കൊച്ചി: സംസ്ഥാന സർക്കാരിന്റെ കർഷക സമീപനത്തിന്റെ യഥാർത്ഥ മുഖമാണ് മുവാറ്റുപുഴയ്ക്കടുത്ത് യുവകർഷകന്റെ വാഴകൃഷി നശിപ്പിച്ച കെഎസ്ഇബി ഉദ്യോഗസ്ഥരിലൂടെ പുറത്തുവന്നതെന്നും കാലങ്ങളായി തുടരുന്ന ദുരനുഭവങ്ങൾ പാഠമാക്കി ഉദ്യോഗസ്ഥ പീഡനങ്ങൾക്കെതിരെ സംഘടിക്കാൻ കർഷകരുടെ കണ്ണുതുറക്കണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കൺവീനർ അഡ്വ.വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

കർഷകനെയും കാർഷികമേഖലയെയും നിരന്തരം കുരുതികൊടുക്കുന്ന സർക്കാരിനെങ്ങനെ ചിങ്ങം ഒന്നിന് കർഷകദിനമാചരിക്കാനാവും. ഇതര സംസ്ഥാനങ്ങൾ കർഷകർക്ക് വൈദ്യുതി സൗജന്യമായി നൽകുമ്പോൾ കേരളത്തിന്റെ വൈദ്യുതി വകുപ്പ് കൃഷി നശിപ്പിക്കുന്ന സമീപനമാണ്. ഇതാണോ സർക്കാരിന്റെ കാർഷികനയമെന്ന് കൃഷി, വൈദ്യുതി വകുപ്പ് മന്ത്രിമാർ വ്യക്തമാക്കണം. കെഎസ്ഇബിയുടെ കർഷക ക്രൂരതയ്ക്ക് വൈദ്യുതി, കൃഷി മന്ത്രിമാർ പരസ്യമായി മാപ്പുപറയുകയും കർഷകന് നഷ്ടപരിഹാരം നൽകുകയും വേണം.

അസംഘടിത കർഷകരോട് എന്തുമാകാമെന്ന ഉദ്യോഗസ്ഥ ധാർഷ്ട്യമാണ് വാഴവെട്ടി നിരത്തിയതിലൂടെ പ്രകടമായത്. വളർച്ച പൂർത്തിയായി അടുത്ത ദിവസം ഓണത്തിനോടനുബന്ധിച്ച് വിപണിയിലെത്തേണ്ട വാഴക്കുലകളാണ് ഉദ്യോഗസ്ഥർ വാശിയോടെ നശിപ്പിച്ചത്. കെഎസ്ഇബി ലൈനിനടിയിൽ കൃഷി നിരോധനമെങ്കിൽ കൃഷിക്കായി തയ്യാറെടുത്ത സന്ദർഭത്തിൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ എന്തുകൊണ്ട് യുവ കർഷകനെ വിവരം അറിയിച്ചില്ല. കർഷകന്റെ വിയർപ്പിന്റെ വിലയറിയാത്ത ഉദ്യോഗസ്ഥ ക്രൂരതയെ ഭരണനേതൃത്വങ്ങൾ വെള്ളപൂശരുതെന്നും ഈ കർഷകദ്രോഹത്തിനെതിരെ അടിയന്തര നടപടികളെടുക്കണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോർഡിനേറ്റർ കെ.വി.ബിജു, സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ്, ജനറൽ കൺവീനർ പ്രൊഫ.ജോസുകുട്ടി ഒഴുകയിൽ എന്നിവർ സംയുക്തമായി സർക്കാരിനോട് ആവശ്യപ്പെട്ടു.