസ് ദേവി ജനിച്ചത്. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം, 1959ൽ പൂണെയിലെ ബിഎംസിസി കോളജിൽ പ്രവേശനം നേടി. എംകോമിന് ശേഷം ഐഎൽഎസ് ലോ കോളേജിൽ നിന്ന് ഗോൾഡ് മെഡലോടെ എൽഎൽബി. പിന്നീട് സിഎ എടുത്തു. ജ്യേഷ്ഠനായ ഖുഷാൽദാസ് ദേവിയുടെ പാത പിൻതുടർന്നാണ് അദ്ദേഹം ആർഎസ്എസ് പ്രവർത്തനത്തിലേക്ക് എത്തിയത്.
1966ൽ എബിവിപിയുടെമുംബൈ ഘടകം സെക്രട്ടറിയായി. 1968ൽ കർണാവതിയിൽ ചേർന്ന് എബിവിപി ദേശീയ കൺവെൻഷനോടെ അദ്ദേഹം പശ്ചിമാഞ്ചൽ മേഖലയിലെ സംഘടനാ കാര്യദർശി എന്ന നിലയിൽ പൂർണസമയപ്രവർത്തകനായി. 1970ൽ തിരുവനന്തപുരത്തു ചേർന്ന സമ്മേളനത്തിൽ ദേശീയ സംഘടനാ സെക്രട്ടറി എന്ന ചുമതലയേറ്റെടുത്തു. 1992 വരെ ദേശീയ സംഘടനാ സെക്രട്ടറിയായി തുടർന്നു. ശേഷം ആർഎസ്എസിന്റെ ചുമതലയിലേക്ക് എത്തിയ മദൻദാസ് 1992 മുതൽ 94 വരെ അഖില ഭാരതീയ സഹ പ്രചാരക് പ്രമുഖായും 1994 മുതൽ സഹ സർകാര്യവാഹുമായിരുന്നു
നഷ്ടമായത് വഴികാട്ടിയായിരുന്ന സഹപ്രവർത്തകനെയാണ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ നിരവധി പ്രമുഖർ മദൻദാസ് ദേവിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.