പാലക്കാട്: നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്താഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ആശ്വാസം പദ്ധതിയുടെ പാലക്കാട് ജില്ലാതല വിതരണോദ്ഘാടനം ആലത്തൂർ ഡി.വൈ.എസ്‌പി. ആർ. അശോകൻ പാടൂർ കാവശ്ശേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഓക്‌സിജൻ കോൺസെൻട്രേറ്റർ നൽകി നിർവഹിച്ചു. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് സുനന്ദ രമേശ്, സെക്രട്ടറി വിജയ മോഹനൻ എന്നിവർ ചേർന്ന് ഓക്‌സിജൻ കോൺസെൻട്രേറ്റർ ഡി.വൈ.എസ്‌പി.യിൽ നിന്ന് ഏറ്റുവാങ്ങി.

കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആശ്വാസം പദ്ധതിയിലൂടെ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഓക്‌സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്യുന്നത് സമൂഹത്തിന് വളരെയേറെ പ്രയോജനം ചെയ്യുന്നുണ്ടെന്നും ജീവന്റെ വില നമ്മെ ഓരോരുത്തരെയും മനസ്സിലാക്കി തരുന്നതാണെന്നും ഉദ്ഘാടനത്തോടൊപ്പം ഡിവൈഎസ്‌പി പറഞ്ഞു. മമ്മൂട്ടി, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയ്യുന്ന ഓരോ ജീവകാരുണ്യ പ്രവർത്തനങ്ങളും വളരെയേറെ സമൂഹത്തിന് നീതിപുലർത്തുന്ന തരത്തിൽ ആണെന്നും ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ മമ്മൂട്ടിക്കും കെയർ ആൻഡ് ഷെയറിനും കഴിയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ പദ്ധതിയുടെ വിതരണ ഉദ്ഘാടനത്തിന് നേതൃത്വം നൽകി.

ആശ്വാസം പദ്ധതി വഴി കേരളത്തിലെ എല്ലാ ജില്ലകളിലും ഓക്‌സിജൻ കോൺസെൻട്രേറ്റർ നൽകാൻ സാധിച്ചിട്ടുണ്ടെന്നും അവയെല്ലാം വളരെ കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ നേതൃത്വത്തിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ നടത്തുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നാണ് ആശ്വാസം പദ്ധതി എന്നും അവയെ കൂടാതെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ചടങ്ങിൽ പ്രസംഗിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാരായ കേശവദാസ് മാസ്റ്റർ, കെ. ആനന്ദകുമാർ, നിത്യ മനോജ്, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ട്രഷറർ കെ.വിനോദ് എന്നിവർ പ്രസംഗിച്ചു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പാലക്കാട് ജില്ലാ പ്രസിഡന്റ് ആദിത്യൻ സെക്രട്ടറി സംസീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.