കോട്ടയം: വന്യജീവികൾ വനത്തിൽ നിന്ന് പുറത്തിറങ്ങി ജനവാസമേഖലയിൽ മനുഷ്യനെ കടിച്ചുകീറി കൊലചെയ്യുമ്പോഴും മുതലക്കണ്ണീർ പൊഴിച്ച് ഒളിച്ചോട്ടം നടത്തുന്ന ഭരണനേതൃത്വങ്ങൾ മനുഷ്യമൃഗങ്ങൾക്ക് തുല്യരെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യ കൺവീനർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക രക്ഷാവാരത്തിന്റെ സംസ്ഥാതല ഉദ്ഘാടനം കോട്ടയം കളക്റ്റ്രേറ്റ് പടിക്കൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്യജീവികളെ സംരക്ഷിക്കുവാൻ ജനങ്ങളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുന്ന വനംവകുപ്പിന്റെ വന്യജീവി വാരാഘോഷം തട്ടിപ്പാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ രാജ്യാന്തര സാമ്പത്തിക ഏജൻസികളുമായി കേരളത്തിലെ പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ നേതാക്കളും വനംവകുപ്പു സംവിധാനങ്ങളും നടത്തുന്ന സാമ്പത്തിക ഇടപാടുകൾ അന്വേഷണ വിധേയമാക്കണം. നെൽ കർഷകരെ സംരക്ഷിക്കുന്നതിൽ സർക്കാർ സമ്പൂർണ്ണ പരാജയമായിരിക്കുന്നു. സംഭരിച്ച നെല്ലിന്റെ പണം നൽകാത്ത സർക്കാരിന്റെ കർഷക സ്നേഹം കാപട്യമാണ്. ഭരണനേതൃത്വങ്ങളുടെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും ഈ നാടിന്റെ അസ്ഥിവാരം തകർക്കുന്നു. കടമെടുത്തു കൊള്ള നടത്തുവാനും, ജീവനക്കാർക്ക് ശമ്പളം നൽകുവാനും മാത്രമായി ഒരു ഭരണ സംവിധാനത്തിന്റെ ആവശ്യമുണ്ടോയെന്ന് ജനങ്ങൾ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. റബർ മേഖല നേരിടുന്ന വിലത്തകർച്ച വരുംനാളുകളിൽ രൂക്ഷമാകും. പുത്തൻ വ്യാപാര കരാറുകൾ റബർ മേഖലയെ കുത്തുപാളയെടിപ്പിക്കും. ആരും സംരക്ഷണമേകാനില്ലാത്തപ്പോൾ കർഷകർ കൃഷി ഉപേക്ഷിച്ച് മറ്റു ജീവിതമാർഗ്ഗങ്ങൾ തേടുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

കർഷക രക്ഷാവാരം സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. കർഷക സംഘടനാ പ്രതിനിധികൾ കർഷക രക്ഷാ പ്രതിജ്ഞയെടുത്തു. എൻഎഫ്ആർപിഎസ് ദേശീയ ചെയർമാൻ ജോർജ് ജോസഫ് വാതപ്പള്ളി കർഷക രക്ഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ കർഷക സംഘടനകളുടെ ദേശീയ സംസ്ഥാന നേതാക്കളായ പ്രെഫ.ജോസുകുട്ടി ഒഴുകയിൽ, വി.ജെ.ലാലി, റോജർ സെബാസ്റ്റ്യൻ, താഷ്‌കന്റ് പൈകട, മനു ജോസഫ്, ജിന്നറ്റ് മാത്യു, ആയാംപറമ്പ് രാമചന്ദ്രൻ, ജോർജ് സിറിയക്, സിറാജ് കൊടുവായൂർ, ഉണ്ണികൃഷ്ണൻ ചേർത്തല, ജോർജ് ജോസഫ് തെള്ളിയിൽ, വർഗീസ് കൊച്ചുകുന്നേൽ, ബേബിച്ചൻ എർത്തയിൽ, ഹരിദാസ് കല്ലടിക്കോട്, ചാക്കപ്പൻ ആന്റണി, പി.രവീന്ദ്രൻ, ജിമ്മിച്ചൻ നടുച്ചിറ, വിദ്യാധരൻ സി.വി., അപ്പച്ചൻ ഇരുവേലിൽ, ഷാജി തുണ്ടത്തിൽ, സജീഷ് കുത്താനൂർ, സജി പുതുമന, ജോസഫ് വടക്കേക്കര, എബ്രാഹം മുറേലി, ബാബു കുട്ടഞ്ചിറ, ബിജോയ് പ്ലാത്താനം എന്നിവർ പ്രസംഗിച്ചു.

കർഷക രക്ഷാവാരത്തിന്റെ ഭാഗമായി തുടർന്നുള്ള ഒരാഴ്ചക്കാലം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് കർഷകരക്ഷാ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതും കർഷകരക്ഷാ പ്രതിജ്ഞയെടുക്കു ന്നതുമാണ്. വിവിധ കർഷക സംഘടനകളും യുവജനവിദ്യാർത്ഥി പ്രതിനിധികളും സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധസംഘടനകളും പങ്കുചേരുമെന്ന് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് പറഞ്ഞു.