കൊച്ചി: വിഖ്യാത നൃത്തകലാ സ്ഥാപനമായ ബെംഗലൂരു മോനിഷ ആർട്ട്‌സ് സംഘടിപ്പിക്കുന്ന  2023നു തിരി തെളിയുന്നത് എറണാകുളം സ്വദേശിയായ പ്രശസ്ത മലയാളി നർത്തകിയും ഹൈക്കോടതി അഭിഭാഷകയുമായ പാർവ്വതി മേനോന്റെ 'ജ്വാലാമുഖി' എന്ന ഏകാംഗ കുച്ചിപ്പുഡി നൃത്ത ഡ്രാമയുടെ അവതരണത്തോടെ. ഈ മാസം 25 നു വൈകിട്ട് 5.45നാണ് ബെംഗളൂരു ജെ സി റോഡിലെ അഡ രംഗമന്ദിരയിൽ വേറിട്ട കലാവതരണം അരങ്ങേറുന്നത്. ഏകാംഗ കുച്ചിപ്പുഡി നൃത്ത ഡ്രാമ അരങ്ങിലെത്തുന്നത് ഇതാദ്യം.

വാചിക അഭിനയം ഉൾച്ചേർന്ന കുച്ചിപ്പുഡി ഡ്രാമ സംഘമായി അവതരിപ്പിക്കുന്നത് തന്നെ അത്യപൂർവ്വം എന്നിരിക്കെ പാർവ്വതി മേനോന്റെ ഏകാംഗ അവതരണം സാഹസികവും ചരിത്രപരവുമായ ആദ്യ കലാ ഉദ്യമമെന്ന നിലയ്ക്ക് ഏറെ ശ്രദ്ധേയം. 'ജ്വാലാമുഖി'യിൽ എല്ലാ കഥാപാത്രങ്ങളെയും പാർവ്വതി തനിയെ രംഗത്ത് കുച്ചിപ്പുഡിയിലൂടെ അവതരിപ്പിക്കുകയാണ്. അതേസമയം കുച്ചിപ്പുഡി എന്ന നൃത്തരൂപത്തിന്റെ മൂലതത്വങ്ങളും അന്തഃസത്തയും സാരാംശവും തരിമ്പും ചോരാതിരിക്കുന്നതിലും നർത്തകി ശ്രദ്ധ പുലർത്തിയിരിക്കുന്നു.

ശിവപുരാണത്തെ ആസ്പദമാക്കുന്ന 'ജ്വാലാമുഖി'യിൽ ദക്ഷന്റെ മകൾ സതിയുടെ ജീവിത പരിസരങ്ങളെ പ്രതിഫലിപ്പിക്കുന്നു. ദക്ഷന്റെ തപസ് മുതൽ പരമയോഗാവസ്ഥയിലേക്ക് പ്രവേശിച്ച് സതി അഗ്‌നിനാളങ്ങളിൽ ഒടുങ്ങിക്കൊണ്ട് സന്തോഷവും സമാധാനവും ഉറപ്പാക്കുന്ന 'ജ്വാലാമുഖി'യാകുന്നതുമെല്ലാം വ്യാഖ്യാനിക്കുന്നതാണ് പാർവ്വതി അവതരിപ്പിക്കുന്ന ഏകാംഗ കുച്ചിപ്പുഡി നൃത്ത ഡ്രാമ.

അകാലത്തിൽ വിടപറഞ്ഞ പ്രഗത്ഭ നടിയും നർത്തകിയുമായ മോനിഷയുടെ സ്മരാണർഥം അമ്മ, നർത്തകിയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണി സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും നൃത്തകലയുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് ആരംഭിച്ച സംരംഭമായ മോനിഷ ആർട്ട്‌സ് സാംസ്‌കാരിക സപര്യയുടെ നാൽപ്പത്തിയഞ്ചാം വർഷം പൂർത്തിയാക്കുകയാണ്. മോനിഷ ആർട്ട്‌സ് വർഷംതോറും സംഘടിപ്പിക്കുന്ന ദേശീയതലത്തിൽ തന്നെ അംഗീകാരവും ശ്രദ്ധയും പിടിച്ചുപറ്റിയ മോഹിനി നൃത്യോത്സവിൽ ഏറ്റവും ക്ളാസിക് കലാരംഗത്തെ പ്രമുഖരാണ് കലാവതരണം നടത്തുന്നത്.

ഇത്തവണ ആദ്യ അവതരണത്തിന് പാർവ്വതി മേനോൻ തെരഞ്ഞെടുക്കപ്പെട്ടു എന്നത് നൃത്തത്തോടുള്ള കലാകാരിയുടെ പ്രതിബദ്ധതയ്ക്കും പ്രതിഭയ്ക്കുമുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. അഭിഭാഷകയായ പാർവ്വതി മേനോൻ ബെംഗളൂരു അലയൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് കുച്ചിപ്പുഡിയിൽ ഡിപ്ലോമ സ്വന്തമാക്കിയിട്ടുണ്ട്. കലാമണ്ഡലം മോഹനതുളസി, എ ബി ബാലകൊണ്ടാല റാവു എന്നിവരാണ് കുഞ്ഞുന്നാളിലെ നൃത്തം അഭ്യസിക്കുന്ന പാർവ്വതിയുടെ ഗുരുസ്ഥാനങ്ങളിൽ. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സി സി ആർ ടി സ്‌കോളർഷിപ്പിന് അർഹയായി. രാജ്യത്തെ വിവിധ പ്രമുഖ വേദികളിൽ കലാവതരണം നടത്തി. ഘനശ്യാം, സ്വാതി പ്രണാമം തുടങ്ങിയ അവതരണങ്ങൾ ഏറെ ശ്രേദ്ധയമായി. കേരള ഹൈക്കോടതിയിലെ അഭിഭാഷകരായ ഹരിശങ്കർ മേനോന്റേയും മീര മേനോന്റെയും മകളാണ് പാർവതി മേനോൻ.