- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിങ്ങം ഒന്നിന് പട്ടിണി സമരം; കർഷക ദിനം കരിദിനമായി പ്രതിഷേധിക്കും: രാഷ്ട്രീയ കിസാൻ മഹാസംഘ്
കൊച്ചി: നെല്ല് സംഭരിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും വില നൽകാതിരിക്കുകയും നാളികേരം,റബ്ബർ തുടങ്ങിയ സർവ്വ കാർഷിക ഉത്പന്നങ്ങൾക്കും ഉൽപാദന ചെലവ് പോലും വിപണിയിൽ കിട്ടാത്ത സാഹചര്യം ഉണ്ടാവുകയും കർഷകർ അതീവ ഗുരുതരമായ പ്രതിസന്ധിയിൽ കൂടി കടന്നുപോവുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകരെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യൻ കൺവീനർ അഡ്വ: വി സി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
കടക്കെണിയിൽപ്പെട്ട് ജപ്തി നടപടികൾ നേരിടുന്ന കർഷകരെ സർക്കാർ അവഗണിക്കുന്നതിനെതിരെ കർഷക പ്രസ്ഥാനങ്ങൾ സംഘടിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ചെയർമാൻ അഡ്വ: ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. കർഷകർ പട്ടിണിയി ലായിരിക്കുമ്പോൾ ഇടപെടാതെ മാറി നിന്ന് കോടികൾ മുടക്കി സർക്കാർ കർഷകദിനം ആചരിക്കുന്നതിനെതിരെ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17)കർഷക കരിദിനമായി കർഷകർ പ്രതിഷേധിക്കും. അന്നേദിവസം സംസ്ഥാന വ്യാപകമായി പട്ടിണി സമരം നടത്തും. പട്ടിണി സമരത്തിന് മുന്നോടിയായി ഓഗസ്റ്റ് 11ന് എല്ലാ ജില്ലാ കളക്ടർമാർക്കും രാഷ്ട്രീയ കിസാൻ മഹാസംഘ് കർഷക അവകാശ പത്രിക സമർപ്പിക്കും. നാഷണൽ കോർഡിനേറ്റർ അഡ്വ: കെ.വി ബിജു മുഖ്യപ്രഭാഷണവും സംസ്ഥാന വൈസ് ചെയർമാൻ മുതലാംതോട് മണി വിഷയാവതരണവും നടത്തി. ഭാരവാഹികളായ ഡോ.ജോസ്‌കുട്ടി ഒഴുകയിൽ, ജോർജ് സിറിയക്, മനു ജോസഫ്, രവീന്ദ്രൻ ആയാപറമ്പ, രാമചന്ദ്രൻ, സിറാജ് കൊടുവായൂർ, ജോബിൾ വടാശ്ശേരി, അപ്പച്ചൻ ഇരുവേയിൽ, ഉണ്ണികൃഷ്ണൻ ചേർത്തല, റോസ് ചന്ദ്രൻ, എനു പി.പി, ഹരിദാസ് കല്ലടിക്കോട്, ജോൺസൺ കുറ്റിയാനി മറ്റത്തിൽ തുടങ്ങിയവർ സംസാരിച്ചു.