ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല സംഘടിപ്പിക്കുന്ന ത്രിദിന റിസർച്ച് സ്‌കോളേഴ്‌സ് മീറ്റ് 2023 ഇന്ന് (സെപ്റ്റംബർ12ന്) കാലടി മുഖ്യക്യാമ്പസിൽ ആരംഭിക്കും. രാവിലെ 10ന് കാലടി മുഖ്യകേന്ദ്രത്തിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. പി. കെ. മൈക്കിൾ തരകൻ റിസർച്ച് സ്‌കോളേഴ്‌സ് മീറ്റ് 2023 ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ പ്രൊഫ എം. ബി. ഗോപാലകൃഷ്ണൻ, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡയറക്ടർ പ്രൊഫ. കെ. ശ്രീലത, റിസർച്ച് സ്‌കോളേഴ്‌സ് മീറ്റ് ക്യുറേറ്റർമാരായ പ്രൊഫ. പി. പവിത്രൻ പ്രൊഫ. കെ. എ. രവീന്ദ്രൻ, പ്രൊഫ. സൂസൻ തോമസ്, റിസർച്ച് സ്‌കോളേഴ്‌സ് മീറ്റ് കൺവീനർ ഡോ. ബിജു വിൻസെന്റ് എന്നിവർ പ്രസംഗിക്കും.

മാനവിക-സാമൂഹികശാസ്ത്ര മേഖലകളിലെ ഗവേഷകരെ ഉദ്ദേശിച്ച് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന റിസർച്ച് സ്‌കോളേഴ്‌സ് മീറ്റിൽ പ്രദേശ പഠനം, തദ്ദേശീയ സാഹിത്യം, സംസ്‌കാരം, സമൂഹം എന്നീ ഗവേഷണ മേഖലകൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. രാജ്യത്തെ പന്ത്രണ്ടോളം സർവകലാശാലകളിൽ നിന്നായി 57 പ്രബന്ധങ്ങൾ ഗവേഷക സംഗമത്തിൽ അവതരിപ്പിക്കും. 23 സെഷനുകളും അഞ്ച് പ്ലീനറി സെഷനുകളും ക്രമീകരിച്ചിട്ടുണ്ട്. 53 വിഷയ വിദഗ്ദ്ധർ പങ്കെടുക്കും. നാല് വേദികളിലായാണ് പ്രബന്ധാവതരണം നടക്കുക. എല്ലാ ദിവസവും വൈകിട്ട് 6.30ന് വിവിധ നാടൻ കലാരൂപങ്ങളുടെ അവതരണം ഉണ്ടായിരിക്കും. പൊട്ടൻ തെയ്യം, ചിന്ത്പാട്ട്, ശാസ്താംപാട്ട്, മുടിയാട്ടം, കാളകളി പാട്ട്, കളമെഴുത്ത്, കടൽ (അണ്ണാവി) പാട്ട്, ബ്ലാവലി (കിടാവലി) പാട്ട് എന്നീ നാടൻ കലാരൂപങ്ങളാണ് അവതരിപ്പിക്കപ്പെടുക. സംസ്‌കൃതം (എട്ട്), ഫിലോസഫി (ഒന്ന്), മലയാളം (ഇരുപത്തഞ്ച്), ഹിന്ദി (അഞ്ച്), ഹിസ്റ്ററി (മൂന്ന്), ഡാൻസ് (ഒന്ന്), സോഷ്യോളജി (രണ്ട്), ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ (ഏഴ്), ജ്യോഗ്രഫി (ഒന്ന്), സംഗീതം (ഒന്ന്) എന്നീ വിഷയങ്ങളിൽ 57 പ്രബന്ധങ്ങൾ അവതരിപ്പിക്കും. സർവകലാശാലയിലെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെൽ, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ, സ്‌ട്രൈഡ് പ്രോജക്ട് എന്നിവയുടെ നേതൃത്വത്തിലാണ് റിസർച്ച് സ്‌കോളേഴ്‌സ് മീറ്റ് 2023സംഘടിപ്പിച്ചിരിക്കുന്നത്.

സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 12 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ മുഖ്യാതിഥിയായിരിക്കും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡയറക്ടർ പ്രൊഫ. കെ ശ്രീലത, പ്രൊഫ. പി. പവിത്രൻ, പ്രൊഫ. കെ. എ. രവീന്ദ്രൻ, പ്രൊഫ. സൂസൻ തോമസ്, ഡോ. ബിജു വിൻസെന്റ് എന്നിവർ പ്രസംഗിക്കും.