കോട്ടയം: ജനാധിപത്യ ഭരണസംവിധാനത്തിലെ പൊതുതെരഞ്ഞെടുപ്പുകളിൽ ആരു ജയിക്കണമെന്ന് കർഷകർ തീരുമാനിക്കുന്ന കാലമായെന്ന് സ്വതന്ത്ര കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കൺവീനർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

രാഷ്ട്രീയ പാർട്ടികളുടെ സ്ഥിരനിക്ഷേപമായി അടിമപ്പണി ചെയ്യാൻ കർഷകരെ കിട്ടില്ല. അധികാരത്തിലിരിക്കുമ്പോൾ കർഷകരെ സംരക്ഷിക്കാത്തവർ കർഷകസ്‌നേഹം പ്രസംഗിക്കുന്നതിൽ അർത്ഥമില്ല. അസംഘടിത കർഷകരോട് എന്തുമാകാമെന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാട് കർഷകരുടെയടുക്കൽ ഇനിയും വിലപ്പോവില്ല. അന്നം തരുന്ന നെൽകർഷകരിൽ നിന്ന് നെല്ലുസംഭരിച്ചിട്ട് പണം നൽകാതെ സർക്കാരുകൾ നിരന്തരം നടത്തുന്ന വിഴുപ്പലക്കലുകളിൽ പ്രതികരിക്കാൻ പൊതുസമൂഹമിന്ന് ഉണർന്നിരിക്കുന്നു. ഏഴര ലക്ഷം ഹെക്ടറിൽ നിന്ന് നെൽകൃഷി ഒന്നരലക്ഷം ഹെക്ടറിലേക്ക് ഇടിഞ്ഞുവീണിട്ടും കേരളം കാർഷിക രംഗത്ത്കുതിക്കുന്നുവെന്ന് പറയുന്നവരുടെ തൊലിക്കട്ടി അപാരം. പുതുതലമുറ കൃഷി ഉപേക്ഷിക്കുന്നുവെങ്കിൽ അതിന് കാരണം കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന സ്വന്തം മാതാപിതാക്കളുടെ കണ്ണീരും ദാരിദ്ര്യവും കൃഷി നഷ്ടവുമാണ്. വാഗ്ദാനങ്ങൾ നൽകിയും പ്രഖ്യാപനങ്ങൾ നടത്തിയും എക്കാലവും കർഷകരെ പറ്റിക്കാമെന്ന് രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും കരുതരുത്.

തങ്ങളെ സംരക്ഷിക്കുവാൻ ആരുമില്ലെന്ന് തിരിച്ചറിഞ്ഞ് കേരളത്തിൽ കർഷകരും കർഷകസംഘടനകളും സംഘടിച്ചുണരുവാൻ തുടങ്ങിയിരിക്കുന്നത് വരാൻ പോകുന്ന വിപ്ലവകരമായ മാറ്റത്തിന്റെ സൂചനയാണ്. കർഷകർ നിരന്തരം ചതിക്കപ്പെടുന്നുവെന്ന് പൊതുസമൂഹവും തിരിച്ചറിഞ്ഞിരിക്കുന്നു. സ്വന്തം മണ്ണിലെ കർഷകരെ സംരക്ഷിക്കുവാൻ സാധിക്കാത്തവരാണ് ഡൽഹിയിൽപോയി ഇന്ത്യയിലെ കർഷകർക്കായി സമരം നടത്തുന്നത്. റബറിന് 250 രൂപയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവും സംസ്ഥാന സർക്കാർ കാറ്റിൽ പറത്തി. റബർ വിലസ്ഥിരതാപദ്ധതിയും അട്ടിമറിക്കപ്പെട്ടു. നാട് പണയംവെച്ച് പണം കടം വാങ്ങി ശമ്പളത്തിനും ധൂർത്തിനും ചെലവാക്കുന്നതിനായി ഒരു ഭരണസംവിധാനത്തിന്റെ ആവശ്യമുണ്ടോയെന്ന് ജനങ്ങൾ ചിന്തിച്ചുതുടങ്ങിയിരിക്കുന്നത് നാളെ വൻ പ്രതിഷേധകൊടുങ്കാറ്റായി ആഞ്ഞടിക്കുമെന്ന് രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും തിരിച്ചറിയാൻ വൈകരുതെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.