- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ നിർത്തലാക്കരുത്; അഴിമതിക്കാരെ ശിക്ഷിക്കണം: അഡ്വ.വി സി.സെബാസ്റ്റ്യൻ
കൊച്ചി: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള ദേശീയ സ്‌കോളർഷിപ്പുകളിൽ അഴിമതിയുണ്ടെങ്കിൽ അന്വേഷണം നടത്തി നടപടികളെടുക്കുന്നതിനുപകരം അർഹതപ്പെട്ടവർക്കുള്ള സ്‌കോളർഷിപ്പുകൾ നിർത്തലാക്കുന്നതിൽ നീതീകരണമില്ലെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
നിലവിലില്ലാത്ത സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരിൽ സ്‌കോളർഷിപ്പുകൾ നൽകിയിട്ടുണ്ടെങ്കിലത് ഭരണസംവിധാനങ്ങളുടെ വീഴ്ചയും നടത്തിപ്പിലെ കെടുകാര്യസ്ഥതയുമാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്ന ഈ ഉദ്യോഗസ്ഥവീഴ്ചയിൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ ബലിയാടാക്കുന്നത് ശരിയല്ല. സ്‌കൂൾ വിദ്യാഭ്യാസം രാജ്യത്ത് എല്ലാവർക്കും സൗജന്യമാണെന്ന വാദമുന്നയിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ 1 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ 2022 ജൂലൈ മുതൽ നിർത്തലാക്കിയത്.
കേരളത്തിലെ മലപ്പുറത്ത് ഒരു ബാങ്കിലൂടെ മാത്രം 66,000 സ്‌കോളർഷിപ്പുകളും ജമ്മു കാശ്മീരിൽ 5000 കുട്ടികൾ പഠിക്കുന്നിടത്ത് 7000 സ്‌കോളർഷിപ്പുകളും വിതരണം നടത്തിയിരിക്കുമ്പോൾ ഈ പണം എവിടെപ്പോയെന്നും ഇതിന്റെ പിന്നിലാരെന്നും അന്വേഷണം വേണം. കേന്ദ്രസർക്കാർ അംഗീകരിച്ച 6 ന്യൂനപക്ഷ വിഭാഗങ്ങളിൽ ആരാണ് ഈ അഴിമതി നടത്തിയതെന്നും അന്വേഷിച്ച് വ്യക്തമാക്കാതെ എല്ലാ ന്യൂനപക്ഷങ്ങളെയും അടച്ചാക്ഷേപിക്കുന്നതും ശരിയല്ല. ഉന്നതവിദ്യാഭ്യാസമേഖലയിൽ നിലവിലുള്ള ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ നിർത്തലാക്കുവാനുള്ള ആയുധമായി സ്‌കോളർഷിപ്പ് അഴിമതി മാറരുതെന്നും അതേസമയം അഴിമതികൾ നടത്തിയവരെ നിയമസംവിധാനത്തിനുള്ളിൽ ശിക്ഷിക്കണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.