കൊച്ചി, ഒക്ടോബർ 09, 2023: കൊച്ചിയിൽ നടന്ന പതിനാറാമത് അന്താരാഷ്ട്ര സൈബർ സുരക്ഷാ സമ്മേളനമായ കൊക്കൂൺ@16ൽ, യു. എസ്. ടിയുടെ ടീം ടാലോൺ വിജയികളായി. ഹാക്കിങ് മത്സരമായ ഡോം സി.ടി.എഫിൽ വിജയിച്ച കമ്പനിയുടെ ടീം അംഗങ്ങളായ ജിനീഷ് കുറിയേടത്ത്, സമീഹ് വാരിക്കുന്നത്ത് എന്നിവർ ഒരു ലക്ഷം രൂപ സമ്മാനം നേടി. യു.എസ്.ടി ജീവനക്കാരായ ഡേവിസ് സോജനും മുഹമ്മദ് ഷൈനും ഉൾപ്പെട്ട ടീം നവംബർ_ ബ്രാവോ രണ്ടാം സമ്മാനം കരസ്ഥമാക്കി. ഒക്ടോബർ 4 മുതൽ 7 വരെ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ കേരള പൊലീസും ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷനും ചേർന്നാണ് കൊക്കൂണിന്റെ പതിനാറാമത് സമ്മേളനം സംഘടിപ്പിച്ചത്.

വ്യവസായ മന്ത്രി പി.രാജീവും ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥും ചേർന്ന് പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. കൊക്കൂൺ സമ്മേളനത്തിന്റെ ഭാഗമായി കേരളാ പൊലീസ് സൈബർഡോമും ബീഗിൾ സെക്യൂരിറ്റിയും സംയുക്തമായി നടത്തിയ ഹാക്കിങ് മത്സരമായ ഡോംസി.ടി.എഫിൽ 24 മണിക്കൂറിനുള്ളിൽ ജെഡികോർപ്പ് എന്ന സാങ്കല്പിക കമ്പനിയുടെ ആപ്ലിക്കേഷനുകളും നെറ്റ് വർക്കുകളും ഹാക്ക് ചെയ്യുന്നതായിരുന്നു മത്സരം. ടാലോൺ ടീം ക്രിപ്‌റ്റോഗ്രഫി, ബ്ലോക്ക്‌ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, വെബ് ആപ്ലിക്കേഷനുകൾ, സ്റ്റെനോഗ്രാഫി എന്നിവ ഉൾപ്പെടുന്ന 18 വെല്ലുവിളികൾ വിജയകരമായി പരിഹരിച്ചു, മൊത്തം സ്‌കോർ 1600 നേടുകയും ചെയ്തു, 'നവംബർ_ബ്രാവോ' 17 വെല്ലുവിളികൾ വിജയകരമായി പരിഹരിച്ചു, മൊത്തം സ്‌കോർ 1550.

'സൈബർ സുരക്ഷാ മേഖലയിലെ പ്രതിഭകളെ തിരിച്ചറിയുന്നതിനും വളർത്തിക്കൊണ്ടുവരുന്നതിനുമുള്ള പ്രധാന വേദിയാണ് ക്യാപ്ചർ ദി ഫ്‌ളാഗ് (സിടിഎഫ്) മത്സരങ്ങളെന്ന് യു.എസ്.ടി ഇൻഫർമേഷൻ സെക്യൂരിറ്റി ആഗോള മേധാവി ആദർശ് നായർ പറഞ്ഞു. ഞങ്ങളുടെ ഇൻഫർമേഷൻ സെക്യൂരിറ്റി ടീമിന്റെ ഈ നേട്ടം അർപ്പണബോധം, പ്രതിബദ്ധത, കഴിവ് എന്നിവയുടെ മികച്ച ഉദാഹരണമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈബർ സുരക്ഷാമേഖലയിൽ താൽപര്യമുള്ള ഹാക്കർമാർക്ക് കഴിവുകൾ പ്രകടിപ്പിക്കാനും ലോകമെമ്പാടും സൈബറിടങ്ങളിൽ നടക്കുന്ന നുഴഞ്ഞുകയറ്റങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനും നിയമപരമായി പ്രവർത്തിക്കുന്ന ഹാക്കർമാരെ പ്രാപ്തരാക്കുന്നതിനുമാണ് ഡോംസി.ടി.എഫ് സംഘടിപ്പിച്ചത്. കേരള പൊലീസും ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷനും (ഐ.എസ്.ആർ.എ) സംയുക്തമായി സംഘടിപ്പിച്ച കൊക്കൂൺ@16, രാജ്യത്തിന്റെ എല്ലാ മേഖലകളിലുമുള്ള സൈബർ സുരക്ഷാ പ്രേമികളെയും വിദഗ്ധരെയും എത്തിക്കൽ ഹാക്കർമാരെയും ആകർഷിച്ചു.