പാലാ: സ്വാതന്ത്ര്യത്തിന്റെ മഹത്വം ഉൾക്കൊള്ളാൻ പുതുതലമുറ തയ്യാറാകണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറയ്ക്കു സ്വാതന്ത്ര്യത്തിന്റെ വില മനസിലാക്കാൻ സാധിക്കുന്നുണ്ടോയെന്ന് സംശയമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച മഹാന്മാരെ വിസ്മരിക്കരുതെന്നും മാണി സി കാപ്പൻ പറഞ്ഞു. രാജ്യാഭിമാനികളായി യുവജനങ്ങൾ വളരണമെന്നും തങ്ങളുടെ കർമ്മശേഷി രാജ്യപുരോഗതിക്കായി വിയോഗിക്കണമെന്നും എം എൽ എ നിർദ്ദേശിച്ചു.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ ചെയർപേഴ്‌സൺ ജോസിൻ ബിനോ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ. കൗൺസിലർ ബിനു പുളിക്കക്കണ്ടം, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി, തങ്കച്ചൻ മുളകുന്നം, എം പി കൃഷ്ണൻനായർ, അഡ്വ സിബി മാത്യു തകിടിയേൽ, അക്‌സ ട്രീസ എന്നിവർ പ്രസംഗിച്ചു. മാണി സി കാപ്പന്റെ നേതൃത്വത്തിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.

രാജ്യത്തോടുള്ള കടമകൾ വിസ്മരിക്കരുത്

കൊച്ചിടപ്പാടി: ഭരണഘടനയിലെ അവകാശങ്ങൾക്കായി വാദിക്കുന്നവർ അതേ ഭരണഘടനയിലെ രാജ്യത്തോടുള്ള കടമകൾ വിസ്മരിക്കുകയാണെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പറഞ്ഞു. കടമകൾ പാലിക്കാൻ ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. ഹർ ഘർ തിരംഗ പദ്ധതിയുടെ ഭാഗമായി കൊച്ചിടപ്പാടിയിലെ വീടിനു മുന്നിൽ സ്ഥാപിച്ച ഗാന്ധിസ്‌ക്വയറിൽ സ്വാതന്ത്ര്യദിനാഘോഷപരിപാടി ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടമകൾ വിസ്മരിച്ചുകൊണ്ട് അവകാശങ്ങളെപ്പറ്റി സംസാരിക്കുന്നത് അനീതിയാണ്. സ്വാതന്ത്ര്യം നേടി ഏഴരപതിറ്റാണ്ടു കഴിഞ്ഞിട്ടും സമത്വം നടപ്പാക്കാനായിട്ടില്ല. അതിനു കാരണം ഭരണകർത്താക്കളുടെ പിടിപ്പുകേടാണ്. സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് ആധിപത്യമായിരുന്നുവെങ്കിൽ ഇപ്പോഴത് കോർപ്പറേറ്റ് ആധിപത്യമായി മാറിക്കഴിഞ്ഞുവെന്ന് എബി ജെ ജോസ് ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. ലിയ മരിയ, ഇവാന എൽസ, ജോസഫ് കുര്യൻ, കാതറീൻ റെബേക്ക, അക്‌സ ട്രീസ, ദിയ ആൻ തുടങ്ങിയവർ പങ്കെടുത്തു.