ആലപ്പുഴ: ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല അസംഘടിത കർഷകരെന്നും തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ മാത്രമുള്ള ഉപകരണങ്ങളും രാഷ്ട്രീയ അടിമകളുമായി കർഷകർ അധഃപതിക്കരുതെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യ കൺവീനർ അഡ്വ.വി സി.സെബാസ്റ്റ്യൻ. ആലപ്പുഴ കളക്റ്റ്രേറ്റ് പടിക്കൽ കർഷക കരിദിന പ്രതിഷേധത്തോടനുബന്ധിച്ച് സംസ്ഥാനതല പട്ടിണിസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടിച്ചുണർന്നില്ലെങ്കിൽ കർഷകന്റെ നിലനിൽപുതന്നെ ചോദ്യം ചെയ്യപ്പെടുന്ന ദയനീയ സ്ഥിതിയാണ് കേരളത്തിലുള്ളത്. ഉദ്യോഗസ്ഥർക്ക് ശമ്പളത്തിനുപുറമെ ബോണസും ക്ഷാമബത്തയും ക്ഷേമപദ്ധതികളും പ്രഖ്യാപിക്കുന്നവർ മാസങ്ങൾക്കുമുമ്പ് കർഷകരിൽ നിന്നും വാങ്ങിയ നെല്ല് അരിയായി വിപണിയിൽ വിറ്റിട്ടും പണം നൽകാത്തത് ക്രൂരതയല്ലേ. കേരളത്തിന്റെ പൊതുമനഃസാക്ഷി കർഷകർക്കായി ഉണരണം. കേരളത്തിലെ കർഷകരെ സംരക്ഷിക്കാത്ത സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യുന്നത് വിരോധാഭാസമാണ്. കേന്ദ്രസർക്കാരാകട്ടെ കർഷകവിരുദ്ധ കരിനിയമങ്ങൾ അടിച്ചേൽപ്പിച്ച് ചെറുകിട കർഷകനെ വൻകിട കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നു. കർഷക ആത്മഹത്യകൾ രാജ്യത്ത് കുതിച്ചുയരുകയാണ്. കൃഷിഭൂമിയിലെത്തിയുള്ള വന്യമൃഗങ്ങളുടെ ആക്രമങ്ങൾ കർഷകജീവനെടുക്കുന്നു. തീരദേശജനതയുടെ ജീവിതവും ജീവനും നിരന്തരം സർക്കാർ പന്താടുന്നു. പട്ടിണിസമരം കർഷക പ്രക്ഷോഭമായി സംസ്ഥാനത്തുടനീളം ആഞ്ഞടിക്കുവാൻ ഇനി വൈകില്ലെന്നും നിലനില്പിനായുള്ള കർഷക പോരാട്ടത്തിൽ എല്ലാ കർഷക സംഘടനകളും ഒറ്റക്കെട്ടായി അണിചേരണമെന്നും വി സി. സെബാസ്റ്റ്യൻ പറഞ്ഞു.

രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് 100 കേന്ദ്രങ്ങളിൽ ഇന്നു നടക്കുന്ന പട്ടിണിസമരം കേന്ദ്ര സംസ്ഥാന സർക്കാരിനുള്ള ഒരു മുന്നറിയിപ്പാണെന്നും കർഷകനെ നിരന്തരം ദ്രോഹിച്ചതിനുശേഷം സർക്കാർഖജനാവിലെ പണംമുടക്കി ധൂർത്തു നടത്തുന്ന കർഷക ദിനാചരണം പ്രഹസനമാണെന്നും ബിനോയ് തോമസ് സൂചിപ്പിച്ചു.

ആലപ്പുഴ വെള്ളക്കിണർഭാഗത്ത് സംഘടിച്ച നൂറുകണക്കിന് കർഷകസംഘടനാ പ്രതിനിധികൾ പ്രകടനമായിട്ടാണ് കളക്റ്റ്രേറ്റ് പടിക്കൽ എത്തിയത്. രാഷ്ട്രീയ കിസാൻ മഹാസംഘ് ജനറൽ കൺവീനർ ഡോ. ജോസ്‌കുട്ടി ഒഴുകയിൽ, ദേശീയ സംസ്ഥാന നേതാക്കളായ സി.ടി.തോമസ്, നാഷണൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്സ് യൂണിയൻ ചെയർമാൻ ജോർജ് ജോസഫ് വാതപ്പള്ളി, രാഷ്ട്രീയ കിസാൻ മഹാസംഘ് ജില്ലാ ചെയർമാൻ ഉണ്ണികൃഷ്ണൻ ചേർത്തല, ഡിജോ കാപ്പൻ, അഡ്വ.പി.പി.ജോസഫ്, ജോബിൾ വടശ്ശേരി, വി.ജെ.ലാലി, ജോർജ് സിറിയക്, വിദ്യാധരൻ സി.വി., ജോയി കണ്ണംചിറ, മനു ജോസഫ്, സിറാജ് കൊടുവായൂർ, ആയാപറമ്പ് രാമചന്ദ്രൻ, ജേക്കബ് പുളിക്കൻ, ചാക്കപ്പൻ ആന്റണി, ജയിംസ് കല്ലുപാത്ര, ബേബി പാറക്കാടൻ, റോസ് ചന്ദ്രൻ, വർഗീസ് കൊച്ചുകുന്നേൽ, ഹരിദാസ് കല്ലടിക്കോട് എന്നിവർ സംസാരിച്ചു.