- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കുട്ടികളുടെ സർഗാത്മകതയിൽ വിസ്മയിച്ച് കേന്ദ്രസംഘം
തിരുവനന്തപുരം: ഓട്ടിസം ബാധിതർ മനോഹരമായി പാട്ടുപാടുന്നു.. ഡൗൺസിൻഡ്രോം ബാധിതരുടെ മുഖത്ത് നവരസങ്ങൾ വിരിയുന്നു.. ചലന-കേൾവി പരിമിതർ സംഗീതത്തിന്റെ അകമ്പടിയോടെ മാസ്മരിക ഇന്ദ്രജാലം അവതരിപ്പിക്കുന്നു.. ഡിഫറന്റ് ആർട് സെന്ററിനെക്കുറിച്ച് പഠിക്കാനെത്തിയ കേന്ദ്ര ടൂറിസ-ഗതാഗത-സാംസ്‌കാരിക പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളെയാണ് അവിശ്വസനീയ പ്രകടനങ്ങൾ കൊണ്ട് സെന്ററിലെ ഭിന്നശേഷിത്താരങ്ങൾ വിസ്മയിപ്പിച്ചത്. സെറിബ്രൽ പാഴ്സി ബാധിതനായ വിഷ്ണുവിന്റെ ഹൂഡിനി എസ്‌കേപ്പ് ആക്ട് അവതരണം സംഘത്തെ ഹരംകൊള്ളിച്ചു. പലപ്രകടനങ്ങൾക്കൊടുവിലും നിലയ്ക്കാത്ത കരഘോഷമായിരുന്നു. ഏവരുടെയും മനംകവർന്ന പ്രകടനം നടത്തിയ സെന്ററിലെ എല്ലാ കുട്ടികളെയും കേന്ദ്രസംഘം പ്രത്യേകം പ്രശംസിച്ചു.
സമിതി ചെയർമാൻ വി.വിജയസായി റെഡ്ഡിയുടെ നേതൃത്വത്തിലാണ് സംഘം സന്ദർശനത്തിനെത്തിയത്. നാൽപ്പതോളം പേരടങ്ങുന്ന സംഘത്തിൽ എംപിമാരായ എ.എ റഹീം, സുനിൽബാബു റാവു മെന്ദെ, ഛെടി പാസ്വാൻ, തിരത് സിങ് റാവത്, മനോജ് കുമാർ തിവാരി എന്നിവരും സെക്രട്ടറിമാർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. രാജ്യത്തൊരിടത്തും ഭിന്നശേഷിക്കാർക്കായി ഇത്തരമൊരു പദ്ധതി നിലവിലില്ലെന്നും അവസരങ്ങൾ യഥേഷ്ടം നൽകി അവർക്കും സമൂഹത്തിൽ തുല്യമായ പ്രാധാന്യം നൽകുവാൻ ശ്രമിക്കുന്ന സെന്ററിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും സമിതി ചെയർമാൻ വി.വിജയസായി റെഡ്ഡി പറഞ്ഞു. ഗോപിനാഥ് മുതുകാട് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും എല്ലാം ഉപേക്ഷിച്ച് പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന് തണലായി മാറാൻ തീരുമാനിച്ച ധൈര്യം അപൂർവം ചിലരിലേ കാണുകയുള്ളൂവെന്നും ദൈവീകമായ ആ തീരുമാനമാണ് അദ്ദേഹത്തെയും ഈ സെന്ററിനെയും മഹത്തരമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സർക്കാരിനെ പ്രതിനിധീകരിച്ച് സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ചേതൻ കുമാർ മീണ ഐ.എ.എസ്, സാംസ്‌കാരിക സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് എന്നിവരും ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടും ചേർന്ന് കേന്ദ്രസംഘത്തെ ഡിഫറന്റ് ആർട് സെന്ററിലേയ്ക്ക് സ്വാഗതം ചെയ്തു.
ഡബ്ലിയു.എച്ച്.ഒ നാഷണൽ പ്രൊഫഷണൽ ഓഫീസർ ഡോ.മുഹമ്മദ് അഷീൽ, ഡിഫറന്റ് ആർട് സെന്റർ കോർപ്പറേറ്റ് റിലേഷൻഷിപ്പ് മാനേജർ മിനു.കെ എന്നിവർ ഡിഫറന്റ് ആർട് സെന്ററിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും സംഘത്തിന് മുന്നിൽ വിശദീകരിച്ചു. തെരുവുജാലവിദ്യക്കാരൻ ഇർഷാദിന്റെ പ്രകടനവും കണ്ടാണ് സംഘം മടങ്ങിയത്. മാജിക് പ്രധാന ബോധനമാധ്യമമാക്കി ഭിന്നശേഷിക്കുട്ടികളെ ഇതരകലകൾ പരിശീലിപ്പിക്കുന്ന രീതി ലോകത്താദ്യമായാണ് ഡിഫറന്റ് ആർട് സെന്ററിൽ നടപ്പിലാക്കിയിരിക്കുന്നത്. ഈ പഠനരീതി കുട്ടികളിലെ ബൗദ്ധിക സാമൂഹ്യ മാനസിക ശാരീരിക നിലകളിൽ മാറ്റംവരുത്തിയതായി വിവിധ ഗവൺമെന്റ് ഏജൻസികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈയൊരു മാതൃക രാജ്യത്തുടനീളം നടപ്പിലാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായാണ് സംഘമെത്തിയത്. നേരത്തെ തമിഴ്‌നാട് സർക്കാരിന് കീഴിലുള്ള സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി സെന്റർ സന്ദർശിക്കുകയും തമിഴ്‌നാട്ടിൽ ഡി.എ.സി മാതൃക നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.