- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ തുറമുഖവികസനത്തിന്റെ മുഖമായി മാറാനൊരുങ്ങി കൊച്ചി
കൊച്ചി, 28 സെപ്റ്റംബർ 2023: കപ്പൽ മാർഗ്ഗത്തിലൂടെയുള്ള ചരക്കുനീക്കത്തിൽ ഇക്കൊല്ലം രണ്ടാംപാദത്തിൽ കൊച്ചി 21.8% വളർച്ച കൈവരിച്ചതായി കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ. ആഗോള മാരിടൈം ഉച്ചകോടിയുടെ മൂന്നാംപതിപ്പിന് മുന്നോടിയായി കൊച്ചിയിൽ നടത്തിയ പ്രത്യേക റോഡ്ഷോയ്ക്ക് വേണ്ടി നൽകിയ വീഡിയോ സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര തുറമുഖ, കപ്പൽ, ജലഗതാഗത വകുപ്പിന് വേണ്ടി കൊച്ചിൻ പോർട്ട് അഥോറിറ്റിയും കൊച്ചിൻ ഷിപ്യാർഡും സംയുക്തമായാണ് ലെ മെറിഡിയൻ ഹോട്ടലിൽ റോഡ്ഷോ സംഘടിപ്പിച്ചത്.
കേരളത്തിലെ തീരദേശ വിഭവസമ്പത്തും തുറമുഖങ്ങളും സംസ്ഥാനത്തെ സാമ്പത്തികവളർച്ചയിലേക്ക് നയിക്കുമെന്നും, രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക ഇടനാഴികളിൽ കൊച്ചിക്ക് ശ്രദ്ധേയമായ സ്ഥാനമുണ്ടെന്നും കേന്ദ്ര തുറമുഖ, കപ്പൽ, ജലഗതാഗത വകുപ്പ് മന്ത്രി ശ്രീ. സർബാനന്ദ സോനോവാൾ പറഞ്ഞു. വിഴിഞ്ഞത്തും വല്ലാർപ്പാടത്തും നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന വൻപദ്ധതികളും കൊച്ചിയിലെ വാട്ടർ മെട്രോയും പരിപാടിയിൽ ചർച്ചയായി.
കേരളത്തിലേതുൾപ്പെടെ, രാജ്യത്തെ എല്ലാ തീരദേശമേഖലകളുടെയും സ്വാഭാവിക സവിശേഷതകളും സമ്പത്തും പ്രയോജനപ്പെടുത്തി വാണിജ്യ, ടൂറിസം മേഖലകൾക്ക് ഊർജം പകരാനാണ് ശ്രമമെന്ന് കേന്ദ്ര തുറമുഖവകുപ്പ് സഹമന്ത്രി ശ്രീ ശാന്തനു താക്കൂർ പറഞ്ഞു. ഈ രംഗത്ത് കൂടുതൽ നിക്ഷേപങ്ങളും സഞ്ചാരികളെയും ആകർഷിക്കാൻ കേരളത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനുവേണ്ടി അടിസ്ഥാനസൗകര്യ വികസനത്തിലും നിയമനിർമ്മാണത്തിലും സർക്കാർ പ്രത്യേക ശ്രദ്ധ നൽകും.
പ്രതിവർഷം 35 ദശലക്ഷം മെട്രിക് ടൺ ചരക്കാണ് കൊച്ചിയിലൂടെ കടന്നുപോകുന്നത്. രാജ്യത്തെ 12 പ്രധാന തുറമുഖങ്ങളിൽ കൊച്ചിയുടെ സാന്നിധ്യവും സംഭാവനകളും അവഗണിക്കാനാവാത്തതാണെന്ന് കൊച്ചിൻ പോർട്ട് അഥോറിറ്റി അധ്യക്ഷ ഡോ. ബീന എം IAS പറഞ്ഞു. നിർമ്മാണം പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ ആദ്യത്തെ മെഗാ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ ടെർമിനലായ വിഴിഞ്ഞം തുറമുഖം, പരിസ്ഥിതി സൗഹാർദ്ദവും സുസ്ഥിരവുമായ ചരക്കുനീക്കത്തിന് വഴിയൊരുക്കും.
പരിപാടിയിൽ കൊച്ചിൻ പോർട്ട് അഥോറിറ്റിയുടെ ഉപാധ്യക്ഷൻ ശ്രീ വികാസ് നർവാൾ രാജ്യത്തെ തുറമുഖങ്ങളെ കുറിച്ച് വിശദമായി കാണികൾക്ക് പരിചയപ്പെടുത്തിയ പ്രസേന്റ്റേഷൻ അവതരിപ്പിച്ചു. ഇന്ത്യയിലെ ചെറുതും വലുതുമായ ഇരുന്നൂറോളം തുറമുഖങ്ങളിൽ കൊച്ചിയുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യത്താകെയുള്ള 28 കപ്പൽ നിർമ്മാണശാലകളിൽ ഏറ്റവും വലുതാണ് കൊച്ചിയിൽ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുമായി സമുദ്രമാർഗം വാണിജ്യബന്ധത്തിലേർപ്പെട്ടിട്ടുള്ളത് നൂറോളം രാജ്യങ്ങളാണ്. അതിൽ 1.3% കടന്നുപോകുന്നതുകൊച്ചി തുറമുഖത്തിലൂടെയാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കപ്പലുകൾ പുനരുപയോഗിക്കുന്നതിൽ ഇന്ത്യയ്ക്ക് ലോകത്തെ രണ്ടാം സ്ഥാനവും ലോജിസ്റ്റിക്സ് സംവിധാനങ്ങളുടെ മികവിൽ മുപ്പത്തിയെട്ടാം സ്ഥാനവുമാണുള്ളതെന്ന് വികാസ് നർവാൾ പറഞ്ഞു.
വിഴിഞ്ഞം, വാട്ടർ മെട്രോ എന്നിവയ്ക്ക് സമാനമായ കൂടുതൽ പദ്ധതികളിലൂടെ ആഗോളഭൂപടത്തിൽ കേരളത്തിലെ തുറമുഖങ്ങളുടെ സ്ഥാനം ഉയർത്തുമെന്ന് സംസ്ഥാന ഫിഷറീസ്, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. കെ.എസ്. ശ്രീനിവാസ് ഐഎഎസ് പറഞ്ഞു. കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് ചെയർമാൻ മധു എസ് നായർ പരിപാടിയിൽ കൃതജ്ഞത രേഖപ്പെടുത്തി.
മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് എസ്ഇസെഡ് ലിമിറ്റഡിന്റെ സി.എം.ഡി എൽ. രാധാകൃഷ്ണൻ, ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിന്റെ എംഡി സുനിൽ മുകുന്ദൻ, സി.എസ്,എൽ CMD രാജേഷ് ഗോപാലകൃഷ്ണൻ, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ് പിള്ള, വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ചീഫ് പ്രോജക്ട് ഓഫിസർ ഡോ. സന്തോഷ് സത്യപാൽ, ഡിപി വേൾഡ് സി.ഇ.ഓ പ്രവീൺ തോമസ് ജോസഫ്, കൊച്ചിൻ പോർട്ട് അഥോറിറ്റി ട്രാഫിക് മാനേജർ വിപിൻ ആർ മേനോത് എന്നിവർ പങ്കെടുത്തു.
ഒക്ടോബർ 17 മുതൽ 19 വരെ മുംബൈ ബികെസിയിലുള്ള എം.എം.ആർ.ഡി.എ ഗ്രൗണ്ടിലാണ് ഇക്കൊല്ലത്തെ ആഗോള മാരിടൈം ഉച്ചകോടി നടക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നത്. സമുദ്രമേഖലയിലെ വളർച്ചയും പരസ്പരസഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഉച്ചകോടിയും അതിനോടനുബന്ധിച്ചുള്ള പരിപാടികളും സംഘടിപ്പിക്കുന്നത്. കൊച്ചിൻ പോർട്ട് അഥോറിറ്റിയും കൊച്ചിൻ ഷിപ്യാർഡും ചേർന്നാണ് കൊച്ചിയിലെ പരിപാടികൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും. ''കൂട്ടിയിണക്കുക, സഹകരിക്കുക, നിർമ്മിക്കുക'' എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം. ഇന്ത്യൻ വാണിജ്യ വ്യവസായ ചേംബറുമായുള്ള (FICCI) പ്രത്യേക പങ്കാളിത്തത്തോടെയാണ് ഇത്തവണത്തെ ഉച്ചകോടി സംഘടിപ്പിക്കുന്നത്.