- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണാഘോഷത്തോടൊപ്പം സ്‌നേഹവീട്ടിൽ എത്തി ഓക്‌സിജൻ കോൺസെൻട്രേറ്റർ നൽകി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ
കൊല്ലം: നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ആശ്വാസം പദ്ധതിയിലൂടെ നൽകുന്ന ഓക്‌സിജൻ കോൺസെൻട്രേറ്റർ വിതരണത്തിന്റെ കൊല്ലം ജില്ലാതല വിതരണോദ്ഘാടനം കൊല്ലം ജില്ലയിലെ ചിതറ കെ. പി ഫൗണ്ടേഷൻ ആസ്ഥാനമായ സ്‌നേഹ വീട്ടിൽ സംഘടിപ്പിച്ചു. പദ്ധതിയുടെ സമ്മേളനോദ്ഘാടനം പുനലൂർ എംഎൽഎ പി. എസ്. സുപാൽ നിർവഹിച്ചു.
കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വൈസ് ചെയർമാനും എം.ജി.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാനുമായ ഡോ. ഗീവർഗീസ് യോഹന്നാൻ ചടങ്ങിൽ ഓക്‌സിജൻ കോൺസെൻട്രേറ്റർ കടക്കൽ താലൂക്ക് ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാങ്കോട് കുടുംബാരോഗ്യ കേന്ദ്ര പ്രവർത്തന പരിധിയിലുള്ള പാലിയേറ്റീവിനു കൈമാറി. മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നവയാണ്, അവ കൊല്ലം ജില്ലയിലേക്കും ആശ്വാസം പദ്ധതിയിലൂടെ ജില്ലയ്ക്ക് ആശ്വാസമായി മാറിയെന്നും എംഎൽഎ പി. എസ്. സുപാൽ പറഞ്ഞു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ മുഖ്യ പദ്ധതികളിൽ ഒന്നായ ആശ്വാസം പദ്ധതിയിലൂടെ ഓക്‌സിജൻ ആവശ്യമായി വരുന്ന കിടപ്പ് രോഗികൾക്കും അവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങൾക്കും ഓക്‌സിജൻ കോൺസെൻട്രേറ്റർ സൗജന്യമായി നൽകുന്നു.
പദ്ധതി ആരംഭിച്ചത് മുതൽ കേരളത്തിലുടനീളം എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഓക്‌സിജൻ കോൺസെൻട്രേറ്റർ നൽകുന്നുണ്ടെന്നു കെയർ ആൻഡ് ഷെയർ വൈസ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ പറഞ്ഞു. സ്‌നേഹവീട്ടിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് ഓക്‌സിജൻ കോൺസെൻട്രേറ്റർ വിതരണ പദ്ധതിയായ ആശ്വാസവും നടത്തിയത്. പ്രായമായവർക്കും, കുട്ടികൾക്കും, സ്ത്രീകൾക്കും, സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികളായവർക്കും ഒത്തിരിയേറെ സഹായവും സംരക്ഷണവും നൽകുന്ന സ്ഥാപനമാണ് കെ. പി. ഫൗണ്ടേഷൻ ആസ്ഥാനമായ സ്‌നേഹവീട്. ചടങ്ങിൽ ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ്. മുരളി, വികസനകാര്യ ചെയർമാൻ മടത്തറ അനിൽ, എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് അഡ്‌മിനിസ്‌ട്രേഷൻ മാനേജർ സുനിൽകുമാർ, നിതിൻ ചിറത്തിലാട്ട് എന്നിവർ പ്രസംഗിച്ചു.