- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോർട്ടിന്മേൽ തുടർ നടപടികളില്ലാതെ സർക്കാർ ഒളിച്ചോടുന്നു: അഡ്വ.വി സി.സെബാസ്റ്റ്യൻ
കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥ പഠിച്ച് വിവിധ ക്ഷേമപദ്ധതികൾ നിർദ്ദേശിച്ചിരിക്കുന്ന ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ടിന്മേൽ തുടർനടപടികളില്ലാതെ സംസ്ഥാന സർക്കാർ ഒളിച്ചോടുകയാണെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി.സെബാസ്റ്റ്യൻ ആരോപിച്ചു.
2023 മെയ് 17ന് സർക്കാരിൽ സമർപ്പിച്ച ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ടിന്റെ പൂർണ്ണരൂപം പുറത്തുവിടുന്നതിനോ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കായുള്ള വിവിധ ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനോ നാലു മാസക്കാലമായിട്ടും സംസ്ഥാന സർക്കാർ യാതൊരു ശ്രമവും നടത്താത്തതിൽ ദുരൂഹതയുണ്ട്. പൊതു തെരഞ്ഞെടുപ്പിൽ വോട്ട് നേടാൻ മാത്രമുള്ള രാഷ്ട്രീയ തന്ത്രമായിട്ട് തുടർനടപടികളില്ലാത്ത ഇത്തരം പഠന കമ്മീഷനുകളെ നിയമിക്കുന്നത് പ്രഹസനമാണ്.
സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ കടുത്ത വിവേചനവും നീതിനിഷേധവും തുടർച്ചയായി നേരിടുകയും, വിവിധ ന്യൂനപക്ഷ സമിതികളിൽ നിന്ന് ക്രൈസ്തവർ പുറന്തള്ളപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾ ശക്തമായതിനെത്തുടർന്നാണ് സംസ്ഥാന സർക്കാർ വിശദമായ പഠനത്തിനായി 2020 നവംബർ 5ന് ജെ.ബി.കോശി കമ്മീഷനെ നിയമിച്ചത്. കാർഷിക മലയോര തീരദേശ മേഖലയിലെ ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ, സാമ്പത്തികത്തകർച്ച, ജീവിത പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, വിദ്യാഭ്യാസ പ്രതിസന്ധികൾ, കോച്ചിങ് സെന്ററുകളിലെ വിവേചനം, ക്രൈസ്തവരുൾപ്പെടെ പൊതുസമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ ഉൾപ്പെടെ ഏകദേശം അഞ്ചുലക്ഷത്തോളം പരാതികളും നിർദ്ദേശങ്ങളും ലഭിച്ചുവെന്ന് കമ്മീഷൻ തന്നെ ഇതിനോടകം വ്യക്തമാക്കിയിരിക്കുമ്പോൾ ഈ റിപ്പോർട്ടിന്റെ പ്രസക്തിയും, ഗൗരവവും സൂചിപ്പിക്കുന്നു. ഇതിനിടയിൽ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം, വിവേചനവും നീതി നിഷേധവുമാണന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദ് ചെയ്ത് വിധി പ്രഖ്യാപിക്കുകയും ചെയ്തതു.
സർക്കാരിൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടും, ക്ഷേമ പദ്ധതി നിർദ്ദേശങ്ങളുടെ വിശദാംശങ്ങളും ഉടൻ പുറത്തുവിടണം. തുടർനടപടികളും വിവിധ ക്രൈസ്തവ ക്ഷേമപദ്ധതികളും സമയബന്ധിതമായി പ്രഖ്യാപിക്കാനും അടിയന്തരമായി നടപ്പിലാക്കാനും വിവിധ ന്യൂനപക്ഷ സമിതികളിൽ ആനുപാതിക പ്രാതിനിധ്യം ക്രൈസ്തവർക്ക് ഉറപ്പാക്കാനും സർക്കാർ ഉത്തരവാദിത്വത്തോടെ ആത്മാർത്ഥ സമീപനം സ്വീകരിക്കണമെന്നും വി സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
--