തിരുവനന്തപുരം, ഒക്ടോബർ 3, 2023: രാജ്യത്തെ വിവിധ കോളേജ്, സർവകലാശാലാ വിദ്യാർത്ഥികൾക്കായി പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോമേഷൻ സൊലൂഷൻസ് കമ്പനി യു.എസ്.ടി സംഘടിപ്പിച്ച ഡീകോഡ് ഹാക്കത്തോൺ 2023 വിജയികളെ പ്രഖ്യാപിച്ചു. മുംബൈ ദ്വാരകദാസ് ജെ സാംഘ്വി കോളേജ് ഓഫ് എഞ്ചിനീറിംഗിലെ അലൻ ജോർജ്ജ്, മിഹിർ ഷിൻഡെ, ഹർഷ് ഭവേഷ് ഷാ, മനൻ സഞ്ജയ് ഷാ എന്നിവരടങ്ങുന്ന ടീം മസാല പാപഡ് ഒന്നാം സമ്മാനം നേടി. സിൽച്ചർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രകാശ് ദേവനാനി, പ്രഖാർ സക്‌സേന, ഗ്യാൻദീപ് കാലിത, ഈഷ ഹാൽദർ എന്നിവരടങ്ങുന്ന ടീം ജാർവിസ് രണ്ടാം സമ്മാനവും; തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീറിംഗിലെ (സി ഇ ടി) സൂരജ് മാത്യു, റിഷിൻ ആർ, സിദ്ധാർഥ് സജീവ്, ഹരി വി എന്നിവരടങ്ങുന്ന ടീം ജെനെസിസ് മൂന്നാം സമ്മാനവും നേടി. ലക്‌നൗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീറിങ് ആൻഡ് ടെക്‌നോളജിയിലെ ഹർഷിത് ചൗരാസിയ, പ്രതീക് പാൽ, ഹിമാൻഷു സിങ്, മായ്ദാ ഇഫ്തിക്കർ ചികാൻ എന്നിവരടങ്ങിയ ടീം കോഡ് റെഡ്; തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീറിംഗിലെ (സി ഇ ടി) പ്രണവ് സതീഷ്, ശ്രീഹരി എസ്, റിച്ചാർഡ് ജോസഫ്, അഖിൽ ബിനോയ് വെട്ടിക്കൽ എന്നിവരടങ്ങിയ ടീം സീറോ എന്നിവർ ഹോണററി പുരസ്‌ക്കാരത്തിനും അർഹരായി.

ഒന്നാം സമ്മാനം നേടിയ ടീമിന് ഏഴ് ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷവും, മുന്നാമതെത്തിയവർക്ക് മൂന്ന് ലക്ഷം രൂപയുമാണ് പുരസ്‌ക്കാരം. ഹോണററി പുരസ്‌ക്കാരം നേടിയ രണ്ട് ടീമുകൾക്ക് രണ്ട് ലക്ഷം രൂപ വീതം നൽകി. കൂടാതെ, മികച്ച അഞ്ച് ടീമുകളിലെ ഓരോ അംഗത്തിന്റെയും അസാധാരണമായ കഴിവുകൾ കണക്കിലെടുത്ത് യു എസ് ടി സോപാധികമായ ജോലി ഓഫറുകളും നൽകി.

നവീനമായ ആശയങ്ങളാണ് വിദ്യാർത്ഥികൾ കാഴ്ച വച്ചത്. സൃഷ്ടിവൈഭവം, കണ്ടുപിടുത്തം, ഭാവിയിലേക്ക് സഹായകമായ സാങ്കേതികവിദ്യ എന്നിവയിലുള്ള മികവ് തെളിയിക്കുന്ന മത്സരങ്ങളിൽ വിജയികളായവർക്ക് വലിയ സമ്മാനങ്ങളാണ് നൽകുന്നത്. ഒപ്പം, വിദ്യാർത്ഥികളുടെ സർഗ്ഗശേഷി, പ്രശ്‌ന പരിഹാരത്തിനുള്ള മികവ്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗിലുള്ള വൈദഗ്ധ്യം എന്നിവ അളക്കാനുള്ള വേദി കൂടിയാവുകയായിരുന്നു ഡീകോഡ് ഹാക്കത്തോൺ.

ഡീകോഡ്ത്രി ഹാക്കത്തോൺ 2023 പുതുതലമുറയ്ക്ക് കഴിവുകൾ പ്രദർശിപ്പിക്കാനും സർഗ്ഗാത്മകത, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവ തെളിയിക്കാനുമുള്ള വേദിയൊരുക്കിയെന്ന്, യു എസ് ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മനു ഗോപിനാഥ് പറഞ്ഞു. 'വിജയികളുടെ അസാധാരണമായ പ്രകടനത്തെ അഭിനന്ദിക്കുന്നു. എല്ലാ പ്രതിനിധികളും നൂതനമായ പരിഹാരങ്ങൾ മുന്നോട്ടുവെച്ചു. അനുമാനങ്ങളെ പുനർവിചിന്തനം ചെയ്യാനും പരമ്പരാഗത രീതികളെ വെല്ലുവിളിക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും അവർക്ക് കഴിഞ്ഞു. യുഎസ് ടി, ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ തയ്യാറെടുക്കുമ്പോൾ എല്ലാ തലത്തിലുമുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഹായകമായ താക്കോലാണ് ജനറേറ്റീവ് എഐയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,' മനു ഗോപിനാഥ് പറഞ്ഞു.

ഡാറ്റ അധിഷ്ഠിതമാക്കി ഉയർന്ന നിലവാരമുള്ള ടെക്സ്റ്റ്, ഇമേജ്, മറ്റ് ഉള്ളടക്കങ്ങൾ എന്നിവ സൃഷ്ടിക്കുന്നതിനുള്ള ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, നൂതന ആശയങ്ങളിലും സർഗാത്മകതയിലും വിപ്ലകരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള അവയുടെ സാധ്യതകൾ, ഉപയോക്താക്കൾ എങ്ങനെയാണ് സാങ്കേതികവിദ്യയുമായി സമ്പർക്കം പുലർത്തുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് വിദ്യാർത്ഥി പ്രതിനിധികൾ കൂടുതൽ അന്വേഷിച്ചതും അറിയാൻ ശ്രമിച്ചതും. ഹാക്കത്തോണിലൂടെ അടുത്ത തലമുറയിലെ ഡിജിറ്റൽ എൻഞ്ചിനിയർമാരെ യു.എസ്.ടിയുടെ തിരുവനന്തപുരത്തെ മനോഹരമായ ക്യാമ്പസിൽ ഒരുമിച്ച് അണിനിരത്താനും അവരെ പരസ്പരം കോർത്തിണക്കി പ്രോഗ്രാമിങ്, എൻഞ്ചിനിയറിങ് വൈദഗ്ധ്യം എന്നിവ വികസിപ്പിക്കാനും ഉള്ള അവസരവും കമ്പനി ഒരുക്കി.

ഈ വർഷത്തെ ഡീകോഡ് ഹാക്കത്തോണിന് അഭൂതപൂർവമായ പ്രതികരണമാണ് ലഭിച്ചത്, ഇന്ത്യയിലുടനീളമുള്ള കോളേജുകളിൽനിന്നും സർവകലാശാലകളിൽ നിന്നും ഏകദേശം 12,000 അപേക്ഷകൾ ലഭിച്ചു. മൂന്ന് റൗണ്ടുകളായിരുന്നു മത്സരം. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകർക്ക് യു.എസ്.ടിയിൽ പല മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരെയും നൂതന ആശയങ്ങൾ ആവിഷ്‌ക്കരിക്കുന്ന ഉദ്യോഗസ്ഥരെയും കാണാനും ഉപഭോക്താക്കൾക്കും സമൂഹത്തിനുമുള്ള ആശയവും മൂല്യനിർമ്മാണ പ്രക്രിയയും സംബന്ധിച്ച ഉൾക്കാഴ്ച നേടാനും അവസരം ലഭിച്ചു. തുടർന്ന് പ്രോഗ്രാമിങ് ചലഞ്ച് റൗണ്ട്, വീഡിയോ അഭിമുഖങ്ങൾ എന്നിവ നടന്നു. 2023 സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 1 വരെ 24 മണിക്കൂർ ഓൺസൈറ്റ് ഹാക്കത്തോണിനായി മികച്ച അഞ്ച് ടീമുകളെ യു എസ് ടി തിരുവനന്തപുരം കാമ്പസിലേക്ക് ക്ഷണിച്ചു.

യു എസ് ടി വർഷം തോറും തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഡീ 3 ആഗോള സാങ്കേതിക സമ്മേളനത്തിനു മുന്നോടിയായണ് ഹാക്കത്തോൺ നടന്നത്. ക്ഷണിക്കപ്പെട്ടവർക്കായി മാത്രം നടത്തുന്ന ഡീ 3 (ഡ്രീം, ഡെവലപ്, ഡിസ്‌റപ്റ്റ്) സാങ്കേതിക സമ്മേളനം ആറാം വർഷത്തിലേക്കു കടക്കുമ്പോൾ ഒക്ടോബർ അഞ്ചിന് തിരുവനന്തപുരം ഹയാത്ത് റീജൻസി വേദിയാകും. ടെക്‌നോളജി എക്‌സ്‌പോ, പ്രമുഖരായ പ്രഭാഷകരുടെ പ്രഭാഷണങ്ങൾ, എന്നിവ കൂടാതെ ഒക്ടോബർ അഞ്ചിന് ഏകദിന സമ്മേളനം എന്നിവ നടക്കും. ജനറേറ്റീവ് എഐയിലെ ഏറ്റവും പുതിയ ട്രെൻഡുകളും മുന്നേറ്റങ്ങളും ബിസിനസ്സിലെ അവയുടെ മൂല്യവും ചർച്ച ചെയ്യാൻ വ്യവസായ പ്രമുഖർ, ഡിജിറ്റൽ സ്ട്രാറ്രജിസ്റ്റുകൾ, സാങ്കേതിക വിദഗ്ദ്ധർ എന്നിവരെ ഡി3 ഒരുമിച്ച് കൊണ്ടുവരും.

യു എസ് ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മനു ഗോപിനാഥ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പ്രഭാഷകനും ടെലിവിഷൻ അവതാരകനുമായ ഹെൻട്രി അജ്ദർ, ടെക് വിസ്പറർ ലിമിറ്റഡ് സ്ഥാപകൻ ജസ്പ്രീത് ബിന്ദ്ര, പെകാൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. സോഹർ ബ്രോൺഫ്മാൻ, മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ചീഫ് ടെക്നോളജി ഓഫീസർ ഡോ. രോഹിണി ശ്രീവത്സ, ഹീറോ മോട്ടോകോർപ്പിലെ സീനിയർ ജനറൽ മാനേജർ സമിത് ഗൊറൈ, സ്റ്റാൻഫോർഡ് എഐ ലാബ്സിലെ സ്ട്രാറ്റജിക് റിസർച്ച് ഇനിഷ്യേറ്റീവ്‌സ് ജോയിന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോസഫ് ഹുവാങ്, യു എസ് ടിയുടെ യുകെ ഡാറ്റാ വിഭാഗം മേധാവി ഹെതർ ഡാവ്, യുഎസ്‌ടി ചീഫ് എഐ ആർക്കിടെക്റ്റ് ഡോ. അദ്‌നാൻ മസൂദ് എന്നിവർ ജനറേറ്റീവ് എഐയുടെ വഴിയിലെ അപകടസാധ്യതകൾ, ധാർമ്മിക പരിഗണനകൾ എന്നിവയെ കുറിച്ച് ചർച്ച ചെയ്യും. യുഎസ്‌ടിയുടെ ബിസിനസ്സിൽ ജനറേറ്റീവ് എഐയുടെ വിപ്ലവകരമായ സ്വാധീനം, പുതിയ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വികസനം, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തൽ, ഉപയോക്താക്കളുടെ അനുഭവം എന്നീ കാര്യങ്ങളിൽ സാധ്യമായ ആപ്ലിക്കേഷനുകളെക്കുറിച്ചും സംസാരിക്കും.