കൊച്ചി: ഭീകരവാദത്തെ വെള്ളപൂശാൻ ശ്രമിക്കുന്നവർ ഭാവിയിൽ വൻ ദുരന്തങ്ങൾ ബോധപൂർവ്വം ക്ഷണിച്ചുവരുത്തുമെന്നും മനുഷ്യരാശിയുടെ നാശത്തിനിടനൽകുന്ന ഭീകരവാദവും യുദ്ധവും എതിർക്കപ്പെടേണ്ടതും സമാധാനം സ്ഥാപിച്ച് അവസാനിപ്പിക്കേണ്ടതുമാണെന്നും കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ പറഞ്ഞു.

ആഗോള ആഭ്യന്തര ഭീകരവാദങ്ങൾ ശക്തിപ്പെടുന്നത് ആശങ്കയുണർത്തുന്നതാണ്. രക്തരൂക്ഷിത വിപ്ലവങ്ങളും പ്രത്യയശാസ്ത്രങ്ങളും കാലഹരണപ്പെട്ടിരിക്കുമ്പോൾ മതങ്ങളെയും വിശ്വാസങ്ങളെയും ആയുധങ്ങളാക്കി അക്രമങ്ങൾ അഴിച്ചുവിടുന്നത് ഭീതിയുളവാക്കുന്നു. രാജ്യാന്തര ഭീകരവാദത്തിന്റെ അടിവേരുകൾ കേരളത്തിലുണ്ടെന്നുള്ള യുഎൻ റിപ്പോർട്ടും സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരായിരുന്നവരുടെ മുൻകാല വെളിപ്പെടുത്തലുകളും കേന്ദ്ര ഏജൻസികൾ തുടർച്ചയായി നടത്തുന്ന അന്വേഷണങ്ങളും, കണ്ടെത്തിരിക്കുന്ന തെളിവുകളും നിസാരവൽക്കരിക്കരുത്. രാഷ്ട്രീയ നേട്ടത്തിനായി മതഭീകരതയെ പുകഴ്‌ത്തി ന്യായീകരിക്കുന്നവർ സ്വന്തം മണ്ണിൽ നിന്ന് ആട്ടിപ്പായിക്കപ്പെട്ടിരിക്കുന്ന അർമീനിയൻ ക്രിസ്ത്യാനികളെയും തുർക്കിയിലെ ഹാഗിയ സോഫിയയും മണിപ്പൂരിലെ ക്രൈസ്തവ പീഡനവും കാണാതെ പോകരുത്.

മതവികാരങ്ങളുണർത്തി ഭീകരവാദികൾ അഴിഞ്ഞാടി കലാപങ്ങളും അക്രമങ്ങളും അഴിച്ചുവിടുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ലോകജനതയെ ഒന്നാകെയാണ് ബാധിക്കുന്നത്. കേരളമുൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇസ്രയേലിൽ ജോലിചെയ്യുന്ന അനേകായിരങ്ങളുടെ ജീവന് സംരക്ഷണമേകി ആശങ്കകൾ മാറ്റേണ്ട ഉത്തരവാദിത്വം സർക്കാരുകളും ജനപ്രതിനിധികളും അടിയന്തരമായി നിർവ്വഹിക്കണം. മനുഷ്യനെ നിഷ്ഠൂരമായി ആക്രമിച്ച് ജീവനെടുക്കുന്ന അതിക്രൂരതയ്‌ക്കെതിരെ മനുഷ്യമനഃസാക്ഷി ഉണരണമെന്നും, ഭീകര താണ്ഡവങ്ങൾക്ക് അവസാനം കണ്ടെത്തി സമാധാനം അടിയന്തരമായി പുനഃസ്ഥാപിക്കപ്പെടണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.