മലപ്പുറം : പ്ലസ് വൺ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട സമരത്തിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ പേരിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ, ജനറൽ സെക്രട്ടറി ബാസിത് താനൂർ തുടങ്ങിയ 5 നേതാക്കളെ ഇന്നലെ 26/07/2023 മണിക്കൂറുകളോളം മലപ്പുറം പൊലീസ് സ്റ്റേഷനിൽ ബന്ദികളാക്കി വെച്ചത് കെ ടി ജലീൽ എംഎൽഎയുടെ പകപോക്കൽ രാഷ്ട്രീയത്തിന്റെയും മലപ്പുറം എസ്‌പി സുജിത്ത് ദാസ് ഐപിഎസിന്റെ മലപ്പുറത്തെ പൈശാചികവത്കരിക്കാനുള്ള ഗൂഡശ്രമത്തിന്റെയും ഭാഗമാണ്.

പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിച്ച ജൂലൈ അഞ്ചാം തീയ്യതി മലപ്പുറം കളക്ടറേറ്റ് പടിക്കലിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംഘടിപ്പിച്ച ഉപവാസ സമരത്തിൽ പങ്കെടുത്ത്, ഫുൾ എ പ്ലസ് കിട്ടിയിട്ടും സീറ്റ് കിട്ടാത്തതിലെ വിഷയം മാധ്യമങ്ങൾക്ക് മുൻപിലും സമരവേദിയിലും പങ്കുവച്ച വിദ്യാർത്ഥിനിക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ ഫേസ്‌ബുക്ക് പോസ്റ്റുകളും കമന്റുകളും ഇറക്കി അധിക്ഷേപിച്ച കെ ടി ജലീൽ എംഎൽഎക്കെതിരെ കഴിഞ്ഞാഴ്ച 13/07/2023 മലപ്പുറത്ത് ജലീലിനെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിനെതിരെ കള്ളക്കേസുകൾ കൊടുത്തു മലപ്പുറം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഫ്രറ്റേണിറ്റി നേതാക്കളെ ബന്ദികളാക്കുക ആയിരുന്നു. സ്റ്റേഷൻ ജാമ്യം നൽകാൻ കഴിയുന്ന വകുപ്പുകൾ ആയിരുന്നിട്ടും രേഖപ്പെടുത്താൻ മണിക്കൂറുകൾ വൈകിപ്പിച്ചു ജാമ്യം പോലും നിഷേധിച്ച് തടഞ്ഞുവെച്ചത് ജലീലിന്റെ ഇടപെടലിന്റെ ഫലമായാണ്. സമരം നടന്ന ദിവസം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് സമരത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂരും തടവിലാക്കപ്പെട്ട നേതാക്കളിൽ ഉണ്ടെന്നത് ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നതാണ്. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, കായിക മന്ത്രി എന്നിവർക്കെതിരെ പ്ലസ് വൺ വിഷയത്തിൽ സമാന സമരം നടത്തിയിട്ടും ഇപ്പോൾ ഉണ്ടായത് പോലുള്ള പൊലീസ് നടപടി നേരിടേണ്ടി വന്നിട്ടില്ല എന്നത് കെ ടി ജലീലിന്റെ ഇടപെടലിനെ വ്യക്തമാക്കുന്നു. യാതൊരു മുന്നറിയിപ്പും ഇല്ലാതെ നേതാക്കളുടെ വീടുകളിൽ കയറിച്ചെന്ന് നോട്ടീസ് പോലും നൽകാതെ വൻ ക്രിമിനൽ കേസ് പ്രതികളെ തിരയുന്ന രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുണ്ടായി. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച നേതാക്കളുടെ മനുഷ്യാവകാശം നിഷേധിക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. വക്കീലിനോട് സംസാരിക്കാൻ അനുവദിക്കാതിരിക്കുകയും കുടിവെള്ളം പോലും നിഷേധിക്കുകയും ചെയ്തു. മാധ്യമങ്ങളുടെ ഇടപെടലിനെ തുടർന്ന് ഏറെ വൈകി അറസ്റ്റ് രേഖപ്പെടുത്തി ആൾ ജാമ്യത്തിൽ വിടുകയായിരുന്നു.

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം ഇല്ലെന്ന് ലേഖനങ്ങൾ എഴുതിയും, പ്രഭാഷണ പരമ്പരകൾ നടത്തിയും, ഫേസ്‌ബുക് പോസ്റ്റുകളിലും നിരന്തരം സർക്കാരിനെ പ്രതിരോധിച്ചിരുന്ന കെ ടി ജലീലിനെ അദ്ദേഹത്തിന്റെ വാദം തെളിയിക്കാൻ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി വെല്ലുവിളിച്ചിരുന്നു. ഇതിന് തയാറാവാതെ അധിക്ഷേപകരമായ ഫേസ്‌ബുക് പോസ്റ്റുകളുമായി അദ്ദേഹം മുന്നോട്ട് പോവുക ആയിരുന്നു. ഇന്നലെ (26/07/2023) സർക്കാർ 97 പുതിയ താൽകാലിക ബാച്ചുകൾ അനുവദിച്ചതോടെ ജലീലിന്റെ വാദങ്ങൾ കള്ളമായിരുന്നെന്ന് സർക്കാർ തന്നെ സ്ഥിതീകരിച്ചതോടെ അപഹാസ്യനായത്തിലെ ജാള്യത മറക്കാനാണ് ബാച്ചുകൾ അനുവദിച്ച ദിവസം തന്നെ ഫ്രറ്റേണിറ്റി നേതാക്കൾക്കെതിരായ പ്രതികാര നടപടി. കെ ടി ജലീലിന്റെ രാഷ്ട്രീയ പാപ്പരത്തം തുറന്നു കാട്ടിയ പൊലീസ് നടപടിയെ രാഷ്ട്രീയ പരമായും നിയമ പരമായും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേരിടും.

നിസ്സാര വിഷയങ്ങൾക്ക് പോലും ഗൗരവമുള്ള വകുപ്പുകൾ ചുമത്തിയും പെറ്റി കേസുകളിൽ പോലും കൂടുതൽ ആളുകളെ പ്രതി ചേർത്തും മലപ്പുറം ഒരു ക്രിമിനൽ പശ്ചാത്തലമുള്ള ജില്ലയാണെന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവമായ ശ്രമം നടത്തുന്ന മലപ്പുറം എസ് പി സുജിത് ദാസ് ഐ പി എസിന്റെ ഇടപെടലും ജലീലിന് വേണ്ടി ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ട്.

പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ :
ജംഷീൽ അബൂബക്കർ (പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം)
ബാസിത് താനൂർ (ജനറൽ സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം)
ഷാറൂൺ അഹ്മദ് (ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം)
സയ്യിദ് ഉമർ തങ്ങൾ (ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം)
ഫായിസ് എലാങ്കോട് (ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം)
Dr. നബീൽ അമീൻ (പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മങ്കട മണ്ഡലം)
അജ്മൽ തോട്ടോളി (സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം)