- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലായിൽ നടക്കുന്ന 'ഓർമ്മ' അന്താരാഷ്ട്ര പ്രസംഗ മത്സരം ഗ്രാൻഡ് ഫിനാലേയുടെ ഒരുക്കങ്ങൾ പൂർത്തിയായി
പാലാ: ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ 'ഓർമ്മ' പാലായിൽ സംഘടിപ്പിക്കുന്ന ആകെ നാലു ലക്ഷത്തിൽപരം രൂപ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ ജോസ് തോമസ്, ജോസ് ആറ്റുപുറം, ഷാജി ആറ്റുപുറം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഓൺലൈനിൽ വിജയകരമായ രണ്ടു ഘട്ടങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ഗ്രാൻഡ് ഫിനാലെ സംഘടിപ്പിക്കുന്നത്. നാളെ (ഓഗസ്റ്റ് 12 ശനിയാഴ്ച) പാലാ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിലാണ് വിപുലമായി രീതിയിൽ ഫിനാലേ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്.
കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ, ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, മുൻ ഡിജിപി ബി സന്ധ്യ ഐപിഎസ്, പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, ചലച്ചിത്ര സംവിധായകൻ സിബി മലയിൽ തുടങ്ങിയവർ പങ്കെടുക്കും.
കേരളാ ഹൈക്കോടതി മുൻ ജഡ്ജി കെ. നാരായണക്കുറുപ്പ് ചെയർമാനായ പാനലാണ് ഫൈനൽ റൗണ്ടിൽ മത്സരത്തിന്റെ വിധികർത്താക്കളാകുന്നത്. മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ, മുൻ ഡി ജി പി ബി. സന്ധ്യ, ഡോ. ജിൽസൺ ജോൺ, അരുവിത്തുറ സെന്റ് ജോർജ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു അനി ജോൺ, ഫിലാഡൽഫിയയിലെ പ്രശസ്തനായ അറ്റോർണി അഡ്വ. ജോസഫ് എം കുന്നേൽ എന്നിവരാണ് ഫൈനൽ റൗണ്ട് വിധികർത്താക്കൾ.
ഫൈനൽ റൗണ്ടിൽ നിന്നാണ് പുരസ്കാരങ്ങൾക്കും മെഗാ ക്യാഷ് അവാർഡുകൾക്കുമുള്ള പ്രസംഗകരെനിശ്ചയിക്കുക. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലെ ഏറ്റവും മികച്ച പ്രാസംഗികന് ഒരു ലക്ഷം രൂപ സമ്മാനം നൽകും. ഇരു വിഭാഗങ്ങളിലും ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടുന്നവർക്കു യഥാക്രമം 50,000, 25,000, 15,000 രൂപ വീതം സമ്മാനം നൽകും. മറ്റു സ്ഥാനങ്ങൾ നേടുന്നവർക്കും ക്യാഷ് പ്രൈസുകൾ നൽകും. ഇരു വിഭാഗങ്ങളിൽ നിന്നുമായി 26 പേരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും കർണ്ണാടക, ഡൽഹി, കുവൈറ്റ്, യു എ ഇ, യു കെ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മത്സരാർത്ഥികൾ. 'മാറുന്ന ലോകത്തിൽ ഇന്ത്യ മാറ്റത്തിന്റെ പ്രേരക ശക്തി', 'യുവജനങ്ങളുടെ കർമ്മശേഷിയും ക്രിയാത്മകതയും നശിപ്പിക്കുന്ന ലഹരി വസ്തുക്കൾ- പ്രശ്നങ്ങളും പരിഹാരങ്ങളും' എന്നീ വിഷയങ്ങളിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒന്നായിരിക്കും ഫൈനൽ റൗണ്ടിലെ പ്രസംഗ മത്സരത്തിന്റെ വിഷയം. മത്സരത്തിൽ നാല് മിനുട്ടാണ് ഒരാൾക്ക് സംസാരിക്കാൻ അനുവദിക്കപ്പെട്ട സമയം. രാവിലെ 9 മണിക്ക് തുടങ്ങി 12.30ന് പ്രസംഗ മത്സരം അവസാനിക്കും. തുടർന്ന് രണ്ട് മണി മുതൽ നടക്കുന്ന പൊതു സമ്മേളനത്തിൽ ചലച്ചിത്ര സംവിധായകൻ സിബി മലയിൽ വിജയികളെ പ്രഖ്യാപിക്കും.
അന്താരാഷ്ട്ര തലത്തിലൊരുക്കിയ പ്രസംഗമത്സരത്തിന്റെ ആദ്യത്തെ റൗണ്ടിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി വന്ന നാന്നൂറോളം പ്രസംഗങ്ങളിൽ നിന്നാണ് രണ്ടാം ഘട്ടത്തിലേക്കുള്ള അമ്പത് പ്രസംഗങ്ങൾ തിരഞ്ഞെടുത്തത്. ഇതിൽ നിന്ന് രണ്ട് വിഭാഗത്തിൽ നിന്നും പതിമൂന്ന് പേരെ വീതം 26 പേരെയാണ് ഫൈനൽ റൗണ്ടിലേക്ക് പരിഗണിച്ചിരിക്കുന്നത്. ഫൈനൽ റൗണ്ടിൽ മത്സരാർത്ഥികൾക്കായി വ്യത്യസ്ഥങ്ങളായ മത്സരങ്ങളായിരിക്കും ഉണ്ടായിരിക്കുക. മത്സരാർത്ഥികളെ എന്റർടെയ്ൻ ചെയ്യിക്കുന്നതിനായി 1.30മുതൽ 2.15 വരെ ടോപ് സിംഗർ ഫെയിം റിതുരാജ്, മിയക്കുട്ടി എന്നിവരുടെ മ്യൂസിക് ഷോയും ഒരുക്കിയിട്ടുണ്ട്. ഇന്ന് (ഓഗസ്റ്റ് 11ന് ) അവസാന വട്ട പരിശീലനം കൂടി നൽകിയ ശേഷമാകും ഫിനാലേ വേദിയിലേക്ക് മത്സരാർത്ഥികളെ എത്തിക്കുക. ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ട് അപ്പ് ആണ് അന്താരാഷ്ട്രാ പ്രസംഗ മത്സരത്തിന്റെ ചാനൽ പാർട്ട്നർ.
പത്രസമ്മേളനത്തിൽ ഓർമ ടാലന്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ്, ഓർമ കേരള ചാപ്റ്റർ പ്രസിഡന്റ് കുര്യാക്കോസ് മാണിവയലിൽ, റെജിമോൻ കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.