- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനറേറ്റീവ് നിർമ്മിതബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഭാവിയും': അന്താരാഷ്ട്ര കോൺക്ലേവിന് ഒരുക്കമായി: മന്ത്രി ഡോ. ആർ ബിന്ദു
നിർമ്മിതബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസരംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ ചർച്ച ചെയ്യാൻ കേരളത്തിലെ ആദ്യ അന്താരാഷ്ട്ര കോൺക്ലേവ് തിരുവനന്തപുരത്ത് നടക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മുൻകൈയിൽ ഐ എച്ച് ആർ ഡിയാണ് കോൺക്ലേവ് ഒരുക്കുന്നത്. 2023 സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിലായി ഐ എം ജി യിൽ അരങ്ങേറുന്ന കോൺക്ലേവിൽ വിദ്യാഭ്യാസ, സാങ്കേതിക, നയരൂപീകരണ, വ്യവസായ, വാണിജ്യ രംഗങ്ങളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
നിർമ്മിതബുദ്ധിയുപയോഗിച്ച് വാർത്താ അവതരണങ്ങൾ വരെ സാദ്ധ്യമായ ഇക്കാലത്ത് ഉന്നതവിദ്യാഭ്യാസ രംഗത്തുമത് ഏറെ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയുടെ സഹായം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സമയലാഭമുണ്ടാക്കുകയും, ജോലിഭാരം കുറക്കുകയും ചെയ്യുന്നു.
നിർമ്മിതബുദ്ധി വിദ്യാഭ്യാസരംഗത്ത് വരുത്തുന്ന മാറ്റങ്ങളെയും അതിന്റെ പരിണിത ഫലങ്ങളെയും കുറിച്ചാണ് കോൺക്ലേവ് ചർച്ചചെയ്യുക. രാജ്യത്തും വിദേശത്തുമുള്ള വിദ്യാഭ്യാസവിചക്ഷണരും വാണിജ്യ -വ്യവസായ രംഗങ്ങളിലെ പ്രമുഖരും വിഷയമവതരിപ്പിക്കും. തുടർചർച്ചകളിലും അവർ പങ്കാളികളാകും.
സമ്മേളനത്തിനു മുന്നോടിയായി കേരളത്തിലുടനീളമുള്ള ഐഎച്ച്ആർഡിയുടെ എഞ്ചിനീയറിങ് കോളേജുകൾ, അപ്ലൈഡ് സയൻസ് കോളേജുകൾ, പോളിടെക്‌നിക്കുകൾ, എക്സ്റ്റൻഷൻ സെന്ററുകൾ, ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകൾ എന്നിവിടങ്ങളിൽ നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട സെമിനാറുകളും നടന്നുവരികയാണ്. ചാറ്റ് ജി പി റ്റി, ഡാൽ ഇ, ബാർഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ശില്പശാലകൾ. കൂടാതെ, ഐ എച്ച് ആർ ഡി സ്ഥാപനങ്ങളിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നിർമ്മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്പ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം മത്സരങ്ങളും നടക്കും.
രജിസ്‌ട്രേഷൻ വഴി ഓൺലൈനായും 150 പേർക്ക് നേരിട്ടും പങ്കെടുക്കാവുന്ന വിധത്തിലാണ് ഈ ദ്വിദിന സമ്മേളനം, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, വ്യവസായികൾ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങി വ്യത്യസ്ത ശ്രേണിയിലുള്ളവരെ ഒരേ വേദിയിൽ അണിനിരത്തുവാനും, നിർമ്മിതബുദ്ധി വിദ്യാഭ്യാസരംഗത്ത് വരുത്തുന്ന പരിവർത്തനങ്ങളെക്കുറിച്ച് അവബോധം നൽകാനും ഈ വിഷയങ്ങൾ വിഷയങ്ങൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കാനും കോൺക്ലേവ് സഹായകമാവും.
ഡോ. ക്ലിഫ് കുസ്മാൾ (പ്രിൻസിപ്പൽ കൺസൾട്ടന്റ്, ഗ്രീൻ മാംഗോ അസോസിയേറ്റ്‌സ്, യു എസ് എ) 'ഒരു പടി പിറകോട്ട് രണ്ടടി മുന്നോട്ട്: ഭാവിയുടെ ഉൾക്കാഴ്ചകൾ പഴയ നവീകരണങ്ങളിൽ നിന്നും' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. ഡോ. വിരാജ് കുമാർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്) 'ജനറേറ്റീവ് എ ഐ അദ്ധ്യാപനത്തിലും വിദ്യാർത്ഥികളെ വിലയിരുത്താനും ഉപയോഗിക്കുന്നതെങ്ങനെ' എന്ന വിഷയം അവതരിപ്പിക്കും. ഡോ. വള്ളിയപ്പൻ ഡേവിഡ് നടരാജൻ (യൂണിവേഴ്‌സിറ്റി ടെക്‌നോളജി മാരാ, മലേഷ്യ) 'പഠനത്തിലും ഗവേഷണത്തിലും നിർമ്മിതബുദ്ധിയുടെ അചഞ്ചലമായ വേഗത: ഉപകരണങ്ങളും നയങ്ങളും' എന്ന പ്രബന്ധം അവതരിപ്പിക്കും. ജയകൃഷ്ണൻ മഠത്തിൽ വാരിയം (എൻ പി ടി ഇ എൽ, ഐ ഐ റ്റി ചെന്നൈ) 'ഉന്നതവിദ്യാഭ്യാസത്തിൽ ഉയർന്ന ഭാഷാമാതൃകകളുടെ സാധ്യതകൾ എങ്ങനെ തുറക്കാം' എന്ന വിഷയമവതരിപ്പിക്കും.
ഡോ. അഷ്‌റഫ് എസ് (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള) 'ജനറേറ്റീവ് നിർമ്മിതബുദ്ധിയുടെ കാലത്ത് സഹകാരിക ബുദ്ധി' (Collaborative Intelligence) എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. ഡോ. അരുൺ സുരേന്ദ്രൻ (ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്, തിരുവനന്തപുരം) 'അദ്ധ്യാപന -പഠന രംഗത്ത് ജനറേറ്റീവ് നിർമ്മിതബുദ്ധി ഭീഷണിയല്ല ഉപകരണമാണ്' എന്ന വിഷയമ അവതരിപ്പിക്കും. ഡോ. ദീപക് മിശ്ര (ഐ ഐ എസ് ടി, തിരുവനന്തപുരം) 'എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ജനറേറ്റീവ് നിർമ്മിതബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താം' എന്ന വിഷയം അവതരിപ്പിക്കും.
ശ്രീ. റോബിൻ ടോമി (ടി സി എസ്) 'നിർമ്മിതബുദ്ധി നന്മയ്ക്ക്: ജനറേറ്റീവ് നിർമ്മിതബുദ്ധിയുടെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൽ എങ്ങിനെ സ്വാധീനം ചെലുത്താം' എന്ന വിഷയം അവതരിപ്പിക്കും. ഡോ. അജിത്ത് അബ്രഹാം (പ്രോ-വൈസ് ചാൻസലർ, ബെന്നറ്റ് യൂണിവേഴ്‌സിറ്റി) 'നിർമ്മിതബുദ്ധി: പ്രയോഗങ്ങളും വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. ഡോ. സുനിൽ ടി ടി (ഡയറക്ടർ ഐ സി ഫോസ്) 'നിർമ്മിതബുദ്ധിയും എഞ്ചിനീയറിങ് വിദ്യാഭ്യാസവും' എന്ന വിഷയം അവതരിപ്പിക്കും.
പാനൽ ചർച്ചകളിൽ പ്രൊഫ. ഡോ.അച്ചുത് ശങ്കർ എസ് നായർ, ഡോ കുഞ്ചെറിയ പി ഐസക്, ശ്രീ. അനൂപ് അംബിക, ഡോ.രാജശ്രീ എം എസ് എന്നീ വിദ്യാഭ്യാസവിചക്ഷണർ പങ്കെടുക്കും.
ജനറേറ്റീവ് നിർമ്മിത ബുദ്ധിയുടെ കാലത്ത് വിദ്യാഭ്യാസരംഗത്തിന്റെ സംശുദ്ധി, വിദ്യാഭ്യാസരംഗത്തെ ഐപിയും പ്ലേജിയറിസവും, ജെനെറേറ്റീവ് നിർമ്മിത ബുദ്ധിയുടെ കാലത്തെ അദ്ധ്യാപകപരിശീലനം, നിർമ്മിതബുദ്ധിയുടെ കാലത്ത് വിദ്യാർത്ഥികളെ വിലയിരുത്തൽ, വിദ്യാഭ്യാസ മൂല്യങ്ങൾ കാത്തുസൂക്ഷിക്കൽ, ജനറേറ്റീവ് എ ഐയുടെ ഉപയോഗമാതൃകകൾ തുടങ്ങിയവയെല്ലാം കോൺക്ലേവിൽ ചർച്ചയാവും.
കോൺക്ലേവ് സംബന്ധിച്ച വിശദവിവരങ്ങൾ https://icgaife.ihrd.ac.in/ വെബ് സൈറ്റിൽ ലഭ്യമാണ് - മന്ത്രി ഡോ. ബിന്ദു അറിയിച്ചു.
ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി എ അരുൺകുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.