തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിലവിൽ ഹയർസെക്കൻഡറി, ഹൈസ്‌കൂൾ, അപ്പർ പ്രൈമറി സ്‌കൂൾ, ലോവർ പ്രൈമറി സ്‌കൂൾ എന്നീ വിഭാഗങ്ങളിലായി 25 സർക്കാർ സ്‌കൂളുകളാണ് നിലവിലുള്ളത്. ഈ സ്‌കൂളുകൾക്ക് കെ. പി. എ മജീദ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 92 ലക്ഷം രൂപ വിനിയോഗിച്ച് ലഭ്യമാക്കുന്ന സ്‌കൂൾ ഫർണിച്ചറുകളുടെ വിതരണ ഉദ്ഘാടനം ഇന്ന് തൃക്കുളം ഗവൺമെന്റ് ഹൈസ്‌കൂളിലും, പുതുപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും.

കെപിഎ മജീദ് എംഎൽഎ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ വിദ്യാഭ്യാസ പദ്ധതിയായ ഉയരെ പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കുട്ടികൾക്കാവശ്യമായ ബെഞ്ച് ,ഡസ്‌ക്, പ്രൈമറി ക്ലാസുകളിലേക്ക് ആവശ്യമായ കസേരകൾ, പുസ്തകങ്ങളും മറ്റും സൂക്ഷിക്കുന്നതിനും സ്‌കൂൾ ഓഫീസുകളിലേക്കും, ക്ലാസ് മുറികളിലേക്ക് ആവശ്യമായതുമായ വിവിധതരം അലമാരകൾ, മേശകൾ, ടേബിൾ ചെയറുകൾ തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.

നിയോജകമണ്ഡലത്തിലെ സർക്കാർ സ്‌കൂളുകളിൽ നിന്നും പിടിഎ പ്രസിഡണ്ടും ഹെഡ്‌മാസ്റ്ററും ആവശ്യപ്രകാരമുള്ള ഫർണിച്ചറുകൾ ആണ് ലഭ്യമാക്കുന്നത്. നിയോജകമണ്ഡലത്തിലെ വിവിധ നഗരസഭ പഞ്ചായത്ത് അധ്യക്ഷന്മാരും, മറ്റു ജനപ്രതിനിധികളും, തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസറും, പരപ്പനങ്ങാടി, താനൂർ, വേങ്ങര എന്നിവിടങ്ങളിലെ ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരും, തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ സ്‌കൂൾ പിടിഎ പ്രസിഡന്റുമാരും ഹെഡ്‌മാസ്റ്റർമാരും അടക്കം പങ്കെടുത്ത ഉയരെ പദ്ധതിയുടെ ആദ്യഘട്ട മീറ്റിങ്ങിൽ ബന്ധപ്പെട്ട സ്‌കൂളുകളിലെ ഹെഡ്‌മാസ്റ്റർമാർ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സ്‌കൂൾ ഫർണിച്ചറുകൾ സ്‌കൂളുകളിലേക്ക് ലഭ്യമാകേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചിരുന്നു. ഈ ആവശ്യപ്രകാരം സ്‌കൂളുകളോട് ആവശ്യമുള്ള ഫർണിച്ചറുകൾ ലഭ്യമാക്കാൻ ആവശ്യപ്പെടുകയും, എല്ലാ സ്‌കൂളുകളും ആവശ്യപ്പെട്ട മുഴുവൻ ഫർണിച്ചറുകളും ലഭ്യമാക്കിയതായും കെപിഎ മജീദ് എംഎൽഎ അറിയിച്ചു.

നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളെ മൂന്ന് മേഖലകളാക്കി തിരിച്ചാണ് വിതരണ ഉദ്ഘാടനം നിർവഹിക്കുന്നത്. 25 സർക്കാർ സ്‌കൂളുകളിലേക്കും അവർ ആവശ്യപ്പെട്ട
പ്രകാരമുള്ള സ്‌കൂൾ ഫർണിച്ചറുകൾ അതത് സ്‌കൂളുകളിലേക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയതായും കെ. പി. എ മജീദ് എംഎൽഎ പറഞ്ഞു. ആദ്യഘട്ട വിതരണ ഉദ്ഘാടനം പരപ്പനങ്ങാടി ഗവൺമെന്റ് എൽപി സ്‌കൂൾ, അങ്ങാടി യിൽ വെച്ച് നടന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലും, മൂന്നുമണിക്ക് ചെമ്മാട് തൃക്കുളം ഗവൺമെന്റ് ഹൈസ്‌കൂളിലും ഫർണിച്ചർ വിതരണ ഉദ്ഘാടനം നടക്കും. നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികൾ, പിടിഎ ഭാരവാഹികൾ അടക്കമുള്ള ജനറൽബോഡി മെമ്പർമാർ, വിദ്യാഭ്യാസ പ്രവർത്തകർ, സ്‌കൂൾ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും.