കോട്ടയം: കേരളം നേരിടുന്ന വിവിധ കാർഷിക പ്രശ്നങ്ങളും ഭരണസംവിധാനങ്ങളുടെ കർഷക ദ്രോഹങ്ങളും ചൂണ്ടിക്കാട്ടി കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതി സംസ്ഥാന സർക്കാരിന് കർഷക അവകാശ പത്രിക സമർപ്പിക്കുമെന്ന് ചെയർമാൻ അഡ്വ.ബിനോയ് തോമസ് അറിയിച്ചു.

ഓഗസ്റ്റ് 10,11 തീയതികളിൽ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ 14 ജില്ലാ സമിതിയംഗങ്ങൾ അതാത് ജില്ലാ ആസ്ഥാനത്തെത്തി കളക്ടർമാർ മുഖേനയാണ് സർക്കാരിന് കർഷക അവകാശപത്രിക കൈമാറുന്നത്. വിവിധ സ്വതന്ത്ര കർഷക സംഘടനകളും പങ്കുചേരും. ചിങ്ങം ഒന്നിന് സർക്കാർ നടത്തുന്ന കർഷക ദിനാചരണം കർഷകർ ബഹിഷ്‌കരിക്കും. വന്യജീവി അക്രമങ്ങളും ഉദ്യോഗസ്ഥ നീതിനിഷേധങ്ങളും മൂലം കർഷകർ നിരന്തരം പീഡിപ്പിക്കപ്പെടുമ്പോൾ സർക്കാരിന്റെ കർഷക ദിനാചരണം പ്രഹസനമാണ്.

ചിങ്ങം ഒന്നിന് കേരളത്തിലെ 100 കേന്ദ്രങ്ങളിൽ പ്രതിഷേധസൂചകമായി കർഷകർ പട്ടിണിസമരം നടത്തും. സംസ്ഥാനതല പട്ടിണി സമരം ആലപ്പുഴ കളക്റ്റ്രേറ്റ് പടിക്കൽ ഓഗസ്റ്റ് 17 വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും.

14 ജില്ലകളിലെ കർഷക അവകാശപത്രിക സമർപ്പണത്തിന് രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോർഡിനേറ്റർ കെ.വി.ബിജു, സൗത്ത് ഇന്ത്യ കൺവീനർ അഡ്വ വി സി സെബാസ്റ്റ്യൻ, സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ്, ജനറൽ കൺവീനർ പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ, ദേശീയ സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, ഡിജോ കാപ്പൻ, ജോർജ്ജ് സിറിയക്, അഡ്വ.പി.പി.ജോസഫ്, അഡ്വ.ജോൺ ജോസഫ്, ജോയി കണ്ണഞ്ചിറ, ജോർജ് ജോസഫ് വാതപ്പള്ളി, കെ.റോസ് ചന്ദ്രൻ, മനു ജോസഫ്, മാർട്ടിൻ തോമസ്, ആയംപറമ്പ് രാമചന്ദ്രൻ, സി.ടി.തോമസ്, ഉണ്ണികൃഷ്ണൻ ചേർത്തല, ജോയ് കണ്ണാട്ടുമണ്ണിൽ, വി.ജെ.ലാലി, വർഗീസ് കൊച്ചുകുന്നേൽ, അപ്പച്ചൻ ഇരുവേലിൽ, ഷാജി തുണ്ടത്തിൽ, അപ്പച്ചൻ തെള്ളിയിൽ, ജോർജ് പള്ളിപ്പാടൻ, ജിനറ്റ് മാത്യു, ജോബി വടാശ്ശേരി, ബാലകൃഷ്ണൻ എംഎ, സജീഷ് കുത്താമ്പൂർ, സിറാജ് കൊടുവായൂർ, പി.ജെ.ജോൺ മാസ്റ്റർ, അഷ്റഫ് സി.പി,. സണ്ണി തുണ്ടത്തിൽ, സുരേഷ് കുമാർ ഓടാപന്തിയിൽ, ഷുക്കൂർ കണാജെ, ഷാജി കാടമന എന്നിവർ നേതൃത്വം നൽകും.