- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ആദിവാസി യുവതി കുഞ്ഞിന് ജന്മം നൽകി
കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ആദിവാസി യുവതി കുഞ്ഞിന് ജന്മം നൽകി. കോടഞ്ചേരി പാത്തിപ്പാറ കോളനിയിലെ 21 കാരിയാണ് ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ വിവരം ആശാ വർക്കർ അറിയിച്ചു. തുടർന്ന് ആശാ വർക്കർ കനിവ് 108 ആംബുലൻസ് സേവനം തേടിയത്. തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി.
ഉടൻ ആംബുലൻസ് പൈലറ്റ് സുനീഷ് ടി.ആർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജസ്റ്റിൻ ജോൺ എന്നിവർ കോളനിയിൽ എത്തി യുവതിയുമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലൻസ് ആശുപത്രിയിൽ എത്താറാകുമ്പോഴേക്കും യുവതിയുടെ ആരോഗ്യ നില വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജസ്റ്റിൻ ജോണിന്റെ പരിചരണത്തിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഇതിനിടയിൽ ആംബുലൻസ് പൈലറ്റ് സുനീഷ് ആംബുലൻസ് ആശുപത്രയിൽ എത്തിച്ചിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ എത്തി അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ആശുപത്രിക്ക് ഉള്ളിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു