- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക രക്ഷാവാരം പ്രഖ്യാപിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ്
കോട്ടയം : സംസ്ഥാന വനം വന്യജീവി വകുപ്പ് ഒക്ടോബർ 2 മുതൽ പ്രഖ്യാപിച്ചിരിക്കുന്ന വന്യജീവി സംരക്ഷണ വാരാഘോഷത്തിനും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തുവാനുദ്ദേശിക്കുന്ന വന്യജീവി സംരക്ഷണ പ്രതിജ്ഞയ്ക്കും ബദലായി കർഷക രക്ഷാവാരം പ്രഖ്യാപിച്ച് കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ്.
വന്യജീവികൾ വനാതിർത്തിക്കുള്ളിൽ സംരക്ഷിക്കപ്പെടേണ്ടതും, സംരക്ഷണ ഉത്തരവാദിത്വം വനംവകുപ്പിനുമാണ്. നാട്ടിലിറങ്ങി അക്രമം അഴിച്ചുവിടുന്ന വന്യജീവികളെ സംരക്ഷിക്കുവാൻ വനംവകുപ്പ് നടത്തുന്ന വിദ്യാർത്ഥി പ്രതിജ്ഞ വിരോധാഭാസവും നീതീകരണമില്ലാത്തതും എതിർക്കപ്പെടേണ്ടതുമാണ്. വന്യജീവികളുടെ അക്രമത്തിൽ ആയിരക്കണക്കിന് ജനങ്ങളുടെ ജീവനെടുക്കപ്പെടുമ്പോൾ വന്യജീവി സംരക്ഷണ പ്രതിജ്ഞയെടുക്കാൻ വിദ്യാർത്ഥികൾ തയ്യാറാകരുതെന്നും ഇന്നത്തെ സാഹചര്യത്തിൽ വന്യജീവികളിൽ നിന്ന് കർഷകർ ഉൾപ്പെടെ ജനങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കർഷകരക്ഷാ പ്രതിജ്ഞയാണ് വേണ്ടതെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് പറഞ്ഞു.
കർഷക രക്ഷാവാരത്തിന്റെ ഭാഗമായി ഒക്ടോബർ 4 മുതൽ 10 വരെയുള്ള തീയതികളിൽ സംസ്ഥാനത്തെ 14 ജില്ലകളിലും രാഷ്ട്രീയ കിസാൻ മഹാസംഘ് കർഷക രക്ഷാ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതും കർഷകരക്ഷാപ്രതിജ്ഞയെടുക്കുന്നതുമാണ്. വിവിധ കർഷക സംഘടനകളും യുവജനവിദ്യാർത്ഥി പ്രതിനിധികളും സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധസംഘടനകളും കർഷകരക്ഷാസമ്മേളനങ്ങളിലും പ്രതിജ്ഞയിലും പങ്കുചേരും. കർഷക രക്ഷാവാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 4ന് ബുധനാഴ്ച കോട്ടയത്ത് നടത്തപ്പെടും.
രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ കർഷക സംഘനടകളുടെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോർഡിനേറ്റർ അഡ്വ.കെ.വി.ബിജു, എൻഎഫ്ആർപിഎസ് ദേശീയ ചെയർമാൻ ജോർജ് ജോസഫ് വാതപ്പള്ളി, വിവിധ കർഷക സംഘടനകളുടെ ദേശീയ സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, പ്രെഫ.ജോസുകുട്ടി ഒഴുകയിൽ, റോജർ സെബാസ്റ്റ്യൻ, താഷ്കന്റ് പൈകട, ജോയി കൈതാരം, ജിനറ്റ് മാത്യു, ആയാംപറമ്പ് രാമചന്ദ്രൻ, ജോർജ് സിറിയക്, സി.റ്റി.തോമസ്, ഉണ്ണികൃഷ്ണൻ ചേർത്തല, ജോർജ് ജോസഫ് തെള്ളിയിൽ, വർഗീസ് കൊച്ചുകുന്നേൽ, ബേബിച്ചൻ എർത്തയിൽ, ഹരിദാസ് കല്ലടിക്കോട്, ചാക്കപ്പൻ ആന്റണി, പി.രവീന്ദ്രൻ, സിറാജ് കൊടുവായൂർ, മനു ജോസഫ്, വിദ്യാധരൻ സി.വി., ജോബിൾ വടാശേരി, റോസ് ചന്ദ്രൻ, അപ്പച്ചൻ ഇരുവേയിൽ, ഷാജി തുണ്ടത്തിൽ, എന്നിവർ പ്രസംഗിച്ചു.