- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക ആത്മഹത്യ: സർക്കാരിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണം: രാഷ്ട്രീയ കിസാൻ മഹാസംഘ്
കൊച്ചി: സർക്കാർ സംഭരിച്ച നെല്ലിന്റെ പണം മാസങ്ങൾ കഴിഞ്ഞിട്ടും പൂർണ്ണമായും ലഭിക്കാതെ സാമ്പത്തിക ബാധ്യതയാൽ കർഷക ആത്മഹത്യകൾ നിരന്തരം ആവർത്തിക്കുമ്പോൾ സംസ്ഥാന സർക്കാരിനും കൃഷി വകുപ്പിനുമെതിരെ ക്രൂരനരഹത്യയ്ക്ക് കേസെടുക്കാൻ നീതിപീഠങ്ങൾ സ്വയം തയ്യാറാകണമെന്ന് കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ക്രൂരനരഹത്യയിൽ സർക്കാരിനെ കുറ്റവിചാരണ ചെയ്യുവാൻ മനുഷ്യാവകാശ കമ്മീഷൻ തയ്യാറാകണം. ജനങ്ങൾ നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഭരണനേതൃത്വങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുകയാണെന്നും ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നിയന്ത്രണാതീതമായിരിക്കുമെന്നും സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്ത് രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യ കൺവീനർ അഡ്വ.വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.
പാലക്കാട് പുലി ചത്തതിന്റെ പേരിൽ കർഷകനെ ഓടിച്ച് മരണത്തിലേയ്ക്ക് തള്ളിയിട്ട വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സംരക്ഷണമേകുന്നവരെ തുറുങ്കിലടയ്ക്കുവാൻ ഭരണസംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കുന്നത് ജനങ്ങൾക്ക് ചോദ്യം ചെയ്യേണ്ടിവരുന്നത് ജനാധിപത്യ ഭരണത്തിനുപോലും അപമാനമാണ്. വന്യജീവി വാരാഘോഷങ്ങളും 'വന്യജീവി നിലനില്പാണ് അഭിമാനമാണ് ് എന്ന പ്രതിജ്ഞയും വന്യജീവി അക്രമത്താൽ അതിക്രൂരമായി മനുഷ്യൻ ദിവസംതോറും കേരളത്തിൽ മരിച്ചുവീഴുമ്പോൾ ധിക്കാരപരമാണെന്നും വിദ്യാലയങ്ങളിലൂടെ നടത്തുന്ന വന്യജീവി വാരാഘോഷം കർഷകമക്കൾ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ കർഷകസ്നേഹം കാപഠ്യമാണെന്ന് തിരിച്ചറിയുന്നുവെന്നും കർഷകർക്കായി കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യുന്നവർക്ക് സ്വന്തം സംസ്ഥാനത്ത് അധികാരത്തിലിരുന്നിട്ടും കർഷകരെ സംരക്ഷിക്കാനാവാത്ത ഇരട്ടത്താപ്പ് കർഷകർ തിരിച്ചറിയുന്നുവെന്നും കർഷക സംഘടനകൾ കർഷകവിരുദ്ധ സർക്കാരിനെതിരെ സംയുക്തമായി ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അഡ്വ.ബിനോയ് തോമസ് പറഞ്ഞു.
ദേശീയ കോർഡിനേറ്റർ അഡ്വ.കെ.വി.ബിജു മുഖ്യപ്രഭാഷണം നടത്തി. ദേശീയ സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, പ്രെഫ.ജോസുകുട്ടി ഒഴുകയിൽ, ആയാംപറമ്പ് രാമചന്ദ്രൻ, ജോർജ് സിറിയക്, സി.റ്റി.തോമസ്, ഉണ്ണികൃഷ്ണൻ ചേർത്തല, ഹരിദാസ് കല്ലടിക്കോട്, ചാക്കപ്പൻ ആന്റണി, പി.രവീന്ദ്രൻ, സിറാജ് കൊടുവായൂർ, മനു ജോസഫ്, വിദ്യാധരൻ സി.വി., ജോബിൾ വടാശേരി, റോസ് ചന്ദ്രൻ, അപ്പച്ചൻ ഇരുവേയിൽ, സുരേഷ് ഓടാപന്തിയിൽ, റോജർ സെബാസ്റ്റ്യൻ, ഷാജി തുണ്ടത്തിൽ, ബാബു പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.