- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെ.ബി.കോശി കമ്മീഷന്റെ ക്രൈസ്തവ ന്യൂനപക്ഷ റിപ്പോർട്ട് പുറത്തുവിടുക: സിബിസിഐ ലെയ്റ്റി കൗൺസിൽ
കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുവാനും ക്ഷേമപദ്ധതികൾ നിർദ്ദേശിക്കുവാനും നിയോഗിക്കപ്പെട്ട ജെ.ബി.കോശി കമ്മീഷൻ 2023 മെയ് 17ന് സംസ്ഥാന സർക്കാരിന് നേരിട്ട് സമർപ്പിച്ച റിപ്പോർട്ട് രഹസ്യമാക്കി വെക്കാതെ പൂർണ്ണരൂപം അടിയന്തരമായി പുറത്തുവിടണമെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി. സെബാസ്റ്റ്യൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ നടത്തിയ സിറ്റിംഗുകളിലും നേരിട്ടും കമ്മീഷന് 5 ലക്ഷത്തോളം നിർദ്ദേശങ്ങൾ ലഭിച്ചതും രണ്ടര വർഷക്കാലം പഠനം നടത്തി സമർപ്പിച്ചതുമായ പഠനരേഖകളും ക്ഷേമപദ്ധതി നിർദ്ദേശങ്ങളും സർക്കാർ വളരെ രഹസ്യമാക്കി വെയ്ക്കുന്നതിൽ ദുരൂഹതയുണ്ട്.
മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് ന്യൂനപക്ഷ ക്ഷേമവകുപ്പിന് തുടർ നടപടികൾക്കായി കൈമാറിയെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരങ്ങൾ. ന്യൂനപക്ഷ ക്ഷേമവകുപ്പാകട്ടെ കാലങ്ങളായി തുടരുന്ന ക്രൈസ്തവ നീതിനിഷേധവും വിവേചനവും തുടരുന്നു. ജനങ്ങളുടെ അറിവിലേയ്ക്കായി ക്രൈസ്തവ പിന്നോക്കാവസ്ഥ പഠന റിപ്പോർട്ടുപോലും പുറത്തിറക്കാതെയുള്ള സർക്കാർ സംവിധാനങ്ങളുടെ ഒളിച്ചോട്ടം അവസാനിപ്പിക്കണം. വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനുമുമ്പ് റിപ്പോർട്ടിന്റെ നടപ്പാക്കലിനുവേണ്ടി പഠിക്കുവാൻ ഒരു വിദഗ്ദ്ധസമിതിയെ പ്രഖ്യാപിച്ച് സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷത്തെ സർക്കാർ വിഢികളാക്കാൻ നോക്കണ്ട. ജെ.ബി.കോശി കമ്മീഷൻ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിന്റെ പൂർണ്ണരൂപം സർക്കാർ അടിയന്തരമായി ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും സമയബന്ധിതമായി ക്രൈസ്തവ സമൂഹത്തിന്റെ സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥ മുഖവിലയ്‌ക്കെടുത്ത് ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് നടപ്പിലാക്കുകയും ചെയ്യണമെന്ന് വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.