ഇടുക്കി: നടൻ നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെയും ആലുവ രാജഗിരി ആശുപത്രിയുടെയും സംയുക്ത സംരംഭമായ ആശ്വാസം പദ്ധതിയുടെ ഇടുക്കി ജില്ലാതല വിതരണോദ്ഘാടനം പീരുമേട് ഡി.വൈ.എസ്‌പി ജെ. കുര്യാക്കോസ് മലങ്കര ഓർത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത സക്കറിയ മാർ സേവേറിയോസിനു നൽകി നിർവഹിച്ചു.

കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപുഴ അധ്യക്ഷത വഹിച്ചു. നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആരംഭിച്ച ഏറ്റവും പുതിയ പദ്ധതിയാണ് ആശ്വാസം. ഓക്‌സിജൻ സിലിണ്ടർ ആവശ്യമായി വരുന്ന കിടപ്പുരോഗികൾക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങൾക്കും സൗജന്യമായി ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ നൽകുന്ന പദ്ധതിയാണ് ആശ്വാസം.

ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ സൗജന്യമായി നൽകുമ്പോൾ ശ്വാസ സംബന്ധമായ അസുഖങ്ങളുള്ള കിടപ്പിലായ രോഗികൾക്ക് ജീവന്റെ നിലനിൽപിന് ഏറ്റവും ആവശ്യമായ ജീവവായു ആണ് നൽകുന്നതെന്നും അത് ഒരു തികഞ്ഞ കാരുണ്യ പ്രവർത്തനമാണെന്നും മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു. മമ്മൂട്ടി, കെയർ ആൻഡ് ഷെയർ വഴി ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെല്ലാം ജനങ്ങൾക്ക് ഒട്ടേറെ പ്രയോജനകരമാണെന്നും ഡി.വൈ.എസ്‌പി. ജെ. കുര്യാക്കോസ് പ്രശംസിച്ചു.

ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഏറെ അനുഗ്രഹീതമാണെന്നും അദ്ദേഹം പറഞ്ഞു. ആശ്വാസം പദ്ധതി കേരളത്തിൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മമ്മൂട്ടി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇടുക്കി ജില്ലയിലും പദ്ധതി നടപ്പിലാക്കുന്നതെന്ന് കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് മരോട്ടിപുഴ പറഞ്ഞു. ചടങ്ങിൽ ഡോ. രാജു ഫിലിപ്പ്, ഭദ്രാസന സെക്രട്ടറി ബിജു ആൻഡ്രൂസ് എന്നിവരും പങ്കെടുത്തു.