തൃശൂർ: ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ (എഐഎംഎ) മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന മാനേജ്മെന്റ് അസോസിയേഷനുകൾക്ക് നൽകുന്ന ബെസ്റ്റ് എൽഎംഎ പുരസ്‌കാരം തൃശൂർ മാനേജ്മെന്റ് അസോസിയേഷന് (ടിഎംഎ) ലഭിച്ചു. 2022-2023 ലേക്കുള്ള മികച്ച പ്രകടനത്തിനാണ് കാറ്റഗറി 3 ൽ ടിഎംഎക്ക് അംഗീകാരം ലഭിച്ചത്. താജ് പാലസിൽ വച്ച് നടന്ന ചടങ്ങിൽ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാധിൽ നിന്ന് ടിഎംഎ മുൻ പ്രസിഡന്റ് K. പോൾ തോമസ് (2022-2023), മുൻ സെക്രട്ടറി സി എ മനോജ് കുമാർ, പ്രസിഡന്റ് സി എ ജിയോ ജോബ് എന്നിവർ ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു. പ്രസിഡന്റ് ശ്രീനിവാസ് വി ഡെംപോ, സീനിയർ വൈസ് പ്രസിഡന്റ് നിഖിൽ സാഹ്നി, വൊഡഫോൺ കോർപറേറ്റ് അഫയേഴ്സ് ഓഫീസർ പി ബാലാജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര സമർപ്പണ ചടങ്ങ്.

പ്രൊഫഷനൽ മികവ്, പദ്ധതി നടത്തിപ്പിലെ വൈദഗ്ധ്യം തുടങ്ങി വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി എഐഎംഎ രാജ്യത്തെ എല്ലാ മാനേജ്മെന്റ് അസോസിയേഷനുകളേയും വിലയിരുത്തിയാണ് വർഷംതോറും ഈ പുരസ്‌കാരം വിവിധ വിഭാഗങ്ങളിലായി നൽകി വരുന്നത്.

ടിഎംഎ കാഴ്ചവച്ച സമർപ്പിത സാമൂഹിക, സന്നദ്ധ സേവനങ്ങൾക്കും മികച്ച പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് പോൾ തോമസ് പറഞ്ഞു. പുരസ്‌കാരം നേട്ടം ഭാവി പ്രവർത്തനങ്ങളെ കൂടുതൽ ഉത്തരവാദിത്തപൂർണമാക്കുന്നുവെന്നും ഏറ്റവും മികവോടെ തന്നെ സേവനങ്ങൾ തുടരാൻ പരിശ്രമിക്കുമെന്നും പ്രസിഡന്റ് സിഎ ജിയോ ജോബ് പറഞ്ഞു.