ചെന്നൈ, ജൂലൈ 27, 2023: ചെന്നൈയിൽ നടക്കുന്ന പരിസ്ഥിതി, കാലാവസ്ഥാ സുസ്ഥിരത സംബന്ധിച്ച ജി20 മന്ത്രിതല യോഗത്തിൽ പങ്കെടുക്കാനെത്തിയ യുണൈറ്റഡ് സ്റ്റേറ്റ്‌സ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (ഇ.പി.എ.) അഡ്‌മിനിസ്ട്രേറ്റർ മൈക്കൽ എസ്. റീഗൻ ജൂലൈ 27 വ്യാഴാഴ്ച നഗരത്തിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളുമായി സംവദിക്കുകയും എലിയട്ട്‌സ് ബീച്ചിൽ സംഘടിപ്പിച്ച കടൽത്തീര നടത്തത്തിൽ പങ്കെടുക്കുകയും ചെയ്തു. ബംഗാൾ ഉൾക്കടലിലെ ജലത്തിന്റെ അവസ്ഥ ഒരു ശാസ്ത്രീയ പരീക്ഷണത്തിലൂടെ നിരീക്ഷിക്കുകയായിരുന്നു ഈ വിദ്യാർത്ഥികൾ.

 യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈയും പരിസ്ഥിതി പരിരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ ടെറിയും (ദി എനർജി ആൻഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്) ചേർന്ന് ''ഓഷ്യൻ മാറ്റേഴ്സ്'' എന്ന പേരിൽ നടത്തിവരുന്ന പൊതുജനപങ്കാളിത്തമുള്ള ശാസ്ത്ര പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഈ പരീക്ഷണം. കടൽജല സാമ്പിളുകളുടെ താപനിലയും ലവണാംശവും അളക്കുന്നതിനുള്ള പരീക്ഷണം നടത്തുന്ന വിദ്യാർത്ഥികളോടൊപ്പം അഡ്‌മിനിസ്ട്രേറ്റർ റീഗനും ചേർന്നു. കടൽജല ഘടകങ്ങൾ അളക്കാനും നിരീക്ഷിക്കാനും വിദ്യാർത്ഥികളിൽ ശേഷിയുണ്ടാക്കുക എന്നതാണ് ''ഓഷ്യൻ മാറ്റേഴ്സ്'' പദ്ധതിയുടെ ലക്ഷ്യം.

പരിപാടിയിൽ പങ്കെടുത്ത് ഇ.പി.എ. അഡ്‌മിനിസ്ട്രേറ്റർ റീഗൻ പറഞ്ഞു, ''യുവജനങ്ങൾ എല്ലായ്‌പ്പോഴും സാമൂഹിക നന്മ ലാക്കാക്കിയുള്ള സംരംഭങ്ങളിൽ മുൻപന്തിയിലാണ്, പരിസ്ഥിതി പരിരക്ഷണവും ഒരു അപവാദമല്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെക്കുറിച്ചും നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കാനുള്ള യുവാക്കളുടെ ശ്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ന് ചെന്നൈയിൽ വിദ്യാർത്ഥികളോടൊപ്പം ചേരാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഏവർക്കും ആരോഗ്യപൂർണ്ണമായ ഒരു ഗ്രഹം ഉറപ്പ് വരുത്തുന്നതിന് അന്താരാഷ്ട്ര പങ്കാളികളോടോപ്പം ചേർന്ന് കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനും ന്യായമായ പരിവർത്തനം ഉറപ്പാക്കാനും യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രതിജ്ഞാബദ്ധമാണ്.''

കാലാവസ്ഥാ വ്യതിയാനം എങ്ങനെ തീരദേശത്തെയും നിവാസികളെയും എങ്ങനെ ബാധിക്കുന്നു എന്ന് കണ്ട് മനസിലാക്കാൻ സംഘടിപ്പിച്ച കടൽ തീരത്തുകൂടിയുള്ള നടത്തത്തിലും അഡ്‌മിനിസ്ട്രേറ്റർ റീഗൻ പങ്കെടുത്തു. കടലോര വാസസ്ഥലങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ ചിത്രക്കുറിപ്പുകൾ തയ്യാറാക്കി. തീരദേശ, ദ്വീപ സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികളായ സമുദ്രതാപനം, ഉയരുന്ന സമുദ്രനിരപ്പ്, സമുദ്രത്തിന്റെ അമ്ലവത്കരണം, മത്സ്യസമ്പത്തിനുണ്ടാകുന്ന കോട്ടം, സമുദ്രജീവജാലങ്ങൾക്കുണ്ടാകുന്ന നാശം എന്നിവയെക്കുറിച്ചും അഡ്‌മിനിസ്ട്രേറ്റർ റീഗൻ പരിപാടിയിൽ പങ്കെടുത്തവരോട് ചർച്ച ചെയ്തു.

യു.എസ്. കോൺസുലേറ്റ് ജനറൽ പബ്ലിക് അഫയേഴ്‌സ് ഓഫീസർ ജെന്നിഫർ ബുള്ളോക്ക് പറഞ്ഞു, ''കാലാവസ്ഥയും സമുദ്രങ്ങളും നൈസർഗികമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു; സമുദ്രങ്ങളെ ബാധിക്കുന്ന ഘടകങ്ങൾ - മലിനീകരണം, താപനിലയിലെ വർദ്ധനവ്, സമുദ്ര അമ്ലവത്കരണം, കടലെടുക്കൽ, അമിത മത്സ്യബന്ധനം എന്നിവ - മഴയെ ബാധിക്കുന്നു, തീവ്രമായ കാലാവസ്ഥ സൃഷ്ടിക്കുന്നു, ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നു, തീരദേശ മണ്ണൊലിപ്പിന് കാരണമാകുന്നു. സമുദ്രങ്ങളും തീരങ്ങളും സംരക്ഷിക്കുന്നത് വെള്ളപ്പൊക്കം, ചക്രവാതം , കടൽ വെള്ളത്തിന്റെ കരയിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ കാലാവസ്ഥാ അപകടസാധ്യതകളെ ലഘൂകരിക്കാനുള്ള പ്രതിരോധം ഉണ്ടാക്കാൻ സഹായിക്കുന്നു. കാലാവസ്ഥാ-സമുദ്ര ചക്രങ്ങളെ സംരക്ഷിക്കുന്നത് പ്രവചനീയമായ കാലവർഷത്തെ സഹായിക്കുകയും അതുവഴി ഭക്ഷ്യസുരക്ഷ, സുസ്ഥിര ജല നിയന്ത്രണം, ആരോഗ്യം എന്നിവയെ സ്വാധീനിക്കുകയും ചെയ്യുന്നു. സമുദ്രത്തിലെ അപകടസാധ്യതകൾ പ്രവചിക്കുന്നതിനും വേണ്ട നടപടികൾ എടുക്കുന്നതിനും പ്രതിരോധശേഷി വളർത്തുന്നതിനുമായി യുവാക്കളുടെ ശേഷി വളർത്തിയെടുക്കാൻ 'ഓഷ്യൻ മാറ്റേഴ്‌സ്' പദ്ധതി സഹായിക്കുന്നു.''

കാലാവസ്ഥാ വ്യതിയാനത്തിന് തയ്യാറെടുക്കുന്നതിനും അപകടസാധ്യതയുള്ള തീരപ്രദേശങ്ങൾ സംരക്ഷിക്കുന്നതിനും തീരദേശ സമൂഹങ്ങൾ നേരിടുന്ന പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും അടിയന്തര നടപടി ആവശ്യമാണെന്ന് കടൽത്തീര യാത്രയ്ക്ക് നേതൃത്വം നൽകിയ മദ്രാസ് ക്രോക്കഡൈൽ ബാങ്ക് ട്രസ്റ്റിലെ വിദ്യാഭ്യാസ ഓഫീസർ സ്റ്റെഫി ജോൺ പറഞ്ഞു. ''ഇന്നത്തെ കടൽത്തീര നടത്തത്തിൽ വിദ്യാർത്ഥികൾ കണ്ടറിഞ്ഞ കാര്യങ്ങളും അത് കുറിച്ചുവെച്ചതും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും തീരദേശ ആവാസവ്യവസ്ഥകളെക്കുറിച്ചും പഠിക്കാൻ അവരെ സഹായിച്ചു. ഈ ഗൗരവമേറിയ ആഗോള പ്രശ്നം രേഖപ്പെടുത്തുന്നതിന് വ്യത്യസ്തമായ ഒരു മാർഗം അവർക്ക് ലഭിക്കുകയും ചെയ്തു,'' സ്റ്റെഫി കൂട്ടിച്ചേർത്തു.

ടെറിയുടെയും യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈയുടെയും പങ്കാളിത്തം ചെന്നൈ, പുതുച്ചേരി, കൊച്ചി, മുംബൈ, മംഗളൂരു, മോർമുഗാവോ എന്നിവിടങ്ങളിലെ ഇരുന്നൂറോളം സ്‌കൂളുകളിലെ വിദ്യാർത്ഥികളിലേക്കും അദ്ധ്യാപകരിലേക്കും എത്തിച്ചേരാനും അവർക്ക് പരീക്ഷണങ്ങളിലൂടെ ശാസ്ത്രത്തെയും പരിസ്ഥിതിയെയും കുറിച്ച് കൂടുതൽ പഠിക്കാനുള്ള അവസരമൊരുക്കാനും സഹായിക്കുമെന്ന് ടെറി ഫെലോയും ''ഓഷ്യൻ മാറ്റേഴ്സ്'' പ്രോജക്ട് ഇൻ-ചാർജുമായ സൽത്താനത് എം. കാസി പറഞ്ഞു. സമുദ്രാരോഗ്യം സംരക്ഷിക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും അവകാശവും ഉത്തരവാദിത്തവുമാണെന്നുള്ള അവബോധം വളർത്തിയെടുക്കാൻ ഈ പദ്ധതി വിദ്യാർത്ഥികളെ സഹായിക്കുമെന്നും സൽത്താനത് കൂട്ടിച്ചേർത്തു.